വാഷിംഗ്ടണ്‍: യുഎസിലെ വിസ്കോണ്‍സിനില്‍ സിഖ് മത വിശ്വാസിയായ കടയുടമ അക്രമികളുടെ വെടിയേറ്റുമരിച്ചു. പച്ചക്കറി വ്യാപാരം നടത്തുന്ന ദല്‍ബീര്‍ സിംഗ്(56) എന്നയാളാണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് സംശയിക്കുന്നതായി യുഎസ് പോലീസ് പറഞ്ഞു.
വിസ്കോണ്‍സിന്‍ ഗുരുദ്വാര കമ്മിറ്റിയിലെ അംഗവും കൂടിയാണ് കൊല്ലപ്പെട്ട ദല്‍ബീര്‍. കടയ്ക്കുള്ളിലേയ്ക്കു തോക്കുമായെത്തിയ അക്രമി ദല്ബീറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
ഓഗസ്റ്റ് അഞ്ചിന് ഇവിടുത്തെ ഓക്ക് ക്രീക്ക് ഗുരുദ്വാരയില്‍ ഉണ്ടായ വെടിവയ്പ്പില്‍ ആറു പേര് മരിച്ചിരുന്നു. ഇതിനു പിന്നാലെ ഉണ്ടായ ഈ സംഭവം സിഖ് സമുദായക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കയില്‍ അഞ്ചു ലക്ഷത്തിലധികം സിഖ് മത വിശ്വാസികള്‍ ഉണ്ടെന്നാണ് കണക്ക്. അല്‍-ക്വയ്ദ ഭീകരര്‍ 2001 സെപ്റ്റംബര്‍ 11ന് നടത്തിയ ആക്രമണത്തിനുശേഷം സിഖ് മതവിശ്വാസികള്‍ക്കു നേരേ അമേരിക്കയില്‍ വ്യാപക ആക്രമണങ്ങളുണ്ടായിരുന്നു.
സിഖുകാരെ മുസ്ലിം തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് അമേരിക്കയിലെ പ്രാദേശിക ഭീകരവാദികള്‍ ആക്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: