ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അബു ജുന്‍ഡാലിനെ മുംബൈ കോടതി പത്തു ദിവസത്തേക്ക് മഹാരാഷ്ട്ര പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. ജുന്‍ഡാലിനെ ഇന്ന് കനത്ത പോലീസ് കാവലില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ദല്‍ഹി കോടതിയാണ് കഴിഞ്ഞദിവസം ജുന്‍ഡാലിനെ മഹാരാഷ്ട്ര എടിഎസിന്റെ കസ്റ്റഡിയില്‍ വിട്ടത്.
മഹാരാഷ്ട്രയില്‍ നടന്ന പല സ്ഫോടന കേസുകളിലും ജുന്ഡാലിന് പങ്കുണ്ടെന്നാണ് എ.ടി.എസിന്റെ നിഗമനം. മുംബൈ ആക്രമണം കൂടാതെ 2006ലെ ഔറംഗാബാദ് ആയുധ കേസ്, 2010ലെ ജര്‍മന്‍ ബേക്കറി സ്ഫോടന കേസ്, നാസിക് അക്കാദമി ആക്രമണ കേസ് എന്നിവയാണവ.
കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സാഹചര്യത്തില്‍ മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ പാക് ഭീകരന് അജ്മല്‍ അമീര്‍ കസബിനൊപ്പം ജുന്‍ഡാലിനെ ചോദ്യം ചെയ്യാന്‍ മുംബൈ പോലീസിനാവും. കനത്ത സുരക്ഷയിലാണ് അബു ജുന്ഡലിനെ മുംബൈയില്‍ എത്തിച്ചത്.
ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കുവാന്‍ വേണ്ടി ദല്‍ഹിയില്‍ നിന്നു മുംബൈയിലേക്കു ജുന്‍ഡാല്‍ യാത്ര ചെയ്ത വിമാനത്തില്‍ മുംബൈ പോലീസിന്റെ ഭീകരവിരുദ്ധ സേന കനത്ത സുരക്ഷയാണ് ഒരുക്കിയത്. ജുന്‍ഡാലിന്റെ സുരക്ഷയ്ക്കായി ആറു പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ജുന്‍ഡാലിനെ പാര്‍പ്പിക്കുന്ന കലാചോവ്കി പോലീസ് സ്റ്റേഷനിലെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: