തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ സമീപനം വിഭാഗീയതയെന്ന് സിപിഎം. വിവാദ പ്രസംഗം നടത്തിയ എം.എം.മണിക്ക് ആറുമാസം ഇടവേള. ആറുമാസത്തെ സസ്പെന്ഷന് ‘പുല്ലുപോലെ’ കാണുന്നുവെന്ന് എം.എം.മണി.
മണിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രകമ്മറ്റി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് സംസ്ഥാന കമ്മറ്റി മണിക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രീയ എതിരാളികളുടെ പട്ടിക തയ്യാറാക്കി പാര്‍ട്ടി കോന്നിട്ടുണ്ടെന്നായിരുന്നു മണി വെളിപ്പെടുത്തിയത്. വിവാദപ്രസംഗം പാര്‍ട്ടിക്ക് ദോഷം ചെയ്തതായി കഴിഞ്ഞദിവസം ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റിയോഗം വിലയിരുത്തിയിരുന്നു.
രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന നയം പാര്‍ട്ടിക്കില്ലെന്നും കേന്ദ്രകമ്മറ്റി പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എം.എം മണിയ്ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കേന്ദ്രകമ്മറ്റി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ട് പരിശോധിക്കാനാണ് സംസ്ഥാന കമ്മറ്റിയോഗം ചേര്‍ന്നത്. യോഗത്തില്‍ മണിയ്ക്കെതിരെ കൂടുതല്‍ നടപടി വേണ്ടെന്നാണ് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. എന്നാല്‍ മണിയെ ആറ് മാസം സംസ്ഥാന കമ്മറ്റിയില്‍ നിന്ന് സസ്പെന്റ് ചെയ്യാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.
വിവാദ പ്രസംഗത്തെ തുടര്‍ന്ന് നേരത്തെ മണിയെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പ്രസംഗത്തിന്റെ പേരില്‍ മണിയ്ക്കെതിരെ കേസെടുത്ത് അന്വേഷണവും പുരോഗമിക്കുകയാണ്.വിവാദ പ്രസംഗത്തിന്റെ പേരില്‍ സുപ്രീം കോടതി എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം സുപ്രീം കോടതിയും തള്ളിയിരുന്നു.
ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി അംഗീകരിച്ച പ്രമേയത്തില്‍ വിഎസ്സിന്റെ നിലപാടുകളെ കുറ്റപ്പെടുത്തുകയുണ്ടായി. അത് പൂര്‍ണ്ണമായും ഇന്നലെ പാര്‍ട്ടിപത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഗുരുതരമായ കുറ്റം ചെയ്തെങ്കില്‍ എന്തുകൊണ്ട് വിഎസ്സിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ല എന്ന ചോദ്യമുയരാന്‍ തുടങ്ങിയിട്ടുണ്ട്. വിഎസ്സ് തെറ്റ് പരസ്യമായി ഏറ്റുപറയുമെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: