പള്ളുരുത്തി: കുമ്പളങ്ങിയില്‍ യുവാവ് കായലില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിനുപിന്നിലെ ദൂരുഹതകളെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിക്കൊണ്ട് ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. കഴിഞ്ഞ മെയ് 5നാണ് കുമ്പളങ്ങികോയ ബസാറിനു സമീപം പാലക്കല്‍ വീട്ടില്‍ ഷാജി (39) ഭാര്യയുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് കായലില്‍ ചാടി ആത്മഹത്യചെയ്തത്.
സംഭവം ഇങ്ങിനെ. സംഭവംനടന്ന ദിവസം ഷാജി ഭാര്യയുടെ മൊബെയില്‍ ഫോണിലേക്ക് വരുന്നവിളികളെക്കുറിച്ച് അന്വേഷിച്ചതിനെത്തുടര്‍ന്ന് വഴക്കു നടന്നിരുന്നു. വഴക്കിനിടയില്‍ ഷാജിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു. നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് ഷാജിയെ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സ്ക്ട്രറില്നിന്നും എഴുന്നേറ്റോടിയ ഷാജി പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അന്നേദിവസം തന്നെ ഷാജിയുടെ ഭാര്യക്കും പരിക്കുകള്‍ ഏറ്റിരുന്നു. എന്നാല്‍ ഷാജിയുടെ കഴുത്തില്‍ സ്വയം ഉണ്ടാക്കിയ മുറിവല്ല മൂന്നാമതൊരാള്‍ കടന്നെത്തി ഷാജിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ ബന്ധുക്കള്‍ ആരോപിച്ചത്. കേസന്വേഷിച്ച പള്ളുരുത്തി പോലീസ് ഷാജിയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നും ഏകപക്ഷീയ നിലപാടെടുത്ത് കേസ് അവസാനിപ്പിക്കുകയായിരുന്നുവെന്നും വീട്ടുകാര്‍ മേലുദ്യോഗസ്ഥര്‍ക്ക് നല്കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സിലിനു രൂപം നല്കി. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതിനല്‍കിയതിനെത്തുടര്‍ന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനുവിട്ടുകൊണ്ട് ആഭ്യന്തരമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്. ഷാജിയെ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സമീപത്തുള്ള ഒരാളെ ചൂണ്ടിക്കാട്ടി എന്റെ ജീവിതം നശിപ്പിച്ചത് ഇവനാണെന്ന് പറഞ്ഞ് ഒച്ചവെച്ചിരുന്നു. ഇതേക്കുറിച്ചും അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: