കാലവര്‍ഷം കലിതുള്ളില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം കനത്ത നാശനഷ്ടങ്ങളോടെ ഉരുള്‍പൊട്ടലടക്കം ഉണ്ടായത്. വടക്കന്‍ കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെയാണ് ദുരന്തം ഏറെ തളര്‍ത്തിയിരിക്കുന്നത്. ഇതുവരെ ഒമ്പതു പേരുടെ ജീവന് നഷ്ടപ്പെട്ടു. പൊതുവെ മഴ കുറഞ്ഞുവെന്ന ഉത്കണ്ഠപ്പെടലിനിടയ്ക്കാണ് ഓര്‍ക്കാപ്പുറത്ത് പെരുമഴയും ഉരുള്‍പൊട്ടലുമുണ്ടായത്. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളായ തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളില്‍പ്പെട്ട പുല്ലൂരാംപാറയ്ക്കടുത്ത കൊടക്കാട്ടുപാറ, ആനക്കാംപൊയിലിനുസമീപം മഞ്ഞുവയല് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കനത്തമഴയും ഇരുട്ടും മൂലം രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായിരുന്നു. എങ്കിലും കഴിയും വേഗത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നാട്ടുകാര്‍ക്കും ഒപ്പം ഉദ്യോഗസ്ഥര്‍ക്കും സാധിച്ചു. ഉരുള്‍പൊട്ടലില്‍ വീടുകള്‍ നിന്നസ്ഥലം അപ്പാടെ ഒലിച്ചുപോവുകയാണുണ്ടായത്. പൊതുവെ മഴകുറഞ്ഞ അന്തരീക്ഷമായതിനാല്‍ ഇത്തരമൊരു ദുരന്തത്തെക്കുറിച്ച് ആരും ബോധവാന്മാരായിരുന്നില്ല എന്നതാണ് സത്യം. കാശ്മീരിലും ഉത്തരാഖണ്ഡിലും ഉണ്ടായതുപോലെയുള്ള മേഘസ്ഫോടന സാധ്യത ഇതിന്റെ പിന്നിലുണ്ടോ എന്ന് വിദഗ്ധര്‍ സംശയിക്കുന്നുണ്ട്. പൊടുന്നനെ തുള്ളിക്കൊരു കുടം എന്ന കണക്കിലാണ് പേമാരി അലറിപ്പെയ്തത്. രാവിലെ മുതല്‍ തുടങ്ങിയ മഴ പിന്നീടാണ് ശക്തിയാര്‍ജിച്ചത്. തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ കിഴക്കന്‍ മേഖലകളില്‍ ഉണ്ടാകുന്ന സാധാരണ ഉരുള്പൊട്ടലുമാകാം ഇതെന്നും പറയുന്നുണ്ട്. ഏതായാലും ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ദുരന്തം കനത്ത സാമ്പത്തിക നഷ്ടവും വരുത്തിവെച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരു പാലം മൊത്തം ഒലിച്ചു പോവുകയായിരുന്നു. ഒരു ബൈക്കും കാറും അപ്പോള്‍ പാലത്തിലുണ്ടായിരുന്നു. അതിനൊപ്പം പഴശ്ശി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാത്തതുമൂലം വെള്ളം കരകവിഞ്ഞൊഴുകിയതിനാല്‍ ഇരിട്ടി ടൗണ്‍ അപ്പാടെ വെള്ളത്തിലായി. അണക്കെട്ടിന്റെ ഷട്ടര്‍ യഥാസമയം പ്രവര്ത്തിപ്പിക്കേണ്ടവരുടെ അനാസ്ഥയാണ് ദുരന്തത്തിന് വഴിവെച്ചതെന്ന കാര്യത്തില്‍ സംശയമില്ല. പതിനഞ്ചു ഷട്ടറുള്ള അണക്കെട്ടിന്റെ എട്ട് ഷട്ടര്‍ ഒരു വിധം തുറന്നെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. തയ്യാറെടുപ്പുകള്‍ക്ക് ആലസ്യത്തിന്റെ അലംഭാവം അകമ്പടിയാവുന്ന ഭരണകൂട സംസ്കാരം ഓരോ ദുരന്തമുഖവും കൂടുതല്‍ വികൃതമാക്കുകയാണ്. എന്നും ഇങ്ങനെ തന്നെയെന്ന അവസ്ഥ മാറുന്നില്ല. മഴ തകര്‍ത്ത് പെയ്ത് ദുരന്തം വാ പിളര്ന്നെത്തുമ്പോഴാണ് ആശ്വാസനടപടികളെക്കുറിച്ച് അധികൃതര്‍ ആലോചിച്ചു തുടങ്ങുക. അപ്പോഴേക്കും വിലപ്പെട്ടതൊക്കെ നാമാവശേഷമായിട്ടുണ്ടാവും. മഴക്കാലത്തിന്റെ ധാരാളിത്തത്തില്‍ അമരുന്ന സാധാരണക്കാരും അധികൃതരും വരാന്‍പോകുന്ന കൊടിയ വരള്‍ച്ചയെക്കുറിച്ച് ചിന്തിക്കുന്നേയില്ല. ഒടുവില്‍ ആ ഭീകരസത്യം അറിഞ്ഞു തുടങ്ങുമ്പോള്‍ ഇരുട്ടുകൊണ്ടുള്ള ഓട്ടയടക്കലാണ് പിന്നെ. ഈയൊരു സമീപനം മാറാത്തിടത്തോളം കാലം ഇന്നത്തെ അവസ്ഥയ്ക്ക് ഒരു പുരോഗതിയും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
നിയമപ്രകാരം എല്ലാവിധ സംവിധാനങ്ങളും ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് ജനങ്ങള്‍ കഴിയുന്നതെന്ന് വ്യക്തമാണ്. ഇരിട്ടി ടൗണും ശ്രീകണ്ഠാപുരവുമൊക്കെ വെള്ളത്തിനടിയിലാവാന്‍ കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയാണ്. പഴശ്ശി അണക്കെട്ട് ഒരു പക്ഷേ, തെന്നി നീങ്ങാന്‍ പോലും ഇടയാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഷട്ടറുകളുടെ പരിപാലനത്തില്‍ ആരും ശ്രദ്ധിക്കുന്നില്ല എന്നു വേണം കരുതാന്‍. കോടികള്‍ ഇതിനായി അനുവദിക്കുന്നുണ്ടെങ്കിലും അതെല്ലാം ഉദ്യോഗസ്ഥരും കരാറുകാരും പങ്കിട്ടെടുക്കുന്ന സ്ഥിതിയുമുണ്ട്. ഇത്രമാത്രം ഗുരുതരമായ അന്തരീക്ഷമുണ്ടായിട്ടും ഷട്ടര്‍ തുറക്കുന്നതിന് നേതൃത്വം കൊടുക്കേണ്ട ഒറ്റ ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടായിരുന്നില്ലത്രെ. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ജനങ്ങള്‍ക്ക് എല്ലാവിധ ആശ്വാസ നടപടികളുമായി സര്‍ക്കാര്‍ രംഗത്തുവരണം. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും ഭാവി കൂടതല്‍ ഇരുളടയാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കണം ഡിസ്സാസ്റ്റര്‍ മാനേജ്മെന്റ് അക്ഷരാര്‍ത്ഥത്തില്‍ പ്രവൃത്തി പഥത്തില്‍ എത്തുകയും വേണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവെ ഉണ്ടാകാറുള്ള ഫണ്ട് വിനിമയത്തിലെ കെടുകാര്യസ്ഥത പ്രത്യേകം ശ്രദ്ധിക്കാനും മറന്നുപോകരുത്.
റോഡ് വികസനത്തിന്
ശ്വാസംമുട്ടുന്നു
കോഴിക്കോട് നഗരം അനുദിനം വികസിക്കുമ്പോള്‍ ജനങ്ങള്‍ ശ്വാസംമുട്ടികഴിയണമെന്നത്രേ അധികൃതപക്ഷം. കാല്‍നൂറ്റാണ്ടിലേറെയായി റോഡ് വികസിപ്പിക്കണമെന്ന മുറവിളി ഉയര്‍ത്തിയിട്ടും ബന്ധപ്പെട്ട അധികൃതരും അവരെ അതിന് പ്രേരിപ്പിക്കേണ്ട ജനപ്രതിനിധികളും പരസ്പരം ഒളിച്ചുകളി ക്കുകയാണ്. ഇതില്‍പെട്ട് നട്ടം തിരിയുന്നത് ഫ്രാന്‍സിസ് റോഡ്- പൊക്കുന്ന് റോഡ് ഉപയോഗിക്കുന്നവരും. ഈ റോഡിന്റെ വികസനം ലക്ഷ്യമിട്ട് നിരന്തരം യോഗങ്ങളും പ്രഖ്യാപനങ്ങളും ഉറപ്പുകളും ഉണ്ടാവുന്നുവെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തുന്നില്ല. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ചുകൊണ്ടുള്ള ക്രൂരമായ നാടകം തുടരുകതന്നെയാണ്.
റോഡിന്റെ വീതി കൂട്ടാനാവശ്യമായ സ്ഥലമെടുപ്പ് നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ജൂലൈ 23ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞെങ്കിലും അതും പാഴ്വാക്കായി. മന്ത്രി ഡോ. എം.കെ. മുനീറിന്റെ മണ്ഡലത്തില്‍പ്പെടുന്ന ഈ റോഡിന്റെ വികസനത്തിന് നിരന്തരം തുരങ്കം വെക്കുന്നത് ആരെന്ന് വ്യക്തമല്ല. റോഡ് വികസനം സംബന്ധിച്ച നഗരപാത വികസനപദ്ധതിയുടെ കോഴിക്കോട് ഓഫീസില്‍ നിന്നുള്ള ഫയല്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെങ്കിലും അവിടെ നിന്ന് ഉത്തരവ് വരുന്നില്ല. ചിലരുടെ ഇടപെടലാണത്രെ ഇതിന് കാരണം. ഇത് മറികടന്ന് ജനങ്ങളെ സ്നേഹിക്കാന്‍ കഴിയുന്ന ഒരു സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: