കൊച്ചി: നിര്‍ദിഷ്ട മൂലമ്പിള്ളി – ചാത്തനാട് നാലുവരിപ്പാതയിലെ പാലങ്ങളുടെ നിര്‍മാണം സംബന്ധിച്ച് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മുഖ്യ ഉപദേശകന് ഇ. ശ്രീധരനുമായി ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് ചര്‍ച്ച നടത്തി. പാലം നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്‍സി ചുമതല ഏറ്റെടുത്തിട്ടുള്ള ഡിഎംആര്‍സി ഇതില്‍ ഉള്‍പ്പെടുത്തി പാലങ്ങളുടെ രൂപകല്‍പ്പനയും നിര്‍വഹിക്കാന്‍ സന്നദ്ധമാണെന്ന് കളക്ടറെ അറിയിച്ചു.
സ്ഥലം വിട്ടുകിട്ടിയാല്‍ അടുത്ത മാസം തന്നെ ഡിഎംആര്‍സിക്ക് പാലം നിര്‍മാണം തുടങ്ങാനാകും. പദ്ധതി സംബന്ധിച്ച പുതുക്കിയ നിര്‍ദേശവും, എസ്റ്റിമേറ്റും മുഖ്യമന്ത്രി അധ്യക്ഷത വഹിക്കുന്ന ഗോശ്രീ ദ്വീപ് വികസന സമിതി യോഗത്തില്‍ സമര്‍പ്പിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ജിഡയുടെ അനുമതി കിട്ടിയാലുടന്‍ ഡിഎംആര്‍സിയുമായി കരാര്‍ ഒപ്പുവച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും.
ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (ജിഡ) കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന യോഗത്തിലാണ് മൂലമ്പിള്ളി – ചാത്തനാട് നാലുവരിപ്പാതയ്ക്ക് അനുമതിയായത്. ഇതിന്റെ നിര്‍മാണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജിഡ ഡിഎംആര്‍സിക്ക് കത്തു നല്‍കിയിരുന്നു. തുടര്‍ന്ന് ഡിഎംആര്‍സി അധികൃതരും ഇ. ശ്രീധരനും സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പാലം നിര്‍മാണത്തിന്റെ ചുമതല ഏറ്റെടുത്തത്.
മൂലമ്പിള്ളി – ചാത്തനാട് നാലുവരിപ്പാതയില്‍ മൂന്നു പ്രധാനപ്പെട്ട പാലങ്ങളാണ് നിര്‍മിക്കുന്നത്. മൂലമ്പിള്ളി-പിഴല പാലത്തിന് 180 മീറ്ററും പിഴല-വലിയ കടമക്കുടി പാലത്തിന് 230 മീറ്ററും വലിയ കടമക്കുടിചാത്തനാട് പാലത്തിന് 350 മീറ്ററും നീളം വരും. പിഴലയിലെ ചെറിയ പാലത്തിന് 40 മീറ്റര്‍ നീളമുണ്ടാകും. 4.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരിപ്പാതയ്ക്ക് 22 മീറ്റര്‍ വീതിയാണ് വിഭാവനം ചെയ്യുന്നത്. ഇതില്‍ 15 മുതല്‍ 18 വരെ കലുങ്കുകളും നിര്‍മിക്കേണ്ടതുണ്ട്. 97.2 കോടി രൂപയാണ് മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതയ്ക്ക് ചെലവു പ്രതീക്ഷിക്കുന്നത്.
മൂലമ്പിള്ളി-ചാത്തനാട് റോഡ് യാഥാര്‍ഥ്യമാകുന്നതോടെ ചാത്തനാടിനെ വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡുമായി മൂലമ്പിള്ളിയില്‍ ബന്ധിപ്പിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: