പെരുമ്പാവൂര്‍: കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ടാക്സി ഡ്രൈവറുടെ മരണത്തില്‍ ദുരൂഹത മാത്രം ബാക്കിയാകുന്നു. അന്വേഷണം ഏതുവഴിയില്‍ തുടങ്ങണമെന്നറിയാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. ബുധനാഴ്ച ഉച്ചയോടെ പെരുമ്പാവൂരില്‍ നിന്ന് ഇടുക്കിജില്ലയിലെ പൂപ്പാറയിലേക്കാണ് ഓട്ടം വിളിച്ചിരുന്നത്. പിന്നീട് വ്യാഴാഴ്ച രാവിലെ രായമംഗലം പഞ്ചായത്തില്‍ നെല്ലിമോളം തായ്ക്കരചിറ റോഡിലാണ് ഡ്രൈവറായ ഹൈദരാലിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. യുവാവായ ഒരാളാണ് ഓട്ടം വിളിച്ചതെന്ന് പറയപ്പെടുന്നു. ഇയാള്‍ വായ്ക്കരയിലാണ് താമസമെന്നും പൂപ്പാറയിലുള്ള ഭാര്യയെ കൂട്ടിക്കൊണ്ടുവരുന്നതിനാണ് വാഹനം വിളിക്കുന്നതെന്നുമാണ് പറഞ്ഞതെന്നാണ് സംസാരം.
എന്നാല്‍ കൊല്ലപ്പെട്ട രാത്രിയില്‍ 12 മണിയോടെ ഹൈദരാലി വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നതായും പറയുന്നു. ഫോണ്‍ ചെയ്യുമ്പോള്‍ ഇദ്ദേഹം പൂപ്പാറ ടവറിന് കീഴിലായിരുന്നുവെന്നും പറഞ്ഞ് കേള്‍ക്കുന്നു. എന്നാല്‍ കുറുപ്പംപടിയിലെ ടാക്സി സ്റ്റാന്റിലും ഒരാള്‍ ചെന്ന് പൂപ്പാറയിലേക്ക് ടാക്സി ഓട്ടം വിളിച്ചതായി ഡ്രൈവര്‍മാര്‍ പറയുന്നു. കൊല്ലപ്പെട്ട ഹൈദരാലിയുടെ ഇന്റിക്കകാര് നഷ്ടപ്പെട്ടിട്ടുമുണ്ട്. കുറുപ്പംപടി പെരുമ്പാവൂര്‍ മേഖലകളില്‍ നിന്ന് അടുത്തകാലത്തായി നിരവധി ഇന്റിക്ക കാറുകള്‍ മോഷണം പോയിട്ടുണ്ട്. മയക്കുമരുന്ന് സ്പിരിറ്റ് കടത്തിന് ഇത്തരം കാറുകളാണ് ഉപയോഗിക്കുന്നതെന്നും ചില പോലീസ് ഉദ്യോഗസ്ഥരും പറയുന്നു.
എന്നാല്‍ മൃതദേഹം കിടന്നിരുന്ന നെല്ലിമോളം തായ്ക്കര ചിറ റോഡ് വിജയനമായ പ്രദേശമല്ല. നിരവധി വീടുകള്‍ ഉള്ള പ്രദേശത്താണ് മൃതദേഹം കിടന്നിരുന്നത്. എംസി റോഡില്‍ നിന്നു ആരംഭിച്ച് നെല്ലിമോളത്ത് പെരിയാര്‍വാലി കനാല്‍ ബണ്ടിലാണ് ഈ റോഡ് അവസാനിക്കുന്നത്. പരിചയക്കാര് ആരെങ്കിലും ഈ കൊലക്ക് പിന്നില്‍ ഉണ്ടാകാമെന്നും സംശയം ഉയരുന്നുണ്ട്. എന്നാല്‍ ഹൈദരാലി പ്രത്യേകിച്ചൊരു രാഷ്ട്രീയമോ സംഘടനയുടേയോ ആളല്ലെന്നും ആര് വന്ന് വിളിച്ചാലും ഓട്ടം പോകുന്ന പ്രകൃതക്കാരനായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ചും തലക്കടിച്ചുമാണ് കൊലചെയ്തതെന്നാണ് പറയുന്നത്. വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന വാഹനമോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നത്.
ടാക്സി ഡ്രൈവറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ പണിമുടക്കി. പ്രതിഷേധ മൗനജാഥയും അനുശോചന യോഗവും നടന്നു. ടി.ബി.അസൈനാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഡ്വ.എന്‍.സി.മോഹനന്, കെ.പി.റജിമോന്‍, സി.കെ.അബ്ദുള്ള, സി.പി.രാധാകൃഷ്ണന്, മണികണ്ഠന്, ഉമ്മര്‍ കോട്ടയില്‍, ടി.എന്‍.സദാശിവന് തുടങ്ങിയവര്‍ സംസാരിച്ചു. ഹൈദരാലിയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അനാഥമായ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തര ധനസഹായം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: