മരട്: നെട്ടൂരിലെ പൊതുശ്മശാനം അടച്ചിട്ട മരട് നഗരസഭയുടെ നടപടിക്കെതിരെ വ്യാപകപ്രതിഷേധം. പ്രദേശത്തെ ഹിന്ദുക്കളുടെ ഏക ആശ്രയമാണ് ഈ പൊതു ശ്മശാനം. നെട്ടൂര്‍, മരട്, പനങ്ങാട്, കുമ്പളം പ്രദേശങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നത് നെട്ടൂരിലെ ‘ശാന്തിവനം’ എന്ന പേരിലുള്ള പൊതു ശ്മശാനത്തിലാണ്.
മുന്‍ ഗ്രാമപഞ്ചായത്തിന്റെ കാലത്താണ് നെട്ടൂരില്‍ കിഴക്കുഭാഗത്തായി കായലിനോട് ചേര്‍ന്ന് പൊതുശ്മശാനം നിര്‍മിച്ചത്. ഇന്ന് നഗരസഭയില്‍ ഭരണം നടത്തുന്ന യുഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോഴും പൊതു ശ്മശാനത്തിന് എതിരായ നിലപാടുകളുമായി രംഗത്തുവന്നിരുന്നു. മൃതദേഹം സംസ്ക്കരിക്കുവാനും മറ്റും കരാറുകാരനെയാണ് നഗരസഭ ഏല്‍പ്പിച്ചിരിക്കുന്നത്.
ചിതയൊരുക്കുവാന്‍ വിറക് ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് രണ്ടുമാസം മുന്‍പ് മൃതദേഹങ്ങള്‍ തിരിച്ചയച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ അന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ക്ക് അവരുടെ പള്ളികളോട് ചേര്‍ന്നുതന്നെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുവാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്ക് സംസ്ക്കാരത്തിനായി പൊതുശ്മശാനം മാത്രമാണ് ആശ്രയം. റോഡ് തകര്‍ന്നതാണ് ശ്മശാനം അടച്ചിടാന്‍ കാരണമായതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നഗരസഭയിലെ മുസ്ലീംലീഗ് അംഗത്തിന്റെ ഡിവിഷനിലാണ് ശ്മശാനം സ്ഥിതിചെയ്യുന്നത്. വശങ്ങളില് കാന നിര്‍മിച്ച് തകര്‍ന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ട് ആഴ്ചകളായി. എന്നാല്‍ നഗരസഭയും ബന്ധപ്പെട്ടവരും നിഷേധാത്മക നിലപാടാണ് തുടര്ന്നുവരുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഹിന്ദുക്കളുടെ ആശ്രയമായ നഗരസഭക്കു കീഴിലെ പൊതുശ്മശാനം അടച്ചുപൂട്ടിയതില്‍ ബിജെപി മരട് നഗരസഭാ കമ്മറ്റി പ്രതിഷേധിച്ചു. ശ്മശാനം എത്രയും വേഗം തുറന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ അവഗണിക്കുകയാണ് മരട് നഗരസഭയെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ പി.കെ.രാജു പറഞ്ഞു. ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: