കൊച്ചി: സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ എറണാകുളം ജില്ലയില്‍ പലസ്ഥലത്തും അക്രമം നടന്നു. അക്രമം നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിക്കേണ്ടിവന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നെങ്കിലും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. തീവണ്ടി ഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. സ്വകാര്യബസുകള്‍, ടാക്സി, ഓട്ടോറിക്ഷകള്‍ എന്നിവ നിരത്തില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്ക്കുള്ള യാത്രക്കാരുടെ വരവിനെ സര്‍വ്വീസ് ബാധിച്ചില്ല.
കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തിയില്ല. പോലീസ് അകമ്പടിയോടെ കാക്കനാട്ടേക്ക് പതിനൊന്നരയോടെ രണ്ടുബസുകള്‍ ഓടിച്ചതൊഴിച്ചാള് എറണാകുളം ഡിപ്പോയില്‍നിന്നും വൈകിട്ട് 6 മണിവരെ സര്‍വീസ് തടസ്സപ്പെട്ടു. പശ്ചികൊച്ചിയിലേക്കും മറ്റുമുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ സര്‍വീസ് നടത്തിയില്ല.
ബ്രോഡ്വേ, എറണാകുളം മാര്‍ക്കറ്റ് എംജി റോഡ് ഉള്‍പ്പടെ പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളും, ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല. തുറന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍തന്നെ ഹാജര്‍ നില കുറവായിരുന്നു. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ 25 ശതമാനത്തോളം ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്.
കൊച്ചി കപ്പല്‍ശാലയുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ബാധിച്ചില്ലെങ്കിലും തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം തടസ്സപ്പെട്ടു. ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചില്ല. എറണാകുളം റേഞ്ച് ഐജി പത്മകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിപി ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് നഗരത്തിലൊരുക്കിയിരുന്നത്. വൈറ്റില, കടവന്ത്ര, തേവര, എറണാകുളം ജെട്ടി, ഹൈക്കോടതി ജംഗ്ഷന്, കച്ചേരിപ്പടി, കലൂര്‍ ,പാലാരിവട്ടം, ഇടപ്പള്ളി തുടങ്ങിയ പ്രധാനസ്ഥലങ്ങളില്‍ പോലീസ് സംഘങ്ങള്‍ നിലയുറപ്പിച്ചിരുന്നു.
മരട് നഗരസഭയിലും കുമ്പളം, പൂണിത്തുറ പ്രദേശത്തും ഹര്‍ത്താല്‍ ഭാഗികവും സമാധാനപരവുമായിരുന്നു. കടകള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളും ചെറുകാറുകളും നിരത്തിലിറങ്ങി.
ഹര്‍ത്താലില്‍ പള്ളുരുത്തിയില്‍ വ്യാപക അക്രമം. പ്രകടനമായി നിരത്തിലിറങ്ങിയ സിപിഎമ്മുകാര്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞിട്ടു. തുറന്നു പ്രവര്‍ത്തിച്ച പള്ളുരുത്തി പെട്രോള്‍ പമ്പും, ഫെഡറല്‍ ബാങ്കും ബലമായി അടപ്പിച്ചു. ഇതിനിടയില്‍ എടിഎച്ച് ബാറില്‍ മദ്യപിച്ചിരുന്നവരെ വിരട്ടിയോടിച്ച പ്രവര്‍ത്തകര്‍ ബാറിനു നേരെ ആക്രമണവും നടത്തി. ആക്രമണത്തില്‍ ബാറിന്റെ ജനലുകളും, ബോര്‍ഡുകളും തകര്‍ന്നിട്ടുണ്ട്. പള്ളുരുത്തിയില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
പെരുമ്പാവൂര്‍ മേഖലയില്‍ പലയിടങ്ങളിലും ഹര്‍ത്താലിനെതിരെ നാട്ടുകാര്‍ സംഘടിച്ചു. ടൗണ്‍ പ്രദേശങ്ങളിലൊഴികെ നാട്ടിന്‍പുറങ്ങളിലെല്ലാം മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു. ഒരു അവധി കിട്ടിയ സന്തോഷത്തിലായിരുന്നു നാട്ടുകാര്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നെങ്കിലും എല്ലാം തുറന്ന് പ്രവര്‍ത്തിച്ചു. പെരുമ്പാവൂരിലെ കോടതികളില്‍ ഉച്ചവരെ നല്ല തിരക്കായിരുന്നു. മുഴുവന്‍ പേരും ഇരുചക്രവാഹനങ്ങളിലാണ് നഗരത്തിലേക്ക് എത്തിച്ചേര്‍ന്നത്.
രായമംഗലം ഗ്രാമപഞ്ചായത്തിലെ പുല്ലുവഴിയില്‍ ഹര്‍ത്താലുകള്‍ക്ക് പുല്ലുവലിയാണ് കല്പിച്ചത്. ഇവിടെ കുറുപ്പംപടിയില്‍ എഎം റോഡൊഴികെ മുഴുവന്‍ പ്രദേശത്തും കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന നെല്ലിമോളത്ത് ഹര്‍ത്താലനുകുലികള്‍ അടപ്പിച്ച കടകള്‍ അപ്പോള്‍തന്നെ നാട്ടുകാര്‍ ഇടപെട്ട് തുറപ്പിക്കുകയും ചെയ്തു.
ഹര്‍ത്താലിനോടനുബന്ധിച്ച് മൂവാറ്റുപുഴയില്‍ വ്യാപക അക്രമം നടന്നു. സിവില്‍ സ്റ്റേഷനിലും ലീഗ് ഹൗസിനും നേരെ കല്ലെറിഞ്ഞ് ചില്ലു തകര്‍ത്തു. സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ചു. പത്രകെട്ടുകള്‍ നശിപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. രാവിലെ 10ന് നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം നിരവധി ബൈക്കുകളിലെത്തിയ നൂറോളം വരുന്ന സി പി എം ഡിഫി പ്രവര്‍ത്തകരാണ് സിവില്‍ സ്റ്റേഷനിലെ ജില്ലാ ട്രഷറിയും താലൂക്ക് ഓഫീസിലെ ജനല്‍ ചില്ലുകളും എറിഞ്ഞു തകര്‍ത്തത്. താലൂക്കാഫീസിലെ ക്ലാര്‍ക്ക് കെ. കബീറിനെ മര്‍ദ്ദിക്കുകയും ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്തു. ഓഫീസ് പരിസരതത് സ്ഥാപിച്ചിരുന്ന കട്ടൗട്ടറുകളും നശിപ്പിച്ചു.
ലീഗ് ഹൗസിന്റെ താഴത്തെ നിലയിലെ മൂന്ന് ജനാല ചില്ലുകളും തകര്‍ക്കപ്പെട്ടു. കച്ചേരിത്താഴത്ത് പ്രവര്‍ത്തിക്കുന്ന സയാന ബാര്‍ ഹോട്ടലിന്റെ പിന്നിലെ കൗണ്ടര്‍ എറിഞ്ഞ് തകര്‍ത്തു. ജീവനക്കാരന് പരിക്കേറ്റു. കല്ലൂര്‍ക്കാട് പത്രകെട്ടുകള്‍ മോഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്തു.
മൂവാറ്റുപുഴ നഗരത്തിലെ വിവിധ റോഡുകളില്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഡിഫിക്കാര് നഗരത്തില്‍ അഴിഞ്ഞാടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: