തൃപ്പൂണിത്തുറ: കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് തുയിലുണര്‍ത്തി തൃപ്പൂണിത്തുറ രാജനഗത്തില് ഇന്ന് അത്താഘോഷം നടക്കും. കൊച്ചിമഹാരാജാവിന്റെ പുറപ്പാടിനെ അനുസ്മരിക്കുന്ന അത്തച്ചമയ ചടങ്ങുകളുടെ ഉദ്ഘാടനം രാവിലെ 9ന് നിയമസഭാ സ്പീക്കര്‍ ജി.കാര്ത്തികേയന് നിര്‍വഹിക്കും. മന്ത്രി കെ.ബാബു അദ്ധ്യക്ഷനായിരിക്കും. മന്ത്രി എ.പി.അനില്‍കുമാര്‍ ഓണസന്ദേശം നല്‍കും. അത്തംനഗറില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി അഡ്വ.അനൂപ് ജേക്കബ് പതാകഉയര്‍ത്തും. എം.പി.മാരായ പി.രാജീവ്, ജോസ്.കെ മാണി, ജില്ലാകളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് അത്തം നഗറില്‍ അണിനിരക്കും. വൈവിധ്യമാര്‍ന്ന ഘോഷയാത്ര ആരംഭിക്കും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്, മുത്തുക്കുടകള്‍, കുട്ടികളുടെ ഡിസ്പ്ലൈ, പരമ്പരാഗത നാടന്‍ കലാരൂപങ്ങള്‍, പുലിക്കളി, വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ രാജനഗരത്തെ വര്‍ണ്ണശബളമാക്കി നഗരത്തിന് പ്രദിക്ഷണമായി എത്തി അത്തംനഗറില്‍ സമാപിക്കും. കലാസന്ധ്യ ഉദ്ഘാടനം 7.30ന് ദേവീമേനോന്റെ ഗസല്‍സ് ആന്റ് ഡ്രീംസ് എന്നിവയുണ്ടാകും. 22ന് വൈകീട്ട് 5.30ന് അക്ഷരശ്ലോക സദസ്, 7.30ന് നാട്ടുകൂട്ടത്തിനു നാടന്‍പാട്ട്, 23ന് 7.30ന് കാക്കശ്ശേരിനാടകം 24ന് വൈകീട്ട് 5.30ന് കഥകളി, 7.30ന് നാടകം, 25ന് കഥാപ്രസംഗം 7.30ന് ഗാനമേള, 26ന് മിമിക്സ് എഷ്യ 7.30ന് മ്യൂസിക് ഫ്യൂഷന്‍ 27ന് നാടന്‍പാട്ട്, ഡാന്‍സ് എന്നിവയും ഉണ്ടായിരിക്കും. അത്തം ഘോഷയാത്ര കാണുന്നതിന് നാടിന്റെ നാനാഭാഗത്തുനിന്ന് ആയിരങ്ങള്‍ തൃപ്പൂണിത്തുറയില്‍ ഇന്ന് എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: