മരട്: നിയമവിരുദ്ധമായി അപകടകാരികളായ സ്റ്റിറോയിഡുകളും ഉത്തേജകമരുന്നുകളും വ്യാപകമായി വില്പന നടത്തുന്ന കേന്ദ്രങ്ങള്‍ നിരീക്ഷണത്തില്‍. ഇതിനുപുറമെ ബോഡിബില്ഡിംഗിനെന്നപേരില് ഹോര്‍മോണുകള്‍ കലര്‍ന്ന പ്രോട്ടീന്‍ പൗഡറുകള്‍ വന്‍ വിലക്ക് വില്‍ക്കുന്ന കടകളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ അപകടകാരികളായ ഇറക്കുമതിചെയ്തവ ഉള്‍പ്പെടെയുള്ള വ്യാജ പൗഡറുകളും ലേഹ്യങ്ങളും ലൈസന്‍സ് ഇല്ലാതെ വില്‍ക്കുന്നതായി ഡ്രഗ്സ് കണ്ട്രോള് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായും സൂചനയുണ്ട്.
നഗരത്തിലും സമീപപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ജിംനേഷ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രോട്ടീന്‍ പൗഡറുകളുടെ വ്യാപാരം തടിച്ചുകൊഴുക്കുന്നത്. ഒരുകിലോ പൗഡറിന് 1000 മുതല്‍ 4000 രൂപവരെയാണ് വില ഈടാക്കുന്നത്. മിക്ക ബ്രാന്റുകളും ഇറക്കുമതിചെയ്തവയാണെന്ന് ലേബലുകള്‍. എന്നാല്‍ പല ഉത്പന്നങ്ങളും അപകടകാരികളായ മൃഗകൊഴുപ്പുകളും ഹോര്‍മോണുകളും രാസപഥാര്‍ത്ഥങ്ങളും അടങ്ങിയവയാണെന്നാണ് പരിശോധനയില്‍ വ്യക്തമാവുന്നത്. മസില്പെരുപ്പിക്കല് മോഹിച്ചുനടക്കുന്ന ചെറുപ്പക്കാരേയും യൗവ്വനമോഹികളേയുമാണ് കച്ചവടക്കാര്‍ വലയില്‍ കുരുക്കുന്നത്. ജിംനേഷ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇരയെ പിടിക്കുന്നതും കച്ചവടം കൊഴുപ്പിക്കുന്നതും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്നവിവരം.
ഡ്രഗ് കണ്ട്രോള് വിഭാഗത്തിനുപുറമെ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചും ഉത്തേജക മരുന്ന് വ്യാപാരകേന്ദ്രങ്ങളെ നിരീക്ഷിക്കുന്നുണ്ട്. അതാതു പോലീസ് സ്റ്റേഷനകളുടെ പരിധിയില്‍ വരുന്ന പ്രദേശത്തെ പ്രോട്ടീന്‍ ഉത്പന്നങ്ങളുടെ വില്പനകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് തയാറാക്കിയിട്ടുണ്ട്. ജിംനേഷ്യങ്ങളുടേയും മറ്റും മറവില്‍ ഉത്തേജകമരുന്നുകളും മയക്കുമരുന്നുകളും വരെ വില്‍ക്കുന്നതായി പോലീസിന്റെ അന്വേഷണത്തിലും വിവരം ലഭിച്ചിട്ടുണ്ട്.
രാസപരിശോധനാ റിപ്പോര്‍ട്ടുകളുടെ പേരില്‍ ബലമില്ലാതെ സ്റ്റിറോയ്ഡുകളും ഹോര്‍മോണുകളും കുത്തിവെക്കുന്നത് അപകടകരമാണെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്. പലപ്പോഴും ഇത് ശരീരം തളരാനും മരണം സംഭവിക്കുവാനും വരെ കാരണമായേക്കാം എന്നാണ് മുന്നറിയിപ്പുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: