കൊച്ചി: ശ്രീകൃഷ്ണജയന്തിയുടെ വരവ് അറിയിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ എമ്പാടും പതാകദിനം കൊണ്ടാടി. പ്രധാന കേന്ദ്രങ്ങളിലും, ക്ഷേത്ര സന്നിധികളിലും കാവി പതാക ഉയര്‍ത്തി ജയന്തി സന്ദേശം പകര്‍ന്നു. സപ്തംബര്‍ 8നാണ് ശ്രീകൃഷ്ണജയന്തി. ഗോപൂജ, ഉറിയടി, ഭജന തുടങ്ങിയ പരിപാടികളോടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷം ഉയര്‍ത്തിയ പതാകദിനത്തില്‍ നിരവധി ഗോകുലം പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
ആലുവ: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിച്ച പതാകദിനവും ഗോപൂജയും ആലുവ താലൂക്കില്‍ വിപുലമായ സാംസ്ക്കാരിക പരിപാടികളോടെ ആഘോഷിച്ചു. ആലുവയില്‍ പതാകദിന പരിപാടിയില്‍ ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദര്‍ശി വി.വി.പ്രദീപ്, വിഭാഗ് പ്രൗഢ പ്രമുഖ് കെ.സദന്‍കുമാര്‍, ജില്ലാ പ്രചാരക് പ്രമോദ്, ജില്ലാ സംഘചാലക് ഡോ.അയ്യപ്പന്‍പിള്ള, പ്രൊഫ.ഗോപാലകൃഷ്ണ മൂര്‍ത്തി. യു.രാജേഷ്കുമാര്‍, എം.മോനിഷ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ആലുവ കേശവസ്മൃതി ഹാളില്‍ കുട്ടികളുടെ വിവിധ സാംസ്ക്കാരിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബാലഗോകുലം ജില്ലാ ഭഗിനി പ്രമുഖ ജയശ്രീ സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. തോട്ടയ്ക്കാട്ടുകരയില്‍ നടന്ന മഹാഗോപൂജയും ശിവരാത്രി പൈതൃക ഗ്രാമത്തിലെ ആര്മുത്തശ്ശിയേയും ക്ഷീരകര്‍ഷകരേയും ആദരിക്കുന്ന ചടങ്ങും നടന്നു. പി.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. താലൂക്കിലെ ആഘോഷപരിപാടികള്‍ക്ക് ജനറല്‍ കണ്‍വീനര്‍ എം.മോനിഷ്, ആഘോഷപ്രമുഖ് ആര്.രൂപേഷ്, കാര്യദര്‍ശി ഷനോജ് എന്നിവര്‍ നേതൃത്വം നല്കി.
വൈപ്പിന്‍: മുനമ്പം ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പതാകദിനം ആചരിച്ചു. ക്ഷേത്രങ്ങളിലും പ്രധാന കവലകളിലും കാവിപതാക ഉയര്‍ത്തി. ഉച്ചയ്ക്ക് 2 മണിക്ക് മുനമ്പം വ്യാസ നഗറില്‍ വച്ച് പ്രശ്നോത്തരി, ഉറിയടി, ശ്രീകൃഷ്ണ കഥാപ്രവചനം എന്നീ മത്സരങ്ങള്‍ നടന്നു. നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
വൈകിട്ട് 4 മണിക്ക് നടന്ന കുടുംബ സംഗമം പരിപാടി സ്വാഗതസംഘം അദ്ധ്യക്ഷന്‍ പി.പി.പിമല് അദ്ധ്യക്ഷത വഹിച്ചു. കുടുംബസംഗമം ബാലഗോകുലം സംസ്ഥാന സംഘടനാ സെക്രട്ടറി കെ.കെ.പ്രദീപ് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ സംഘടന സെക്രട്ടറി കെ.കെ.ഷാജി കെ.കെ.പുഷ്ക്കരന്‍, പി.സി.ചിന്നപ്പന് പരമേശ്വരന് വൈദ്ധ്യര്‍, എന്‍.എസ്.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പുത്തന്‍കുരിശ്: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് പരിയാരം മഹാവിഷ്ണുക്ഷേത്രത്തില്‍ പതാകദിനാചരണവും ഗോപൂജയും നടത്തി. ഗോഹത്യക്കെതിരെ പ്രതിജ്ഞയെടുത്തു. ആഘോഷപ്രമുഖ് രാഹുല്‍ പരിയാരം പതാക ഉയര്‍ത്തി. ക്ഷേത്രമേല്‍ശാന്തി മണിസ്വാമി ഗോപൂജ നടത്തി. മഹേഷ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് പി.ഡി.സുധാകരന്, സെക്രട്ടറി പി.എന്‍.ഹരി, പുത്തന്‍കുരിശ് മഹാശോഭായാത്ര ആഘോഷപ്രമുഖ് വിനീഷ് രാമകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
മൂവാറ്റുപുഴ: ടൗണ്‍ ബാലഗോകുലത്തിന്രെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. നഗരത്തിലെ പത്തോളം കേന്ദ്രങ്ങളില്‍ പതാക ദിനം ആചരിച്ചു. ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാനും ക്ഷേത്ര പ്രസിഡന്റുമായ കെ. എ. ഗോപകുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ ചടങ്ങുകള്‍ക്ക് ജില്ലാ സഹ സംഘടന കാര്യവാഹ് പി. പി. രാജീവ്, ജനറല്‍ കണ്‍വീനര്‍ പി. ചന്ദ്രന് എന്നിവര്‍ നേതൃത്വം കൊടുത്തു.
വെള്ളൂര്‍ക്കുന്നം ക്ഷേത്രാങ്കണത്തില്‍ നടത്തിയ ഗോപൂജക്ക് ക്ഷേത്ര പൂജാരി വൈശാഖ് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനമായ ശനിയാഴ്ച വൈകിട്ട് 4ന് മൂവാറ്റുപുഴ നഗരത്തില്‍ മഹാശോഭായാത്ര നടക്കും. നന്ദനാര്പുരം, ശിവപുരം, വാഴപ്പിള്ളി, പുളിഞ്ചുവട്, ശാസ്താംകുടി ക്ഷേത്രം, തൃക്ക, മുടവൂര്‍, തെക്കന്‍കോട് എന്നിവടങ്ങില്‍ നിന്നുള്ള ശോഭയാത്രകള്‍ പി. ഒയില്‍ സംഗമിച്ച് മഹാശോഭയാത്രയായി നഗരം ചുറ്റി വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് വിശേഷാല്‍ പൂജയും ദീപാരാധനയും നടക്കും.
മരട്: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി മരടിലും, കുമ്പളത്തും വിവിധ പ്രദേശങ്ങളില്‍ പതാകാദിനാചരണവും, ഗോപൂജയും നടന്നു. മരട് നഗരസഭ ശ്രീകൃഷ്ണജയന്തി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ കുണ്ടന്നൂരിലും, കുമ്പളം പഞ്ചായത്തില്‍ പനങ്ങാട് ഉദയത്തും വാതിലിലും പതാകദിനം ആചരിച്ചു. നെട്ടൂര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുനെട്ടൂര്‍ മഹാദേവക്ഷേത്രത്തിനു മുമ്പിലാണ് പതാകാദിനാചരണവും ഗോപൂജയും നടന്നത്.
ആഘോഷസമിതി കണ്‍വീനര്‍ കെ.കെ.വാസു പതാക ഉയര്‍ത്തി. രക്ഷാധികാരി വി.ബാഹുലേയന്, കുരുക്ഷേത്ര ജനറല്‍ മാനേജര്‍ ഇ.എന്‍.നന്ദകുമാര്‍, ഹിന്ദുഐക്യവേദി നെട്ടൂര്‍ മേഖലാ പ്രസിഡന്റ് സി.എസ്.ശശിധരന്, തുടങ്ങിയവരും ഭക്തജനങ്ങളും പങ്കെടുത്തു. തുടര്‍ന്ന് മഹാദേവര്‍ ക്ഷേത്രസമുച്ചയത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുമ്പില്‍ ഗോപൂജയും നടത്തി. ക്ഷേത്രം ശാന്തി തേനാളി മഠം ഗണേശന് എമ്പ്രാന്തിരി ഗോപൂജക്ക് കാര്‍മികത്വം വഹിച്ചു. മരട് നഗരസഭാ കൗണ്‍സിലര്‍ സുകുമാരി ഇന്ദ്രന്, തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.
പനങ്ങാട്: ശ്രീകൃഷ്ണജയന്തി പതാക ദിനാചരണം പനങ്ങാട് ഗോപൂജയോടുകൂടി നടത്തി. പനങ്ങാട് ഉദയത്തും വാതില്‍ ക്ഷേത്രത്തിനു മുമ്പില്‍ ഡോ.മഹേഷ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ഗോപൂജയും നടന്നു. പൊതുകാര്യദര്‍ശി രാമചന്ദ്രന് പനങ്ങാട്, സുന്ദരന്‍ എം.എ, ഭാനുവിക്രമന്‍, രാജാറാം, ഭഗിനി പ്രമുഖമാരായ രാജി വേണുഗോപാല്‍, മായാഷാജന്, രാധാ ഉദയത്തും വാതില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദേശത്ത് ചേപ്പനം കോതേശ്വര ക്ഷേത്രം, വ്യാസപുരം ക്ഷേത്രം, നടുത്തുരുത്തി ശ്രീപരമേശ്വരക്ഷേത്രം, ഉദയത്തും വാതില്‍ ഘണ്ടാകര്‍ണ ക്ഷേത്രം, മാടവനജംഗ്ഷന് എന്നിവിടങ്ങളില്‍ പതാക ഉയര്‍ത്തി. നടുത്തുരുത്തി ക്ഷേത്രത്തിലും ഗോപൂജ നടന്നു. ചേപ്പനത്ത് വിജീഷ് പാതക ഉയര്‍ത്തി. ഉയത്തും വാതില്‍ ശ്രീകൃഷ്ണ ക്ഷേത്രപരിസരത്തു നടന്ന പതാക ദിനാചരണത്തില്‍ അമ്മമാരും, കുട്ടികളും ഉള്‍പ്പടെ നിരവധി ഭക്തര്‍ പങ്കെടുത്തു.
മരട് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി മരട്,കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ പതാക ദിനാചരണവും, ഗോപൂജയും, വിപുലമായ പരിപാടികളോടുകൂടി ആചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: