മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചം മാറ്റമില്ലാതെ നിത്യസത്യമായി നിലനില്‍ക്കുന്ന ശിവത്തിലേക്ക് ഗമിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിനും അതില്‍ നിലനില്‍ക്കുന്ന എല്ലാ ജീവസ്പന്ദനങ്ങള്‍ക്കും വളര്‍ച്ചയും പരിണാമവും സംഭവിച്ചുകൊണ്ടിരിക്കുന്നു. എത്രയോ ജന്മങ്ങളിലെ വളര്‍ച്ചയുടേയും പരിണാമത്തിന്റെയും ഫലമായാണ് നമ്മുടെ ജീവന് മനുഷ്യതലത്തിലുള്ള ഒരു ജീവിതം കൈവന്നിരിക്കുന്നത്. അത് ചെറിയ കാര്യമാണെന്ന് നിങ്ങളാരും ധരിക്കേണ്ട. ആ പ്രപഞ്ചമാതാവ് എത്രയോ വൈതരണികളിലൂടെയും പരിവര്‍ത്തനങ്ങളിലൂടെയും നമ്മെ കൈപിടിച്ച് വളര്‍ത്തിയാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. എങ്കിലും ഈ പ്രപഞ്ചസത്യങ്ങളെക്കുറിച്ചുള്ള അറിവോ ബോധമോ നമുക്കില്ല. നാം ഇതുവരെ അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടുപോലുമില്ല. നമ്മുടെ പാരമ്പര്യത്തിന്റേയും നാം ജീവിക്കുന്ന സമൂഹത്തിന്റേയും സംസ്കാരങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ചുള്ള ഒരു ജീവിതം നമ്മളും തുടരുന്നു.
ബ്രഹ്മാണ്ഡത്തിലെ എല്ലാ ചലനങ്ങളും ശിവത്തിലേക്കുള്ള പ്രയാണത്തിലാണെങ്കില്‍ നമ്മുടെ അവസ്ഥ എന്താണ്? നാം ഇപ്പോള്‍ എന്തിനെ ലക്ഷ്യമാക്കിയാണ് ജീവിക്കുന്നത്? പ്രപഞ്ച ചലനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണെങ്കില്‍ നാം ശിവത്തിലേക്കുള്ള യാത്രയില്‍ ആയിരിക്കണം. പക്ഷേ, നമ്മുടെ ജീവിത യാഥാര്‍ത്ഥ്യം എന്താണ്? മനസ്സിന്റെ നിസ്സാരമായ ആഗ്രഹങ്ങള്‍ക്ക് പുറകിലുള്ള ഓട്ടമല്ലേ നമ്മുടെ ജീവിതം? അവസാനം നമുക്ക് എന്തുകിട്ടുന്നു? നേടിയതും ആഗ്രഹിച്ചതും എല്ലാം ജലരേഖപോലെ ഒരു ദിവസം അപ്രത്യക്ഷമാകില്ലേ? മരണം നമ്മെ സര്‍വ്വദാ കാത്തുനില്ക്കുന്നു. നമ്മുടെ കണക്കു പുസ്തകത്തില്‍ പ്രപഞ്ചതാളത്തിന് വിരുദ്ധമായി ചെയ്ത കുറേ പാപകര്‍മങ്ങളുടെ കണക്കും പലിശയും പുതുതായി കൂട്ടിച്ചേര്‍ക്കപ്പെടുന്നു. കര്‍മഫലങ്ങളുടെ ചാട്ടവാറടിയേറ്റ് സുഖദുഃഖങ്ങളുടെ ഭാണ്ഡക്കെട്ടുകളും പേറി നാം അലഞ്ഞുതിരിയുന്നു. ഈ ജീവിതം തന്നെയാണ് സംസാരം. ഇന്ന് നാമെല്ലാം വലിയ സംസാരികള്‍ തന്നെ. സംസാരികളുടെ ലോകമാണ് മായാഉലകം. നിഴല്‍ രൂപങ്ങള്‍ മാത്രമേ നാം മായാഉലകത്തില് കാണുന്നുള്ളൂ. നമ്മുടെ ചിന്തകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം നിഴല്‍ രൂപങ്ങള്‍ മാത്രം. പക്ഷേ, അവ നിഴല്‍ രൂപങ്ങളാണെന്ന് നമുക്ക് തിരിച്ചറിവുമില്ല. ഈ നിഴല്‍ രൂപങ്ങള്‍ കണ്ട് നാം ലഹരിപിടിച്ചിരിക്കുന്നു. ഭാര്യ, മക്കള്‍, സമ്പത്ത്, പ്രശസ്തി,അധികാരം അങ്ങനെ ആ പട്ടിക അനന്തമായി നീളുന്നു.
തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: