സേവനത്തിലൂടെ ഈശ്വരത്വത്തിലേക്കുയരുക. അച്ഛനമ്മമാരെ, അധ്യാപകരെ, മുതിര്‍ന്നവരെ എന്നുവേണ്ട നിങ്ങളുടെ സഹായമര്‍ഹിക്കുന്ന ഏവരേയും സ്നേഹപൂര്‍വം സേവിക്കുക. വെറുപ്പ് മനുഷ്യരെ ഭിന്നിപ്പിക്കുമ്പോള്‍ സ്നേഹം അവരെ ഒന്നിപ്പിക്കുന്നു. സ്നേഹവും ഐക്യവും സഹകരണവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ എപ്പോഴും ശ്രമിക്കുക. അന്യനാട്ടുകാരാണെന്ന പേരില്‍ ആരോടും അകല്‍ച്ച കാട്ടരുത്. ഈ ഭൗതികപ്രഞ്ചത്തില് ഇന്ദ്രിയങ്ങളുടെ തടവറയില്‍പ്പെട്ട് അസ്വസ്ഥരും അസ്വതന്ത്രരുമായിക്കഴിയുകയാണ് നിങ്ങളെപ്പോലെ അവരും. മോചനം കാത്തിരിക്കുന്നവര്‍ എന്ന നിലയില്‍ തുല്യദുഃഖിതരാണെല്ലാവരും. നല്ലവരായ ആളുകളോടൊത്തു ചേരുക. ഭക്തരോടൊത്തു കഴിയുമ്പോള്‍ ഉള്ളില്‍ മാത്രമല്ല പുറമേയും ശാന്തി നിറഞ്ഞുനില്ക്കുന്നതായി അനുഭവപ്പെടും.
ശരീരം വെടിപ്പായി സൂക്ഷിക്കുക. മനസ്സിനെ പുതിയ അറിവിന്റെ വെളിച്ചത്തില്‍ പുനഃസംവിധാനം ചെയ്യുക. ജീവിതത്തെ നല്ല വഴിയിലൂടെ നയിക്കുക. എല്ലാ വ്യക്തികളും ഇങ്ങനെ സംസ്കാരസമ്പന്നരായി ജീവിച്ചു തുടങ്ങിയാല്‍ നമ്മുടെ രാജ്യം ക്രമേണ ശക്തിമത്തും ഐശ്വര്യസമ്പന്നവുമായിക്കൊള്ളും. ഉള്ളില്‍ അമൃതാണുനിറഞ്ഞിരിക്കുന്നതെങ്കില് മണ്പാത്രമെന്ന് പറഞ്ഞ് ഒരു കുടത്തിനെ ആര് നിസ്സാരമായിക്കരുതും? ഉള്ളില്‍ വിഷം നിറച്ച ഒരു കനകചഷകത്തെക്കാള് ആ മണ്‍കുടം ആദരണീയമാണ്.
ഒരു ദേശം സമ്പത്സമൃദ്ധമാണെങ്കിലും അവിടെ അധിവസിക്കുന്ന ആളുകള്‍ നികൃഷ്ടമായ ജീവിതം നയിക്കുന്നവരാണെങ്കില്‍ അവിടത്തെ ബാഹ്യമായ ഐശ്വര്യം കൊണ്ട് ഫലമില്ല. ദരിദ്രജനങ്ങളായാലും പരിശുദ്ധമായ ജീവിതം നിലക്കുന്നവരാണെങ്കില് പ്രേമവും പാപഭയവും വിനയവുമാകുന്ന ധനമുള്ളവരാണെങ്കില് അവരുടെ നാട് സ്വര്‍ഗതുല്യമാവും.
തികഞ്ഞ ഈശ്വരഭക്തിയുള്ളവര്ക്ക് എപ്പോഴും ഈശ്വരസാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞ് ആശ്വസിക്കാനും ആഹ്ലാദിക്കാനും ഈശ്വരാജ്ഞ ശിരസാവഹിച്ച് സമാധാന പൂര്‍ണമായ ജീവിതം നയിക്കാനും സാധിക്കും. ചിത്തചോരനായ ഈശ്വരന് നമ്മുടെ ഏകാഗ്രതയും ചിത്ത ശുദ്ധിയുമാണാവശ്യം. എല്ലാം ഈശ്വരാര്‍പ്പണമായി ചെയ്താല്‍ ഈശ്വരന്റെ ഏറ്റവുമടുത്താണ് നാം കഴിയുന്നതെന്ന് തോന്നിത്തുടങ്ങും. പക്ഷേ ഒന്നോര്‍ക്കുക. അടുപ്പമോ അകല്‍ച്ചയോ ആ അന്തര്യാമിക്കില്ല. നാം ഈശ്വരാംശമാണെന്നറിഞ്ഞാല് പിന്നെ എവിടെ അടുപ്പം? എവിടെ അകല്‍ച്ച? മേല്‍വിലാസം ശരിക്കും വ്യക്തമാണെങ്കില്‍ ആവശ്യത്തിന് സ്റ്റാമ്പ് ഒട്ടിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ മേല്വിലാസക്കാരന് സ്വന്തം ഗ്രാമത്തിലായാലും അങ്ങകലെ കല്ക്കത്തയിലായാലും കത്ത് അദ്ദേഹത്തിന്റെ കൈയില്‍ സുരക്ഷിതമായി എത്തിക്കൊള്ളും. ഈശ്വരനോടുള്ള നിങ്ങളോടുള്ള നിവേദനത്തിന്റെ കഥയും അതുതന്നെ. സ്മരണയാണ് സ്റ്റാമ്പ്. മനനമാണ് മേല്‍വിലാസം. സ്മരണത്തിന് നാമവും മനനത്തിന് രൂപവും വേണം.
നിങ്ങള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അന്യരുടെ ആത്മാര്‍ത്ഥതയെ അറിയാനും അഭിനന്ദിക്കാനും സാധിക്കും. നിങ്ങള്‍ അന്യരുടെ കുറ്റങ്ങള്‍ കാണാന്‍ ശ്രമിക്കുന്നത് നിങ്ങളിലും ആ കുറ്റങ്ങള്‍ വേണ്ടുവോളമുണ്ടെന്നറിയാവുന്നതുകൊണ്ടാണ്.
അനശ്വരമായ ശാന്തിയും ആനന്ദവുമാണാഗ്രഹിക്കുന്നതെങ്കില് ക്ഷണികമായ വിഷയകസുഖങ്ങളോട് വിടപറഞ്ഞേ പറ്റൂ. ഭൗതികസുഖങ്ങള്‍ ഒറ്റക്കല്ല വരുന്നത്. ദുഃഖങ്ങളുടെ അകമ്പടിയോടെയാണ്.സ്വത്ത്വാരിക്കൂട്ടല് സുഖത്തെക്കാള്‍ കൂടുതല്‍ ദുഃഖത്തെ വാരിക്കൂട്ടലാണ്. കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ് യഥാര്‍ത്ഥമായ ശാന്തികുടികൊള്ളുന്നത്. സംഗം കുറച്ച് സുഖവും കൂടുതല്‍ ദുഃഖവും തരുമ്പോള്‍ വിരക്തി ദുഃഖത്തിന്റെ കല്പ്പിടികളിലൂടെ അനന്തവും അക്ഷയവുമായ ആനന്ദസാമ്രാജ്യത്തിലേക്ക് നിങ്ങളെ പിടിച്ചുയര്‍ത്തുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: