കൊച്ചി: സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ കേരള ഫോക്ലോര് അക്കാദമി സെപ്തംബര്‍ നാലു മുതല്‍ 20 വരെ സംഘടിപ്പിക്കുന്ന സാംസ്കാരിക യാത്ര ‘സമ്പന്ന പൈതൃകം,സൗഹൃദ കേരളം’ സെപ്തംബര്‍ 11-ന് കൊച്ചിയിലെത്തും. ഇതോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടു മുതല്‍ ജില്ലയിലെ നാടന്‍ കലാകാര സംഗമം സംഘടിപ്പിക്കും. സംഗമത്തില്‍ ജില്ലയിലെ നാടന്‍കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സംഘടനകള്‍, പ്രസ്തുത രംഗത്ത് പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന സംഘടനകള്‍, സ്കൂള്‍-കോളേജ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയിലെ പൈതൃക കലകള്‍, അവയുടെ സംരക്ഷണം, അവയുടെ പ്രചാരണത്തിനാവശ്യമായ ജനപങ്കാളിത്തം, ജില്ലയുടെ ചരിത്ര പ്രാധാന്യം, പാരിസ്ഥിതിക-ജൈവ വൈവിദ്ധ്യങ്ങള്‍, പഴയകാല ആചാരാനുഷ്ഠാനങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്രമായ വിവര ശേഖരണമാണ്് നാടന്‍കലാകാര സംഗമത്തിന്റെ മുഖ്യ ലക്ഷ്യം.
സംസ്ഥാന സര്‍ക്കാര്‍ നാടന്‍ കലകളെ പരിപോഷിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഫോക്ലോര് അക്കാദമി മുഖേന നല്കി വരുന്ന പെന്ഷന്, ചികിത്സാധന സഹായം തുടങ്ങിയ ആനുകൂല്യങ്ങളെക്കുറിച്ചും രജിസ്റ്റേഡ് ക്ലബ്ബുകള്‍, ട്രസ്റ്റുകള്‍, ഗ്രന്ഥശാലകള്‍, സ്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അഫിലിയേഷന് നല്കി അക്കാദമി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിക്കുകയും ആവശ്യമായ അപേക്ഷാ ഫോമുകള്‍ വിതരണം ചെയ്യുകയും ചെയ്യും.
വൈകീട്ട് അഞ്ചു മുതല്‍ നടത്തുന്ന സാംസ്കാരിക സമ്മേളനത്തില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് 6 മുതല്‍ 9 വരെ �നാട്ടകം� – നാടന്കലാസന്ധ്യയില് രണ്ടു മണിക്കൂര്‍ ജില്ലയിലെ പൈതൃക കലകളുടെ അവതരണവും ഒരു മണിക്കൂര്‍ അക്കാദമി കലാകാരന്മാരുടെ നാടന്പാട്ടുമുണ്ടായിരിക്കും.
ഇതേക്കുറിച്ചാലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് അധ്യക്ഷത വഹിച്ചു. ഫോക്ലോര് അക്കാദമി സെക്രട്ടറി പ്രദീപ്കുമാര്‍ യാത്രയുടെ ലക്ഷ്യം വിശദീകരിച്ചു. വൈസ്ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ്, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ടി.കലാധരന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: