വൈറ്റില: മൊബിലിറ്റി ഹബ്ബിലേക്കുള്ള റോഡ് തകര്‍ന്നത് വാഹനയാത്രികരേയും വഴിയാത്രക്കാരേയും ദുരിതത്തിലാക്കി. വൈറ്റില-എരൂര്‍ റോഡിന്റെ മൊബിലിറ്റി ഹബ്ബ് വരെയുള്ള അരക്കിലോമീറ്ററോളം ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്ന് വാഹനഗതാഗതവും കാല്‍നട യാത്രയും ദുഃസഹമായിരിക്കുന്നത്. ജംഗ്ഷനില്‍നിന്നും നൂറുകണക്കിന് ബസ്സുകളാണ് ഈ റോഡുവഴി ഹബ്ബിലേക്ക് പ്രവേശിക്കുന്നത്. ബസ് കയറുന്നതിനായി കാല്‍നടയായും മറ്റും നിരവധിപേര്‍ എത്തുന്നതും ഈ റോഡില്‍ കൂടിയാണ്. തകര്‍ന്ന റോഡില്‍ക്കൂടി വാഹനങ്ങള്‍ പാഞ്ഞുപോകുമ്പോള്‍ പൊടിശല്യം അതിരൂക്ഷമായിരിക്കുകയാണ്.
ഹബ്ബ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസത്തിനകംതന്നെ റോഡ് തകര്‍ന്ന് തുടങ്ങി. മഴക്കാലം ആരംഭിച്ചതോടെ കുഴികള്‍ വലുതാവുകയും ചെളി നിറയുകയും ചെയ്തു. മഴ പിന്‍വാങ്ങിയതോടെയാണ് ടാറിംഗ് ഇളകിപ്പോവുകയും പൊടിശല്യം രൂക്ഷമാവുകയും ചെയ്തിരിക്കുന്നത്. റോഡിന്റെ ദുരവസ്ഥകാരണം ഓട്ടോറിക്ഷകളും മറ്റും ഈ റോഡുവഴിയുള്ള ഓട്ടം നിര്‍ത്തിവെച്ചിരിക്കുകയാണ്. പൊടിശല്യം കാരണം ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയിലുമാണ്.
തകര്‍ന്ന റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നതായി ബസ് ഉടമസ്ഥരുടെ സംഘടനയും വ്യാപാരികളും പറയുന്നു. എന്നാല്‍ റോഡ് പൊതുമരാമത്ത് വകുപ്പിന് കീഴിലായതിനാല്‍ തങ്ങള്‍ക്ക് ഇടപെടാന്‍ നിര്‍വാഹമില്ലെന്നാണ് മൊബിലിറ്റി ഹബ്ബ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ടാറിംഗ് പൂര്‍ണ്ണമായും ഇളകിപ്പോയ റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്ന ആവശ്യം ഇതിനിടെ ഉയര്‍ന്നുവന്നിട്ടുണ്ട്.
വൈറ്റില ഹബ്ബില്ലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ഹബ്ബ് റോഡ് ഉപരോധിക്കും. വ്യാപാരി വ്യവസായ സമിതി, ബസ് ഓപ്പറേറ്റേഴ്സ് സംഘടനകള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, ജനകീയ സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഉപരോധസമരം സംഘടിപ്പിക്കുക. റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ഹബ്ബ് ബഹിഷ്കരിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: