ന്യൂദല്‍ഹി: മുന്‍ എയര്‍ഹോസ്റ്റസ് ഗീതികാശര്മ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹരിയാന മുന്‍മുഖ്യമന്ത്രി ഗോപാല്‍ കന്ദ കീഴടങ്ങി. കീഴടങ്ങിയ കന്ദയെ പോലീസ് അറസ്റ്റ് ചെയ്തു. കന്ദയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ കോടതി കഴിഞ്ഞദിവസം തളളിയിരുന്നു. കഴിഞ്ഞ 12 ദിവസമായി ഒളിവിലായിരുന്ന കന്ദ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഭരത് നഗര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഈ മാസം അഞ്ചിനാണ് ഗീതികയെ ദല്‍ഹിയിലെ വസതിയില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്. ഗോപാല്‍ കന്ദയുടെ ഉടമസ്ഥതയിലുള്ള എം ഡി എം എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായിരുന്നു 23 കാരിയായ ഗീതിക ശര്‍മ്മ. അവിടുത്തെ മറ്റൊരു ജീവനക്കാരിയായ അരുണഛന്ദയും കന്ദയും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും തന്റെ മരണത്തിനുത്തരവാദികള്‍ ഇവര്‍ രണ്ട് പേരാണെന്നും ഗീതിക ആത്മഹത്യാ കുറുപ്പില്‍ എഴുതിയിരുന്നു. ഛന്ദയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന കന്ദക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. കേസുമായി താന്‍ പൂര്‍ണമായി സഹകരിക്കുമെന്ന് കന്ദമാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
അതേസമയം, കന്ദയുടെ കീഴടങ്ങല്‍ ആസൂത്രിതമാണെന്ന് ഗീതികയുടെ സഹോദരന് അങ്കിത് പറഞ്ഞു. ഒളിവില്‍ കഴിഞ്ഞ 12 ദിവസം കൊണ്ട് തെളിവുകള്‍ നശിപ്പിച്ചിരിക്കുമെന്നും, അന്വേഷണം നേരായരീതിയില്‍ നടക്കുമോയെന്ന് സംശയമുണ്ടെന്നും അങ്കിത് പറഞ്ഞു. വിരമിച്ച ജഡ്ജിക്ക് മുമ്പില്‍ കന്ദയെ ചോദ്യം ചെയ്യണമെന്നും ചോദ്യം ചെയ്യല്‍ ക്യാമറയില്‍ പകര്‍ത്തണമെന്നും അങ്കിത ്ആവശ്യപ്പെട്ടു. സംഭവത്തിന്ശേഷം ഗീതികയുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്ജ്ജീവമാക്കിയതിന് പിന്നില്‍ കന്ദയാണ്. ഹരിയാന സര്‍ക്കാരും കാണ്ടയെ സംരക്ഷിക്കുന്നുണ്ടെന്നും അങ്കിത് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഹരിയാന, ഗോവ, സിലിഗുരി,പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 60 ഓളം റെയ്ഡുകള്‍ ദല്‍ഹി പോലീസ് നടത്തിയിരുന്നു. ഗുര്‍ഗാവിലെ വസതിയില്‍ നിന്ന് കഴിഞ്ഞ 8 മുതലാണ് കന്ദ ഒളിവില്‍ പോയത്. കേസില്‍ ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര് മന്ത്രി സ്ഥാനം കന്ദ രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: