രണ്ടായിരത്തി മൂന്ന് ജനുവരി 18 ന് നടത്തിയ ആഗോള നിക്ഷേപക സംഗമം (ജിം) പേരുമാറ്റിയാണ് എമെര്‍ജിങ് കേരളയായത്. വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ആദ്യം 36 പദ്ധതികളും പിന്നീട് രണ്ടും പദ്ധതികളും റദ്ദാക്കി. പ്രഖ്യാപിക്കപ്പെട്ട പദ്ധതികളില്‍ എത്രയെണ്ണം നടപ്പാവും എന്നത് കാത്തിരുന്ന് കാണണം.
‘ജിമ്മി’ന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് 2002-2003 ലെ ബജറ്റില്‍ അഞ്ച് കോടി രൂപ നടത്തിപ്പിനായി നീക്കിവച്ചുകൊണ്ടാണ്. 50,000 കോടി രൂപ നിക്ഷേപവും 15,000 പേര്‍ക്ക് തൊഴിലും എന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ മലമ്പുഴ-പെരിയാര്‍ വെള്ള വില്‍പ്പന; കുമരകം, കോവളം എന്നിവിടങ്ങളിലെ പദ്ധതികള്‍, കടല്‍മണല്‍ ഖാനനം, ഗോള്‍ഫ് കോഴ്സുകള്‍, കരിമണല്‍ ഖാനനം എല്ലാം ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്താന്‍ മാത്രമാണ് ഉപകരിച്ചത്. ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി തന്നെ വാഗ്ദാനം ചെയ്ത 10,000 കോടി നിക്ഷേപത്തിന്റെ പത്തിലൊന്നുപോലും തുടര്‍ന്നുള്ള അഞ്ചുവര്‍ഷത്തിനകം കേന്ദ്ര നിക്ഷേപമായി വന്നില്ല. 95 കമ്പനികളുമായി ഒപ്പിട്ട ധാരണാപത്രത്തില്‍ നടപ്പാക്കപ്പെട്ടവ വിരലിലെണ്ണാവുന്നതുമാത്രം. നടപ്പാക്കിയ പദ്ധതികളില്‍ റിലയന്സിന്റെതുള്പ്പെടെ പലതും അവരുടെ ദേശീയ വിപണന ശൃംഖല കെട്ടിപ്പടുക്കുന്നതിനുവേണ്ടി മാത്രമായിരുന്നു. കേരളത്തിനുള്ള പ്രത്യേക പദ്ധതികള്‍ അതില്‍ ഇല്ലായിരുന്നു.
ഇത്തരം പദ്ധതികള്‍ ജിമ്മില്‍ അവതരിപ്പിച്ചതിനാല്‍ കമ്പനികള്‍ക്ക് നികുതിയിളവുകള്‍ കിട്ടി. സംസ്ഥാനത്തിന് നികുതിയിനത്തില്‍ നഷ്ടവും. ജോയ് ആലുക്കപോലുള്ള വളര്‍ന്നുകൊണ്ടിരിക്കുന്ന കുത്തക വ്യാപാര സ്ഥാപനങ്ങളുടേയും എസ്സിഎംഎസ് പോലുള്ള വിദ്യാഭ്യാസ കച്ചവടക്കാരുടേയും പദ്ധതികള്‍ ജിമ്മില്‍ അവതരിപ്പിക്കപ്പെട്ടു. ജിം ഇല്ലായിരുന്നുവെങ്കിലും അവര്‍ ആ പദ്ധതികള്‍ നടത്തുമായിരുന്നു. ജിം നിക്ഷേപകനെ എഴുന്നള്ളിച്ച് കൊണ്ടുവന്നപ്പോള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി, നികുതിയിളവുകള്‍ എന്നിവ നല്‍കേണ്ടിവന്നു.
കുത്തുപാളയെടുത്തുകൊണ്ടിരിക്കുന്ന കേരള സര്‍ക്കാരിന്റെ കടം വര്‍ധിപ്പിച്ചു എന്നതില്‍ കവിഞ്ഞ് ഒരു നേട്ടവും ഉണ്ടായതുമില്ല. അന്ന് ജിമ്മിനെ എതിര്‍ക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും തയ്യാറായില്ല. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒരുമിച്ച് നടത്തിയ കെട്ടുകാഴ്ചയായതിനാല് രാഷ്ട്രീയക്കാര്‍ അവരുടെ നിലപാടുകള്‍ മറന്നു. ഈ മാമാങ്കം കാണുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്: ഒരു ദിവസംകൊണ്ട് ധാരണാപത്രം ഒപ്പിട്ടും ഒരു ദിവസംകൊണ്ട് നിക്ഷേപകരെ ആകര്‍ഷിച്ചും ഉണ്ടാക്കേണ്ടതാണോ കേരളത്തിന്റെ വികസനം?
എമെര്‍ജിങ് കേരളയില്‍ പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും ടൂറിസം പദ്ധതികളും അതില്‍ പലതും വനമേഖലയില്‍ ഉള്ളതുമാണ്. പലതും സൃഷ്ടിക്കാന്‍ സാധ്യതയുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ ഒരു കാലത്തും പരിഹരിക്കാന്‍ കഴിയാത്തതും. ഒന്നാംലോക രാജ്യങ്ങള്‍ ഒന്നടങ്കം ഇന്ന് ടൂറിസം വികസനത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ചിന്തിക്കുകയാണ്. മെക്കോംഗ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന തായ്ലന്റ്, ചൈന, ലാവോസ്, കമ്പോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ പരിസ്ഥിതിയെയും സമ്പദ്വ്യവസ്ഥയേയും ടൂറിസം എങ്ങനെ തകര്‍ത്തു എന്ന് ‘തേര്‍ഡ് വേള്‍ഡ് നെറ്റ്വര്‍ക്ക്’ പ്രസിദ്ധീകരിച്ച അനിത പ്ലേമറോമിന്റെ പുസ്തകം പറയുന്നു. ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിന് ടൂറിസം ഉപകാരപ്പെട്ടില്ല എന്നുമാത്രമല്ല കൃഷിക്കും വ്യവസായത്തിനും വരേണ്ടിയിരുന്ന നിക്ഷേപം ടൂറിസം പദ്ധതികളില്‍ കേന്ദ്രീകരിച്ചതിനാല്‍ ദാരിദ്ര്യം കൂടുകയും സമൂഹത്തില്‍ അസമത്വങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ‘മെക്കോം ടൂറിസം ഒരു പഠനം’ എന്ന പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെയാണ്. “സമൂഹത്തിന്റെ വളര്‍ച്ച തെറ്റായ ദിശയിലായി. വേശ്യാവൃത്തി വലിയ വ്യവസായമായി വളര്‍ന്നു. ഇത് മറ്റു വ്യവസായങ്ങളെ ബാധിച്ചു. എയ്ഡ്സിന്റേയും മയക്കുമരുന്നിന്റേയും ചൂതാട്ടത്തിന്റേയും കുറ്റകൃത്യങ്ങളുടേയും നിരക്ക് അമിതമായി വര്‍ധിച്ചു.” തായ്ലന്റിലെ സ്ത്രീകള്‍ വരുമാനത്തിന്റെ 80 ശതമാനം വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും ചെലവാക്കുന്നതിനാല്‍ ഭക്ഷ്യ ഉപഭോഗം കുറയുകയും സ്ത്രീകളിലും കുട്ടികളിലും പോഷകാഹാര കുറവ് വര്‍ധിക്കുകയും ചെയ്തു. ടൂറിസം പ്രോത്സാഹിപ്പിച്ച എല്ലാ രാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ടൂറിസം വളര്‍ന്ന ആലപ്പുഴയെക്കുറിച്ച് 2008 ല്‍ സ്വദേശി ജാഗരണ്‍ മഞ്ച് നടത്തിയ പ്രാഥമിക പഠനത്തില്‍ മനസ്സിലാക്കിയ വസ്തുതകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ടൂറിസ്റ്റുകളെ കേന്ദ്രീകരിച്ച് ആലപ്പുഴ നഗരത്തില്‍ 72 പേര് ശരാശരി വേശ്യാവൃത്തിക്ക് എത്തുന്നു. ഇതില്‍ ഒമ്പത് പേര് കോളേജ് വിദ്യാര്‍ത്ഥികളും രണ്ട് പേര് സ്കൂള്‍ വിദ്യാര്‍ത്ഥികളുമാണ്. ഹൗസ്ബോട്ടുകള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. വിദേശ നാണ്യം നേടിത്തരും എന്നുപറഞ്ഞാണ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ചത്. ടൂറിസം പ്രോത്സാഹിപ്പിച്ച രാജ്യങ്ങളിലെ ജനങ്ങളും ടൂറിസ്റ്റുകളായി അന്യദേശത്ത് പോകാന്‍ തുടങ്ങി. ഇതിനാല്‍ തന്നെ ടൂറിസം വരുമാനം ഋണാത്മകമായി. 2009ലെ റിസര്‍വ് ബാങ്കിന്റെ പഠനം പറയുന്നത് 2008-2009 സാമ്പത്തിക വര്‍ഷത്തില്‍ ടൂറിസം വഴി 4.8 ബില്ല്യണ്‍ ഡോളറിന്റെ വിദേശനാണ്യം നേടിയപ്പോള്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ വിദേശത്ത് 6.8 ബില്ല്യണ്‍ ഡോളര്‍ ചെലവാക്കി എന്നാണ്. ടൂറിസം പ്രചാരണം കൂടുമ്പോള്‍ നമുക്ക് വിദേശ നാണ്യത്തിന്റെ കാര്യത്തില്‍ നഷ്ടകച്ചവടം മാത്രമാണ് ഉണ്ടാവുക എന്ന് ഇത് തെളിയിക്കുന്നു. ടൂറിസം പ്രോത്സാഹനം മൂന്നാം ലോക രാജ്യങ്ങളെ ലോകബാങ്ക് അടിച്ചേല്‍പ്പിച്ചത് വികസിത രാജ്യങ്ങളിലെ വ്യവസായവത്കരണത്തിന് മൂന്നാംലോക രാജ്യങ്ങള്‍ ഭീഷണിയാകാതിരിക്കാനാണ് എന്നുള്ള സാമാന്യബോധമെങ്കിലും നമ്മുടെ ഭരണാധികാരികള്‍ക്ക് വേണം. ടൂറിസം വളരുന്ന ഒരു സ്ഥലത്തും വ്യവസായവും കൃഷിയും വളരില്ല. ആത്യന്തികമായി ആ പ്രദേശം നാശത്തിലേക്ക് പോകും. അതുകൊണ്ടുതന്നെ ടൂറിസത്തിനുവേണ്ടി നമ്മുടെ പ്രകൃതിയെ കൊല്ലരുത്, വനങ്ങളെ ഇല്ലാതാക്കരുത്.
എമര്‍ജിംഗ് കേരളയിലെ പല പദ്ധതികളും വനനശീകരണത്തിന് കാരണമാകും. വനമേഖലയില്‍ തോട്ടങ്ങള്‍ അനുവദിച്ചപ്പോള്‍ അതിലെ കൃഷി തൊട്ടടുത്തുള്ള വനത്തെ നശിപ്പിക്കാതിരിക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. തോട്ടങ്ങളെ ടൂറിസം പ്രോജക്ടുകളാക്കി മാറ്റാനായിരുന്നു അഞ്ച് ശതമാനം ഭൂമി തോട്ടേതര ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാം എന്ന നിയമം കൊണ്ടുവന്നത്. തോട്ടങ്ങള്‍ ഭൂപരിഷ്ക്കരണ നിയമത്തിന്റെ പരിധിക്ക് പുറത്തായിരുന്നു. മറ്റ് ആവശ്യങ്ങള്‍ക്ക് തോട്ടങ്ങള്‍ ഉപയോഗിച്ചാല്‍ ഭൂപരിഷ്ക്കരണനിയമത്തിന്റെ പരിധിയില്‍ വരുന്നത് ഒഴിവാക്കാനായിരുന്നു പെട്ടെന്നുള്ള ഈ നിയമനിര്‍മ്മാണം. തോട്ടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തൊട്ടടുത്ത വനപ്രദേശങ്ങളെയും ബാധിക്കും. അഞ്ച് ശതമാനം ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നുപറയുമ്പോള്‍ ഇതിന്റെ പേരില്‍ നടക്കാന്‍ പോകുന്നത് ഭൂമിയുടെ വലിയ രീതിയിലുള്ള കൈമാറ്റമായിരിക്കും. കേരളത്തില്‍ 50 ഏക്കറിന് മുകളിലുള്ള 282 തോട്ടമുടമകളുടെ 832 തോട്ടങ്ങളിലായി 2,27,584 ഏക്കര്‍ ഭൂമിയുണ്ട്. തോട്ടേതര ആവശ്യങ്ങള്‍ക്ക് അഞ്ച് ശതമാനം ഉപയോഗിച്ചാല്‍ തന്നെ പുതിയ നിയമപ്രകാരം 11,379 ഏക്കര്‍ ലഭിക്കും (കെ.എന്‍.ഹരിലാലിന്റെ ലേഖനം) പുതിയ നിയമം ഈ സ്ഥലത്തുള്ള മരം മുറിച്ചും കൃഷി നശിപ്പിച്ചും കോണ്‍ക്രീറ്റ് സൗധങ്ങള്‍ ഉണ്ടാക്കാന്‍ അനുമതി കൊടുക്കുന്നു. 2011 ഫെബ്രുവരിയില്‍ പാസ്സാക്കിയ പ്ലാച്ചിമട ക്ലെയിം ട്രിബ്യൂണല്‍ ബില്ലിന് ഇതേവരെ രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങാന്‍ കഴിയാത്ത സര്‍ക്കാര്‍ പുതിയ ഭൂവിനിയോഗബില്ല് പാസ്സാക്കിയതും അനുമതി വാങ്ങിയതും എത്ര പെട്ടെന്നാണെന്നും അതിന്റെ താല്‍പ്പര്യമെന്താണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ?
കേരളത്തിലെ റെയില്‍ വികസനം വഴിമുട്ടി നില്‍ക്കുകയും യാത്രക്കാര്‍ ദുരിതമനുഭവിക്കുകയും ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ 1,50,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഹൈസ്സ്പീഡ് റെയില്‍വേ കോറിഡോര്‍ പദ്ധതിയുമായി വന്നിട്ടുള്ളത്. വികസിത രാജ്യങ്ങളില്‍ വന്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയില്‍വേ വികസനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജപ്പാനും ഫ്രാന്‍സും എല്ലാം ഈ മേഖലയില്‍ നടത്തിയ പദ്ധതികള്‍ നഷ്ടത്തിലാണ്. ബ്രസീലില്‍ അഞ്ച് പ്രാവശ്യം നടപ്പാക്കാന്‍ നിശ്ചയിച്ച പദ്ധതി ചെലവിന്റെ ആനുപാതികമായ വരുമാനം കിട്ടില്ല എന്ന കാരണത്താല്‍ ഉപേക്ഷിച്ചു. നടപ്പാക്കിയ സ്ഥലങ്ങളില്‍ത്തന്നെ സാധാരണ റെയില്‍വേ യാത്രാ ചെലവിന്റെ 20 ഇരട്ടിയാണ് അതേ ദൂരം സഞ്ചരിക്കാന്‍ ഹൈസ്പീഡ് ട്രെയിനിന് ആവശ്യമായി വരുന്നത്. നൂറ് രൂപ ചെലവ് വരുന്ന സ്ഥലത്ത് 2000 രൂപ ചെലവ് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയുന്ന എത്ര പേര് കേരളത്തിലുണ്ട്. ഏത് രീതിയിലും പദ്ധതി നഷ്ടത്തില്‍ മാത്രമേ കലാശിക്കൂ. 1,50,000 കോടി രൂപ ഒരു പദ്ധതിക്ക് നാം ചെലവാക്കുമ്പോള്‍ ഈ തുക എന്നുപറയുന്നത് കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 50 ശതമാനമാണ്. ഇത്രയും ചെറിയ ഒരു സമ്പദ്വ്യവസ്ഥയ്ക്കും 54,000 കോടി രൂപയുടെ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്ന ഒരു സര്‍ക്കാരിനും എങ്ങനെയാണ് ഈ പദ്ധതിക്ക് കൗണ്ടര്‍ ഗ്യാരണ്ടി നല്‍കാനാവുക? കേരളത്തെ രണ്ടായി പിളര്‍ക്കുന്ന ഈ പദ്ധതിക്കുവേണ്ടി ഏകദേശം 60,000 കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. ഇതിന് നാം എവിടെ സ്ഥലം കണ്ടെത്തും? ഇവരുടെ പുനരധിവാസവും അവസാനം മൂലമ്പിള്ളി മോഡല്‍ ആകുമോ?
ജപ്പാന് പ്രധാനമന്ത്രി ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. ഭാരതത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ജപ്പാന് പ്രത്യേകം താല്‍പ്പര്യമുണ്ട്. അതിനദ്ദേഹം കാരണം പറഞ്ഞത് ഇന്ത്യയില്‍ ഈ മേഖലയില്‍ നിക്ഷേപിക്കുന്ന തുകയുടെ 40 ശതമാനം യന്ത്രങ്ങളുടെ വില്‍പ്പനയും കണ്‍സള്‍ട്ടന്‍സി വഴിയായും ജപ്പാന് ലഭിക്കുന്നു എന്നാണ്. അതിനാല്‍ തന്നെ ജപ്പാന് ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് വായ്പ നല്കുന്നു. ജപ്പാനിലെ വ്യവസായ ലോബി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിച്ച് അവര്‍ക്ക് താല്‍പ്പര്യമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിക്കുന്നു. ഹൈസ്പീഡ് റെയില്‍വേ കോറിഡോറും ജപ്പാന് സാമ്പത്തിക സഹായംകൊണ്ടുവരാനുള്ള പദ്ധതിയാണ്. ഫലത്തില്‍ വികസിക്കുന്നത് ജപ്പാനായിരിക്കും, കേരളമല്ല. നേട്ടം ഉണ്ടാക്കുന്ന മറ്റൊരു രാജ്യം അമേരിക്കയാണ്. നിര്‍മ്മാണ മേഖലയിലെ ജെസിബി എന്ന ഒറ്റ അമേരിക്കന്‍ കമ്പനി ഓസ്ട്രേലിയയില്‍ വിറ്റഴിക്കുന്നതിലും കൂടുതല്‍ “മണ്ണുമാന്തികള്‍” കേരളത്തില്‍ വില്‍ക്കുന്നു. ഭൂമി പരന്നതാണെന്ന് പറഞ്ഞ് പഠിപ്പിച്ചവര്‍ വികസനം കൊണ്ടുവരാനെന്ന പേരില്‍ ദൈവത്തിന്റെ നാടിനെ മണ്ണിടിച്ച് പരത്തുകയാണ്. കൊച്ചി മുതല്‍ പാലക്കാട് വരെയുള്ള നാലു ജില്ലകളിലെ 20 പ്രദേശങ്ങള്‍ ചേര്‍ത്ത് വ്യവസായ കോറിഡോറും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിപ്രകാരം നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് മാനുഫാക്ചറിംഗ് സോണായും മാറ്റും എന്നുപറയുന്നു. ‘നിംസ്’ നയപ്രകാരം അതിന് ഒരേ സ്ഥലത്തുള്ള 5000 ഹെക്ടര്‍ സ്ഥലമാണ് ഉദ്ദേശിക്കുന്നത്. വന്‍ വ്യവസായികള്‍ക്ക് നികുതിയിളവുകളും തൊഴില്‍ നിയമങ്ങളിലും ഇളവനുവദിക്കുന്ന ഈ നയം കുത്തകകളെ സഹായിക്കാന്‍ മാത്രമാണ്. ഈ നാല് ജില്ലകളെ 20 സ്ഥലങ്ങള്‍ മാത്രമാണ് നിംസിന്റെ പരിധിയില്‍ കൊണ്ടുവരുന്നതെങ്കിലും അത് നിയമപ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കും. വന്‍ വ്യവസായികള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്കാന് പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോള്‍ മൂന്ന് സെന്റ് ഭൂമി കിട്ടാന്‍ കേരളത്തില്‍ അപേക്ഷ നല്കി കാത്തിരിക്കുന്നത് മൂന്നര ലക്ഷം ജനങ്ങളാണെന്ന കാര്യം വിസ്മരിക്കരുത്. വികസനത്തിന്റെ പേരില്‍ നാം ആരെയാണ് വികസിപ്പിക്കേണ്ടത്? 1,80,000 കോടി രൂപയുടെ സ്ഥിരനിക്ഷേപമുളള മലയാളിക്ക് ഇനി കേരളം വികസിക്കാന്‍ വിദേശിയുടെ വെള്ളിക്കാശ് വേണോ എന്നതാണ് കാതലായ ചോദ്യം.
കെ.വി.ബിജു (സ്വദേശി ജാഗരണ്‍ മഞ്ച് ദക്ഷിണ ഭാരത സഹസംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: