കൊച്ചി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന് കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ രാവിലെ എട്ടിനു നടക്കുന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. പദ്ധതിയുടെ ജില്ലയിലെ രണ്ടാംഘട്ടം കേന്ദ്രമന്ത്രി കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും. 100 സ്കൂളുകളില്‍ സ്റ്റുഡന്റ് കേഡറ്റ് പദ്ധതി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും ലഹരിയോടുള്ള ആസക്തിക്കെതിരെ കേരളം പദ്ധതി എക്സൈസ് മന്ത്രി കെ.ബാബുവും ഉത്തരവാദിത്ത മാലിന്യനിര്‍മാര്‍ജന കേരളം പദ്ധതി സാമൂഹ്യക്ഷേമമന്ത്രി ഡോ. എം.കെ. മുനീറും സമ്പൂര്‍ണ ആരോഗ്യം പദ്ധതി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും ഉദ്ഘാടനം ചെയ്യും. സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ മേയര്‍ ടോണി ചമ്മണി വിതരണം ചെയ്യും. ശുഭയാത്ര പദ്ധതിയുടെ രണ്ടാംഘട്ടം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മികച്ച സ്റ്റുഡന്റ് പോലീസ് ഡയറി അവാര്‍ഡ് വിതരണം ഹൈബി ഈഡന് എംഎല്‍എയും സമ്മര്‍ക്യാമ്പ് സിഡിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയും നിര്‍വഹിക്കും.
സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കായി നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന യുവ സമൂഹത്തെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 2010-ലാണ് സ്റ്റുഡന്റ് കേഡറ്റ് പദ്ധതിക്കു തുടക്കം കുറിച്ചത്. ആഭ്യന്തരം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മേല്‍നോട്ടത്തിലും തദ്ദേശഭരണം, മോട്ടോര്‍ വാഹനം, വനം, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. എന്‍സിസി, എന്‍എസ്എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളര്‍ത്തുക, വിദ്യാര്‍ഥികളില്‍ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത എന്നിവ വളര്‍ത്തുക, സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടാനും ദുരന്തഘട്ടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനും ഉള്ള മനോഭാവം വിദ്യാര്‍ഥികളില്‍ വളര്‍ത്തുക, സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുക എന്നിവയാണ് മറ്റു പ്രധാന ലക്ഷ്യങ്ങള്‍.
സംസ്ഥാനത്തെ 234 സ്കൂളുകളിലായി 16500 വിദ്യാര്‍ഥികള്‍ക്കാണ് ഇതിനകം പരിശീലനം നല്‍കിയത്. ആദ്യബാച്ചില്‍ 5500 കേഡറ്റുകളാണുള്ളത്. പരിശീലനത്തിന്റെ ഭാഗമായി കായിക ക്ഷമത, ഇന്‍ഡോര്‍, പ്രായോഗിക പരിശീലനത്തിനു പുറമെ സ്ഥല സന്ദര്‍ശനം, ക്യാമ്പുകള്‍ എന്നിവയും നടത്തിയിരുന്നു. നിയമ സാക്ഷരത, ഉത്തരവാദിത്ത മാലിന്യ കൈകാര്യമാര്ഗം, ലഹരിയോടുള്ള ആസക്തിക്കെതിരെ, ശുഭയാത്ര, എന്റെ മരം, സമ്പൂര്‍ണ ആരോഗ്യം, കൂട്ടുകാര്‍ കുടുംബത്തില്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. 2011-ലെ അഖിലേന്ത്യ പൊലീസ് കോണ്‍ഗ്രസിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന് എല്ലാ സംസ്ഥാനങ്ങളിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനം നടപ്പാക്കണമെന്നായിരുന്നു.
വാര്‍ഷികാഘോഷചടങ്ങില്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന് പീറ്റര്‍, പ്രിന്‍സിപ്പല്‍ സി.സി.എഫ്. രാജരാജ വര്‍മ, എഡിജിപി പി. ചന്ദ്രശേഖരന്, ഐജി കെ. പദ്മകുമാര്‍, എക്സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക് പരീത്, സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്. അജിത്കുമാര്‍, ഡിപിഐ എ. ഷാജഹാന്, റൂറല്‍ ജില്ല പോലീസ് മേധാവി കെ.പി. ഫിലിപ്പ്, ബിപിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ മിനു മാത്യു എന്നിവര്‍ ആശംസയര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: