മരട്: വയോധികയായ വൃദ്ധയെ പുറത്താക്കി അവര്‍ താമസിച്ചിരുന്ന വീട് ഇടിച്ചുനിരത്തിയ സംഭവത്തില്‍ മകനെതിരെ കോടതി കേസെടുത്തു. മരട് ബിടിസി റോഡിലാണ് സംഭവം. തനിക്കുകൂടി അവകാശപ്പെട്ട സ്വന്തം വീട്ടില്‍ അന്തിയുറങ്ങിയിരുന്ന രോഗികൂടിയായ മരട് തോഷ്ണാശേരി വിരോണി എന്ന 82കാരിയായ വൃദ്ധമാതാവിനാണ് സ്വന്തം മകനില്‍നിന്നും ഈ ദുരനുഭവം. ഗുണ്ടകളെ ഇറക്കി വീട് കയ്യേറുകയും സ്വന്തം അമ്മയെ പുറത്താക്കി വീട് തകര്‍ക്കുകയും ചെയ്തതിന് മകന് ജോസഫി(58)നെതിരെയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തത്. പ്രൊട്ടക്ഷന്‍ ഓഫ് വുമണ്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്ട് 12-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ നടപടി.
വരോണിയും ഭര്‍ത്താവ് റാഫേലും മക്കളും ഒന്നിച്ച് താമസിച്ചിരുന്നതാണ് തോഷ്ണാശ്ശേരി എന്ന തറവാട് വീട്. വൈറ്റില ലാന്റ് ട്രൈബ്യൂണലില്‍നിന്നും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുടികിടപ്പായി ലഭിച്ച സ്ഥലത്താണ് അഞ്ച് പെണ്മക്കളും മകന് ജോസഫും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ഇതിനിടെ അച്ഛന് റാഫേല്‍ മരണമടഞ്ഞു. വീടും പുരയിടവും ആറ് മക്കള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണെങ്കിലും ഇവ ഒറ്റയ്ക്ക് കൈക്കലാക്കാന്‍ മകന് ശ്രമിച്ചുവന്നിരുന്നതായി വൃദ്ധമാതാവ് വിരോണി പറയുന്നു. ഇതിനെ എതിര്‍ത്ത തന്നേയും മറ്റ് മക്കളേയും മകന് ജോസഫ് നിരന്തരം ഭീഷണിപ്പെടുത്തിവരികയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഇതിനിടെ ഈ പുരയിടത്തില്‍ സ്വന്തമായി ജോസഫ് ഒരു ഇരുനില കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. സമീപത്ത് തന്നെയുള്ള പഴയ തറവാട്ട് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മാതാവിനെ പുറത്താക്കിയാണ് വീട് തകര്‍ത്തത്. വിരോണിയുടെ നിലവിളികേട്ട് സ്ഥലത്തെത്തിയ പരിസരവാസികള്‍ വിവരം അറിയിച്ച് നഗരസഭാ ചെയര്‍മാനും മറ്റും സ്ഥലത്തെത്തി പ്രശ്നത്തിലിടപെട്ടു. തുടര്‍ന്ന് തിങ്കളാഴ്ചയാണ് അഡ്വ. ഷെറി ജെ.ജോസഫ് മുഖാന്തിരം മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും മകന് ജോസഫിനും മറ്റുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: