ജീവിതത്തില്‍ ഓരോ ജീവിയും ഇവിടെ വെച്ചുചെയ്യുന്ന കര്‍മങ്ങളുടെ ഫലങ്ങള്‍ ഇവിടെവച്ചുതന്നെ അനുഭവിച്ചുതീരാത്തതുകൊണ്ടാണ് പുനര്‍ജ്ജന്മം ഉണ്ടാകുന്നത്.മരണത്തോടുകൂടി ഓരോ ജീവനും മുക്തനാവാതിരിക്കാനുള്ളകാരണം, എല്ലായിടത്തും സഞ്ചരിക്കുന്ന സ്വഭാവമുള്ള ജീവന് ഭ്രമരമാണ് പറഞ്ഞാല്‍ തെറ്റില്ല. പുഷ്പത്തിലെ മുഴുവന്‍ തേനും കുടിക്കുകയെന്ന സ്വഭാവം ജീവനുമില്ല. കൂടാതെ ചില കര്‍മഫലങ്ങള്‍ ഈ ശരീരത്തിലിരുന്നോ , ഈ ലോകത്തില്‍വച്ചോ അനുഭവിക്കാന്‍ പറ്റാത്തതാവും. അങ്ങനെയുള്ളവയെ അനുഭവിക്കാന്‍ അതിന് പറ്റുന്ന സ്ഥലത്തേക്കും ശരീരത്തിലേക്കും പോവേണ്ടിയും വരും.ഇവിടെവെച്ചനുഭവിക്കാവുന്നവതന്നെ മുഴുവന്‍ അനുഭവിക്കപ്പെടുന്നില്ല. അതിനുള്ളഅവസരവും ഇല്ല. എന്തുകൊണ്ടെന്നല്‍ ജന്മാന്തരകര്മങ്ങളാകുന്ന പ്രാരബ്ധങ്ങളെ അനുഭവിക്കാനാണ് ശരീരമുണ്ടായത്. അവ അനുഭവിക്കുന്നതോടൊപ്പം അനേകം പുതിയ പുതിയ കര്‍മങ്ങളെ ചെയ്യുന്നുമുണ്ട്. പുതുതായി ചെയ്യപ്പെടുന്ന കര്‍മങ്ങളുടെ ഫലഭൂക്തിക്ക് ഈ ശരീരം കാത്തുനില്‍ക്കില്ല. പ്രാരബ്ധാവസാനത്തോടെ ഇത് നശിക്കും. അപ്പോള്‍ പുതിയ കര്‍മങ്ങളുടെ ഫലഭൂക്തിക്ക് മറ്റൊരു ശരീരം വേണമെന്നുവരും. അതുകൊണ്ടാണ് ജന്മങ്ങള് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നത്. കര്‍മം അവസാനിക്കാത്തതിനാല്‍ ഒരു ജന്മത്തിലും മുക്തിക്ക് സന്ദര്ഭമാവുന്നുമില്ല. എന്നാല്‍ ഓരോ ജന്മത്തിലും അന്തര്യാമിയായ ഈശ്വരന് ജീവനെ സന്മാര്ഗത്തിലേക്ക് പ്രേരിപ്പിക്കുന്നു. ദുര്‍വാസനകളുടെ ശക്തിയായ പ്രചോദനത്താല്‍ ഈശ്വരപ്രേരണയെ മാനിക്കാതെ ദുര്മാര്ഗത്തില്ത്തന്നെ ചരിക്കുന്നതുകൊണ്ട് ജന്മപരമ്പരകള് വര്‍ദ്ധിക്കലല്ലാതെ ക്ഷയിക്കലില്ല. ദുര്‍വാസനകള്‍ ചുരുങ്ങുമ്പോള്‍ നല്ല പ്രവൃത്തികള്‍ ചെയത് ജ്ഞാനസമ്പാദനത്തിന്നും അതുവഴിക്ക് കൈവല്യപ്രാപ്തിക്കും ഇടയായിത്തീരുകയും ചെയ്യും. ആരുടെ സാന്നിദ്ധ്യവിശേഷംകൊണ്ട് ഇങ്ങനെയെല്ലാം നടക്കുന്നവോ, ശാശ്വതസ്വരൂപിയും സര്വസമ്പല്പരിപൂര്ണമായ ആ പരമേശ്വരനെ യോഗികള്‍ വൃത്തിനിരാസത്തിലൂടെ സാക്ഷാല്‍ക്കരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: