കാസര്‍കോട്: എച്ച് 1 എന്‍ 1 പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ച പെര്‍ള, കജംപാടി പട്ടിക ജാതി കോളനിയിലെ എട്ടുപേരെക്കൂടി പ്രസ്തുത രോഗം ബാധിച്ച നിലയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കജംപാടിയിലെ ജയരാമ – സുമതിദമ്പതികളുടെ മകള്‍ പ്രതീക്ഷ (ഒന്നര) യെയാണ് കഴിഞ്ഞ ദിവസം മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലയിലെ ആദ്യത്തെ എച്ച് -1,എന്‍-1 മരണമായിരുന്നു പ്രതീക്ഷയുടേത്. കോളനിവാസികളായ പലര്‍ക്കും പനിബാധിച്ചിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ മതിയായ ഗൗരവം കാണിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടയിലാണ് എട്ടുപേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ മരണപ്പെട്ട പ്രതീക്ഷയുടെ വല്യച്ഛന്, വല്യമ്മ ഉള്‍പ്പെടെ കോളനിവാസികളായ എട്ടുപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരാള്‍ക്കു എച്ച്-1, എന്‍-1 പനിയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ഒന്നുമുതല്‍ 26 വരെ പലതരത്തിലുള്ള പനികളുമായി 20,445 പേരാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.ഇവരില്‍ 2൦൦൦ പേര്‍ക്ക് ഗുരുതരമായ പനിയാണെന്നും കണ്ടെത്തി. 87പേരാണ് എച്ച് -1 എന്‍ -1 പനിയെന്ന സംശയത്തിനു വിധേയരായത്. ഇവരില്‍ ഒരാളാണ് മരണപ്പെട്ട കജംപാടി പട്ടിക ജാതി കോളനിയിലെ പ്രതീക്ഷ. ഏഴുപേര്‍ക്കു മഞ്ഞപ്പിത്തവും ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിക്കപ്പെട്ടു. എച്ച് -1 എന്‍ -1 ബാധിച്ചവരെ പ്രത്യേക വാര്‍ഡില്‍ കിടത്തി ചകിത്സിപ്പിക്കണമെന്നാണ് ആരോഗ്യ വകുപ്പിണ്റ്റെ നിര്‍ദ്ദേശം. എന്നാല്‍ കാസര്‍കോട്ട് ഇത്തരത്തിലുള്ള വാര്‍ഡ് തുറന്നിട്ടില്ലെന്നു മാത്രമല്ല, രോഗബാധിതരെന്നു സംശയിക്കുന്ന കുട്ടികളെ മഞ്ഞപ്പിത്തം അടക്കമുള്ളരോഗം ബാധിച്ച് ചികിത്സയിലുള്ള കുട്ടികള്‍ക്കൊപ്പമാണ് കിടത്തിയിരിക്കുന്നത്. മഴവെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതിനാല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയുടെ മുകളില്‍ കൊതുകുകള്‍ പെരുകുകയാണ്. സ്ളാബിനു മുകളില്‍ ഇലകള്‍ വീണ് ചീഞ്ഞളിഞ്ഞു കിടക്കുന്നതും കൊതുകുകളുടെ പ്രജനനത്തിനു അനുകൂല സാഹചര്യമൊരുക്കുന്നു. ഇതുകാരണം രോഗബാധിതര്‍ക്കൊപ്പം ആശുപത്രിയിലെത്തുന്നവര്‍ക്കും പനി ബാധിക്കുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: