മാറാട് കൂട്ടക്കൊലക്കേസില്‍ ഹൈക്കോടതിയുടെ വിധിക്കും കണ്ടെത്തലുകള്‍ക്കും ഒട്ടേറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. സമാനതകളില്ലാത്തതും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചതുമായ ഈ കൂട്ടക്കൊലക്കേസില്‍ പൊതുജനസമൂഹത്തിന്റെ ഉല്‍ക്കണ്ഠയും അമര്‍ഷവും കണക്കിലെടുക്കാനും ഉന്നത നീതിപീഠത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും വിധിക്ക് സാധിച്ചു. അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് സത്യത്തെയും നീതിയെയും മറച്ചുപിടിക്കാനോ മണ്ണിട്ട് മൂടാനോ കഴിയില്ലെന്നും വൈകിയാണെങ്കിലും ജനങ്ങളുടെ ഇച്ഛാശക്തിക്ക് മുന്നില്‍ അധാര്മ്മികശക്തികള്ക്ക് കീഴടങ്ങേണ്ടിവരുമെന്നുമുള്ള മഹദ്വചനങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് വിധി തെളിയിച്ചു.
ഇത്രയേറെ വിപുലവും വിസ്തൃതവുമായ ഒരു കേസ് കോടതിയുടെ പരിഗണനക്ക് വരുന്നത് കേരളത്തിലാദ്യമാണ്. 9 പേര് കൊല്ലപ്പെട്ട ഈ കേസില്‍ 139 പ്രതികളും 266 സാക്ഷികളുമുണ്ട്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും ഭാഗത്തുനിന്നും മൊത്തം കോടതി മുമ്പാകെ പരിശോധിച്ച രേഖകള്‍ 855 ആണ്. തൊണ്ടിസാധനങ്ങള്‍ മാത്രം 365 എണ്ണമുണ്ടായിരുന്നു. വൈപുല്യംകൊണ്ടും ജനകീയ ശ്രദ്ധ പിടിച്ചുപറ്റുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത സംഭവം എന്ന നിലയിലും ഈ കേസ് എന്തുകൊണ്ടും പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഒരേ കേസില്‍ 63 പേരെ ജീവപര്യന്തം ശിക്ഷിച്ച കേസ് ജില്ലാ സെഷന്‍സ് കോടതിയുടെയോ 24 പേരെ ഒറ്റയടിക്ക് ജീവപര്യന്തം ശിക്ഷിച്ച കേസ് ഹൈക്കോടതിയുടെയോ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
ഒന്‍പത് വര്‍ഷം സിബിഐ അന്വേഷണത്തിന് വേണ്ടി ജനങ്ങള്‍ പ്രക്ഷോഭം നടത്തിയിട്ടും ഇന്നും അത് നടക്കാതെ പോയിട്ടുള്ളത് മാറാട് കൂട്ടക്കൊലക്കേസില്‍ മാത്രമാണ് എന്നത് മറ്റൊരു സവിശേഷത. ചെറിയ കേസുകള്‍ പോലും സിബിഐ അന്വേഷണം നടത്തുവാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്ന ഇക്കാലത്ത് മാറാട് കൂട്ടക്കൊലക്കേസില്‍ മാത്രം സിബിഐ അനേഷണം നടക്കുന്നില്ലെന്നത് വളരെയേറെ അതിശയകരമായിരിക്കുന്നു. ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന്, കേരള നിയമസഭ, കേരള സര്‍ക്കാര്‍ തുടങ്ങിയ അധികൃതരെല്ലാം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടും നടക്കാത്ത ഒരു കേസ് ഈ ഭാരതത്തിലുണ്ടെങ്കില്‍ അതും മാറാട് കൂട്ടക്കൊലക്കേസായിരിക്കും.
2003 ഒക്ടോബര്‍ 5 നാണ് മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ സാന്നിധ്യത്തില്‍ ഹിന്ദു-മുസ്ലീം നേതാക്കള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഒപ്പുവെച്ച് മാറാട് പ്രശ്നം പരിഹരിച്ചത്. നഷ്ടപരിഹാരം, ആശ്രിതര്‍ക്ക് തൊഴില്‍ തുടങ്ങി 10 ആവശ്യങ്ങളില്‍ 9 എണ്ണം പൂര്‍ണമായും അംഗീകരിച്ചു. ഗൂഢാലോചന, ധനസ്രോതസ്സ്, തീവ്രവാദിബന്ധം, അന്തര്‍ സംസ്ഥാന ബന്ധം തുടങ്ങിയ വിഷയങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ഹിന്ദുക്കളുടെ ആവശ്യം താത്വികമായി അംഗീകരിക്കുകയും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയശേഷം മേല്‍ നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തു. പക്ഷേ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം സിബിഐ അന്വേഷണം പാടില്ലെന്നായിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന് എജിയുടെ വാദഗതികള്‍ തള്ളിക്കൊണ്ട് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. ഗൂഢാലോചന നടന്നുവെന്നതിന് എല്ലാവിധ തെളിവുകളും ഉണ്ടായിരിക്കെ ആ വക വിഷയങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കാതിരിക്കുന്നത് കുറ്റകരമായ വീഴ്ചയാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
കമ്മീഷന്റെ ശുപാര്‍ശകള്‍ കേരള നിയമസഭയും മന്ത്രിസഭയും അംഗീകരിച്ചു. സിബിഐ അന്വേഷണത്തിനായി കേന്ദ്രത്തിന് കത്തെഴുതി. മാറാട് അരയസമാജത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയും നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടീലിനെ കണ്ട് നിവേദനം സമര്‍പ്പിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സിബിഐ അന്വേഷണത്തിന് ഹിന്ദുസംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തി.
ഗൂഢാലോചനക്കാരെ കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തലവന് മഹേഷ്കുമാര്‍ സിംഗ്ലക്ക് വിശിഷ്ട സേവാമെഡല്‍ നല്കി ആദരിക്കുവാനാണ് കേരളസര്‍ക്കാര്‍ തയ്യാറായത്. ഈ തിടുക്കവും ഉത്സാഹവും ക്രൈംബ്രാഞ്ചിന്റെ കൃത്യവിലോപം കൊണ്ട് നീതി നിഷേധിക്കപ്പെട്ട മാറാടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആക്ഷേപങ്ങളും ആവലാതികളും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ചില്ലെന്നതാണ് ഖേദകരം. കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മാറാടുള്ള പീഡിതരായവര്‍ സമര്‍പ്പിച്ച സിബിഐ അന്വേഷണ ഹര്‍ജികളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമായ ഉത്തരം നല്‍കാതെ ചാഞ്ചാടിക്കളിച്ചു.
2007 ല്‍ കേരള സര്‍ക്കാര്‍ പ്രദീപ്കുമാര്‍ എന്ന പോലീസ് ഒാഫീസറുടെ നേതൃത്വത്തില്‍ ഗൂഢാലോചന തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കുന്നതിന് ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുകയുണ്ടായി. മുസ്ലീംലീഗ് നേതാവ് മായിന്‍ഹാജി, മൊയ്തീന് കോയ തുടങ്ങിയവര്‍ക്കെതിരെ കോഴിക്കോട് കോടതിയില്‍ എഫ്ഐആര്‍ പോലീസ് ഫയല്‍ ചെയ്തു. ഈ റിപ്പോര്ട്ടിന്മേല് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല പ്രദീപ്കുമാറിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു.
മാറാട് കൂട്ടക്കൊലക്കേസ് തേച്ചുമാച്ചുകളയുവാനും അട്ടിമറിക്കുവാനും പിന്‍വാതിലില്‍ ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇതോടെ ബോധ്യമായി. ഈ സന്ദര്‍ഭത്തിലാണ് സിബിഐ അന്വേഷണമാകാമെന്ന വാദവുമായി മുസ്ലീംലീഗ് രംഗത്തുവന്നത്. ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന് മുമ്പാകെ സിപിഎമ്മും മുസ്ലീംലീഗും സിബിഐ അന്വേഷണത്തെ അനുകൂലിച്ചായിരുന്നില്ല തെളിവുകള്‍ നല്‍കിയിരുന്നത്. പക്ഷേ രണ്ടുകൂട്ടരും നിലപാടുകള്‍ പിന്നീട് തിരുത്തി. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും അന്വേഷണം സിബിഐക്ക് വിടുന്നതിലെന്താണ് തടസമെന്ന് ചോദിച്ചു. പുറത്ത് എല്ലാവരും ഒരുപോലെ സിബിഐ അന്വേഷണമാകാമെന്ന് പറയുന്നു. പക്ഷേ അകത്ത് എന്ത് നടക്കുന്നു എന്നത് ഇനി അറിയാനിരിക്കുന്നതേയുള്ളൂ.
ഈ സാഹചര്യത്തിലാണ് നാം ഇന്നലത്തെ ഹൈക്കോടതിവിധിയെ വിലയിരുത്തേണ്ടത്. കൊല്ലപ്പെട്ട പുഷ്പരാജന്റെ അമ്മ ശ്യാമള കൊടുത്ത റിവിഷന്‍ പെറ്റീഷന് ഹൈക്കോടതി സ്വീകരിച്ചുകൊണ്ട് നടത്തിയിട്ടുള്ള അഭിപ്രായപ്രകടനം പ്രത്യേകം ശ്രദ്ധേയമാണ്. “മാറാട് കൂട്ടക്കൊലക്കുവേണ്ടി നടന്ന ഗൂഢാലോചനക്ക് വളരെ ആഴത്തിലുള്ള വേരോട്ടമുണ്ട്. യാതൊരു പ്രാധാന്യവുമില്ലാത്ത പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു. അന്വേഷണ ഉദ്യോഗസ്ഥന് യഥാര്‍ത്ഥ ഗൂഢാലോചനക്കാരെ മറികടന്ന് അന്വേഷണം നടത്തിയത് ദുരൂഹമായ കാരണങ്ങളാലാണ്. വളരെ ശക്തവും ഗൗരവവുമേറിയ അന്വേഷണം വേണമെന്ന് പറയുവാന്‍ ഞങ്ങള്‍ക്ക് യാതൊരു സന്ദേഹവുമില്ല. യഥാര്‍ത്ഥ പ്രതികളെ പിടികൂടുവാന്‍ ഈ അന്വേഷണം അനിവാര്യമാണ്. എന്തായിരുന്നു ഗൂഢാലോചന, ആരായിരുന്നു യഥാര്‍ത്ഥ ഗൂഢാലോചകര്‍ എന്നിവ വെളിച്ചത്തു കൊണ്ടുവരണം” ഹൈക്കോടതിയുടെ ഈ വിലയിരുത്തല്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്കും അനിവാര്യതയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്.
161-ാമത്തെ പ്രോസിക്യൂഷന് സാക്ഷിയായ മായിന്‍ഹാജി കോടതിയില്‍ നേരിട്ട് ഹാജരാവുകയും പ്രതികള്‍ പ്രതികാരം ചെയ്യുമെന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന് പ്രദീപ്കുമാറിന്റെ എഫ്ഐആര്‍ അനുസരിച്ചും കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലും മായിന്‍ഹാജിക്കെതിരെ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല എന്ന ചോദ്യം അവശേഷിക്കുന്നു.
കൊന്നവര്‍ ആരെല്ലാമെന്നത് കോടതിക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പക്ഷേ കൊല്ലിച്ചവര്‍ ആരെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നാണ് ഹൈക്കോടതി ഇന്നലെ പറഞ്ഞത്. ഉത്തരം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
മാറാട് കേസ് വീണ്ടും സജീവ ചര്‍ച്ചാവിഷയമായിരിക്കുന്നു. അധികാരവും പണവും ഉപയോഗിച്ച് സത്യത്തെ ഗളച്ഛേദം ചെയ്യാനാവുകയില്ലെന്ന പാഠമാണ് മാറാട് ലോകത്തിന് നല്‍കുന്നത്. ആ സത്യം അറിയാന്‍ ഇനിയും എത്ര ദിവസവും ദൂരവും വേണ്ടിവരും? ഉടനെയായാല്‍ അത്രയും നന്ന്.
കുമ്മനം രാജശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: