കൊച്ചി: വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് വ്യവസായങ്ങളുടെ ശവമഞ്ചവുമായി തൊഴിലാളികള്‍ ഇന്ന് കളമശ്ശേരി അപ്പോളോ ടയറിന് മുന്നില്‍ വൈകിട്ട് 4ന് ദേശീയ പാത ഉപരോധിക്കും. ഒരു യൂണിറ്റ് വൈദ്യുതിയ്ക്ക് 1 രൂപ 20 പൈസ വീതം നീരക്ക് വര്‍ദ്ധിപ്പിച്ച് വ്യാപാര- വാണിജ്യ വ്യവസായമേഖലയെ തകര്‍ക്കുന്ന തീരുമാനമാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും റഗുലേറ്ററി കമ്മീഷനും ചേര്ന്നെടുത്തിട്ടുള്ളത്. മുന്‍കാല പ്രാബല്യത്തോടെ വൈദ്യുതി വില വര്‍ദ്ധിപ്പിക്കുന്നതും ഇതാദ്യമായാണ്. വൈദ്യുതി ബോര്ഡാവശ്യപ്പെട്ടതിനേക്കാള് കൂടുതല്‍ വര്‍ധനവാണ് കമ്മീഷന് അനുവദിച്ചത്. വ്യാപാര മേഖലയ്ക്ക് 51 ശതമാനവും വ്യവസായങ്ങള്‍ക്ക് 35 മുതല്‍ 41 ശതമാനം വരെയുമാണ് വര്‍ദ്ധനവ്. പ്രതിവര്‍ഷം 22 കോടി രൂപയോളം തുക വൈദ്യുതി വിലയില്മാത്രമായി നല്കുവാന് ശേഷിയില്ലാത്ത വ്യവസായങ്ങളായ എഫ്എസിടി, ബിനാനി സിങ്ക്, ടിസിസി, എച്ച്ഐഎല്‍, ജിടിഎന്‍, കെഎംഎംഎല്‍ തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് ട്രേഡ്യൂണിയന്‍ സ്റ്റാന്റിംഗ് കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എമര്‍ജിംഗ് കേരളയ്ക്ക് വേണ്ടി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ നിലവിലുള്ള വ്യവസായങ്ങള്‍ക്ക് ഇത്തരം ഇരുട്ടടി വന്നിട്ട് ഒന്നു തിരിഞ്ഞുനോക്കാന്‍പോലും തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. മറുനാടനും, വിദേശിയുമായ നിക്ഷേപകര്‍ക്ക് വന്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ച് എമര്‍ജിംഗ് കേരള നടത്തുമ്പോള്‍ വ്യവസായങ്ങള്‍ക്കും വ്യാപാരമേഖലയ്ക്കും വേണ്ടി ഒന്നും ചെയ്യുന്നില്ല. പത്രസമ്മേളനത്തില്‍ കെ.എന്‍.ഗോപിനാഥ്, കെ.വിജയന് പിള്ള, കെ.എം.അമ്മാനുള്ള, എന്‍.പി.എം.സാലി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: