പള്ളുരുത്തി: ലക്ഷദ്വീപ് കപ്പല്‍ എംവി കവരത്തിയില്‍ ജോലിക്കെത്തിയ മര്‍ച്ചന്റ് നേവി ഓഫീസര്‍മാരെ തടഞ്ഞ ലക്ഷദ്വീപ് ജീവനക്കാര്‍ക്കെതിരെയും, ഇവരെ നിയന്ത്രിക്കുന്ന എംഡിക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് ബിഎംഎസ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ തുറമുഖത്തെ ലക്ഷദ്വീപ് ഡെവലപ്മെന്റ് കോര്പറേഷന് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അവന്യൂ സെന്ററിന് മുന്നില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. ലക്ഷ്വദീപ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ പോര്‍ട്ട് ആന്റ് ഷിപ്പ്യാര്ഡ് മസ്ദൂര്‍സംഘ് അഖിലേന്ത്യാ സെക്രട്ടറി വി.സുധാകരന് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വേണാട് വാസുദേവന്‍, ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റുമാരായ വി.വി.പ്രകാശന്, കെ.എ.പ്രഭാകരന്, ജില്ലാ സെക്രട്ടറി ആര്.രഘുരാജ്, സീഫാറേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് കെ.എസ്.അനില്‍കുമാര്‍ കെ.സി.മുരളീധരന്, മധുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
അതേസമയം കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് യാത്രമുടങ്ങിയ എംവി കവരത്തി കൊച്ചി തുറമുഖത്തുനിന്നും ഇന്നലെ വൈകിട്ട് 5.30ഓടെ കൊണ്ടുപോയി. പകരം ക്യാപ്റ്റനെ നിയോഗിച്ച ശേഷമാണ് കപ്പല്‍ കൊണ്ടുപോകുന്നതെന്നും അധികൃതര്‍ അറിയിച്ചു. കപ്പല്‍ തുറമുഖത്തുനിന്നും കൊണ്ടുപോകുന്നതിനു യാതൊരുതരത്തിലും എതിര്‍ക്കില്ലെന്ന് മര്‍ച്ചന്റ് നേവി ഓഫീസര്‍മാര്‍ അറിയിച്ചു. കേരളത്തിലെ ഓഫീസര്‍മാര്‍ക്കെതിരെ മനഃപൂര്‍വ്വമുള്ള പകപോക്കല്‍ നടപടി അവസാനിപ്പിക്കാതെ ഇനി അധികൃതരുമായി ചര്‍ച്ചയില്ലെന്ന നിലപാടാണ് ഓഫീസര്‍ മാരുടേത്. പുതിയ പ്രതിസന്ധിയുടെ വെളിച്ചത്തില്‍ സമരം ശക്തമാക്കുന്നതിനാണ് ബിഎംഎസിന്റെ തീരുമാനം. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷദ്വീപ് അധികൃതര്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തണമെന്നും ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: