പണം ഒരു
ലക്ഷ്യമാകരുത്
അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം
നാസ്തി തതഃ സുഖലേശഃ സത്യം
പുത്രാദപി ധനഭാജാം ഭീതിഃ
സര്‍വ്വത്രൈഷാ വിഹിതാ രീതിഃ
മനുഷ്യന്റെ ദുഷ്പ്രവണതകള്‍ അത്രത്തോളം പ്രബലങ്ങളാണെങ്കില്‍ തത്ത്വശാസ്ത്രവും മതവുംകൊണ്ട് ഒരു പ്രയോജനവുമില്ല എന്നു വരില്ലേ? ശാസ്ത്രജ്ഞന് യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കണം. അയാള്‍ വസ്തുതകള്‍ ശരിയായി കാണുകയും ലോകത്തെ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുന്നു. എല്ലാവര്ക്കും നന്നായറിയാവുന്ന, നേരിട്ടനുഭവമുള്ള കാര്യങ്ങളാണ് ഈ ശ്ലോകത്തില്‍ എടുത്തുപറയുന്നത്.
ക്രിയാത്മകമായി ചിന്തിക്കുന്ന ആരുംതന്നെ ഇപ്പോഴുള്ളതുകൊണ്ട് തൃപ്തുപ്പെടുന്നില്ല. ദുഃഖത്തിന്റെ മാളിക പൊളിച്ചുനീക്കി സുഖത്തിന്റെ മണിമന്ദിരം പണിയാന്‍ അവര്‍ വെമ്പല്‍കൊള്ളും. ഈ ബദ്ധപ്പാടില്‍ വ്യാമോഹിതരായിച്ചമഞ്ഞ അവര്‍ക്ക് ധനത്തിന്റെ ശരിയായ മൂല്യം മനസ്സിലാക്കാന്‍ കഴിയുന്നില്ല. അതിന്റെ പ്രയോജനമെന്ത്? അതുകൊണ്ടെന്തു നേടാം എന്നറിയാത്തതിനാല്‍ അതര്‍ഹിക്കുന്ന വിലയും സ്ഥാനവും അതിന് നല്‍കാനും കഴിയുന്നില്ല. തന്റെ ആവശ്യത്തിനു വിനിയോഗിക്കാനാണ് മനുഷ്യന് പണം കണ്ടുപിടിച്ചത്. പണത്തിന്റെ നിര്‍മാതാവ് മനുഷ്യന്‍തന്നെ. അത് സ്വന്തം നിര്‍മാതാവിനെ പാവ കളിപ്പിക്കുന്നുവെന്നത് വിചിത്രമല്ലേ? കഷ്ടം!മനുഷ്യനെ ഇന്ന് ഭരിക്കുന്നത് പണമാണ്.
ഉന്നതജീവിതം നയിക്കാനിച്ഛിക്കുന്നവര് അര്‍ത്ഥത്തിലുള്ള ഭ്രമം അനര്‍ത്ഥമാണെന്ന്, അതിനടിമപ്പെട്ടുകൊണ്ടുള്ള ജീവിതം വ്യര്‍ത്ഥമാണെന്ന് സദാ ഓര്‍ക്കണം. അങ്ങനെ ധനതൃഷ്ണ ഉള്ളില്‍നിന്ന് നീക്കാന്‍ കഴിയും. അര്‍ത്ഥം വേണ്ടെന്നോ അതിനൊരു വിലയുമില്ലെന്നോ അല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. നമുക്കാവശ്യമുള്ള ചില വസ്തുക്കള്‍ അതുകൊണ്ട് വാങ്ങാം. എന്നുവെച്ച് അതുണ്ടെങ്കിലെല്ലാമായി എന്ന് കരുതിപ്പോവരുത്. അതിരുകവിഞ്ഞ പണക്കൊതി, സ്നേഹം തുടങ്ങിയ സദ്ഗുണങ്ങളെ നശിപ്പിക്കും; വിദ്വോഷം തുടങ്ങിയ ദുര്‍ഗുണങ്ങളെ വളര്‍ത്തുകയും ചെയ്യും.
വിചിത്രമാണ് പണത്തിന്റെ സ്വഭാവം. അത് മനുഷ്യനെ ഒറ്റപ്പെടുത്തുന്നു. ഇല്ലാത്തവന് ഉണ്ടാക്കാന്‍ പാടുപെടും. അല്‍പ്പം ഉള്ളവന് ഇല്ലാത്തവരുടെ ഇടയില്‍ അന്തസ്സ് കാണിക്കും; തന്നെക്കാള്‍ കൂടുതലുള്ളവരോട് അസൂയപ്പെടുകയും ചെയ്യും.
സമ്പത്ത് വര്‍ദ്ധിക്കുന്തോറും മനുഷ്യന്റെ ദുരഭിമാനവും അസൂയയും കൂടിക്കൂടി വരികയാണ് ചെയ്യുന്നത്. മാത്രമല്ല, പണക്കാര്‍ക്ക് ആരേയും വിശ്വാസമുണ്ടാവില്ല. അവര്‍ മറ്റുള്ളവരെ സംശയിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. മറ്റുള്ളവര്‍ തങ്ങളുടെ സ്വത്തില്‍ കണ്ണുവെക്കുന്നുണ്ടോ എന്ന സംശയവും. തങ്ങള്‍ രഹസ്യമായി സൂക്ഷിച്ചുവെച്ച സമ്പാദ്യം മറ്റുള്ളവര്‍ തട്ടിയെടുത്താലോ എന്ന ഭയവും പണക്കാരെ സദാ അലട്ടിക്കൊണ്ടിരിക്കും.
ഈ നിലയ്ക്ക് അര്‍ത്ഥം അനര്ത്ഥംതന്നെ. സ്വന്തം മകനെപ്പോലും പണക്കൊതിയന് സംശയിക്കുകയും ഭയപ്പെടുകയും ചെയ്യും. അതിനാല്‍ അര്‍ത്ഥത്തോടുള്ള സമീപനം വിവേകപൂര്‍വമായിരിക്കണം. അല്ലെങ്കില്‍ ആപത്താണ്. ധനം ജീവിക്കാനാവശ്യമാണ്- ലക്ഷ്യമല്ല. ആവശ്യമായത്ര സമ്പാദിക്കാം, ആവശ്യത്തിന് ചെലവഴിക്കാം. നിങ്ങള്‍ പണം ഉപയോഗിച്ചോളൂ; പണം നിങ്ങളെ ഉപയോഗിക്കരുത്. നിങ്ങളുടെ അധീനത്തിലായിരിക്കണം പണം – അപ്പോള്‍ അതൊരനുഗ്രഹമാണ്. മറിച്ച്, നിങ്ങള്‍ പണത്തിനധീനത്തിലാണെങ്കില് അതൊരു ശാപം തന്നെയായിരിക്കും. അപ്പോള്‍ സുഖം കണികാണാന്‍പോലും കിട്ടില്ല എന്നതത്രെ ധനത്തെ സംബന്ധിച്ച സത്യം- നാസ്തി തതഃ സുഖലേശഃ സത്യം.
വ്യാഖ്യാനം : സ്വാമി ചിന്മയാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: