കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി പഞ്ചായത്തിലാണ് വടക്കന്‍പാട്ടിലൂടെ പ്രസിദ്ധമായ ലോകനാര്‍കാവ്. മലയും ആറും കാവും ഒത്തുചേര്‍ന്ന് ലോകമലയാര്‍കാവ് എന്നുപേരുണ്ടായി എന്നും പിന്നീട് ലോകനാര്‍കാവ് ആയി എന്നും ഐതിഹ്യം. ലോകനാര്‍കാവ് കടത്തനാട്ട് തമ്പുരാക്കന്മാരുടെ പരദേവതാ ക്ഷേത്രമായിരുന്നു.
ക്ഷേത്രപ്പറമ്പിലേക്ക് കയറുമ്പോള്‍ വലിയ കുളം. വെട്ടുകല്ലുകൊണ്ട് കെട്ടിയ കുളക്കര കണ്ടാലറിയാം ഇത് പുരാതന ക്ഷേത്രമെന്ന്. വിഷ്ണുക്ഷേത്രം, ശിവക്ഷേത്രം, ഭഗവതിക്ഷേത്രം, ത്രിമൂര്ത്തികളുടെക്ഷേത്രമാണെങ്കിലും അറിയപ്പെടുന്ന ലോകനാര്‍കാവ് എന്നാണ്. അതിനുമുന്നില്‍ പഴക്കമേറിയ രണ്ട് ആല്‍ത്തറകള്‍. തോറ്റംപാട്ട് നടക്കാറുണ്ടായിരുന്ന തെക്കേത്തറ. വടക്കന്‍പാട്ടിലെ വീരനായകന് തച്ചോളി ഒതേനന് കളിച്ചുവളര്‍ന്ന ക്ഷേത്രാങ്കണം.
ശ്രീകോവിലില്‍ ലോകനാര് കാവിലമ്മ. ചതുര്‍ബാഹുക്കളോടുകൂടിയ പഞ്ചലോഹവിഗ്രഹം. ലോകനാര്‍കാവ് ശൈവ-വൈഷ്ണവ-ശാക്തേയ സങ്കല്‍പ്പങ്ങള്‍ ഒത്തുചേര്‍ന്ന ഒരപൂര്‍വ ക്ഷേത്രം. ഒതേനന്റെ വീരാപദാനങ്ങളിലൂടെ ലോകനാര്‍കാവിനും ഖ്യാതി. കടത്തനാട്ടിലെ നാടുവാഴി പുതുപ്പണം വാഴുന്നോരുടേയും മാണിക്കോത്ത് ഉപ്പാട്ടിയുടെയും മകനായി ഒതേന് ജനിച്ചു. മയ്യഴിയിലും തുളുനാട്ടിലും പോയി പതിനെട്ടടവും പഠിച്ചു. അറുപത്തിനാല് അങ്കവും ജയിച്ചു. വിജയത്തിന് കാവിലമ്മയുടെ അനുഗ്രഹം ഉണ്ടായി. ഒടുവില്‍ കതിരൂര്‍ ഗുരുക്കളുമായുള്ള അങ്കത്തട്ടിലും ജയിച്ചു. പോന്നിയത്തെ അങ്കത്തില്‍ ജയിച്ച ആഹ്ലാദത്തോടെ ഒതേനന് വീട്ടിലേക്ക് തിരിച്ചു. കളരിയില്‍ വച്ചുമറന്നുപോയ മടിയായുധം എടുത്ത് തിരിച്ചുവരുമ്പോള്‍ ഗുരുക്കളുടെ ശിഷ്യന് മായന്‍കുട്ടി പതിയിരുന്ന് ഒതേനനെ വെടിവച്ച് ചതിച്ചുകൊന്നു. ഈ സമയത്ത് കാവിലമ്മയുടെ സാന്നിധ്യം ഇല്ലാതിരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നു.
പ്രധാന വഴിപാടികള്‍ മൂന്നുക്ഷേത്രങ്ങളിലും ഒരുപോലെ തന്നെ. ഒരുദിവസത്തെ പൂജയും നിറമാലയും വിശേഷ വഴിപാടായി നടക്കുന്നു. അട നിവേദ്യത്തിനും പ്രിയം വിഷ്ണുക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വിശേഷം. ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം.
ലോകനാര്‍കാവിലെ തോറ്റംചൊല്ലല്‍ പ്രസിദ്ധമാണ്. അതുപോലെ നഗരപ്രദക്ഷിണവും. ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നെള്ളത്ത് കടന്നുപോകുന്ന വഴിയില്‍ കരിയില കൂട്ടിയിട്ട് തീയിട്ടും പടക്കംപൊട്ടിച്ചുമാണ് സ്വീകരിക്കുക. ഇവിടത്തെ ആറാട്ടിന് പൂരംകളിയെന്ന് പറയും. മലബാറിലെ മറ്റ് ക്ഷേത്രങ്ങളിലെ പൂരംകളിയില്‍നിന്നും വ്യത്യസ്തമാണിത്. നട അടച്ചു കഴിഞ്ഞശേഷമേ കളി തുടങ്ങാവൂ. പൂരമാല ചൊല്ലുമ്പോള്‍ ദേവിയും കളിയില്‍ പങ്കെടുക്കുമെന്നാണ് വിശ്വാസം. കളരികളുടെ നാട്ടിലെ പൂരക്കളിക്ക് അനുഷ്ഠാനകലയുടെ മികവ്. വൃശ്ചികം ഒന്നിന് നടക്കുന്ന വാള് എഴുന്നള്ളത്ത് മറ്റൊരു ചടങ്ങാണ്. ഇവിടത്തെ ഇളനീര് വരവിനുമുണ്ട് പ്രസിദ്ധി. ഓണത്തിനും വിഷുവിനുമുള്ള തേങ്ങ ഏറ് പ്രസിദ്ധം. പൊതിച്ച തേങ്ങ ചിറയില്‍ മുക്കി ക്ഷേത്രത്തിന് പ്രദക്ഷിണംവച്ച് മുന്നിലുള്ള കരിങ്കല്ലില്‍ എറിഞ്ഞുടയ്ക്കുന്നത് ഒരു വഴിപാടാണ്. മകര സംക്രമണത്തിന് ഉച്ചാല് വിളക്കുണ്ട്. ലോകനാര്‍കാവ് ഭഗവതി കോംഗ്ങ്ങന്നൂര് ക്ഷേത്രത്തിലെ അനിയത്തിയെ കാണാനുള്ള എഴുന്നെള്ളത്താണിത്. ലോകനാര്‍കാവിലെ സത്യം ചെയ്യല്‍ ഏതൊരാളിന്റെയും നിരപരാധിത്വം തെളിയിക്കും വിധം വിപുലമായ ചടങ്ങായിരുന്നു. ഇപ്പോള്‍ സത്യം ചൊല്ലല്‍ മാത്രമേയുള്ളൂ.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: