പള്ളുരുത്തി: വീട്ടില്‍ പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. പെരുമ്പടപ്പ് നെല്ലിക്കല്‍ വീട്ടില്‍ ജോസഫ് ലാലന്റെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ മൂന്നുദിവസം മുമ്പ് കൊണ്ടുവന്ന സിലിണ്ടര്‍ പാചക ആവശ്യത്തിനായി കത്തിക്കുമ്പോള്‍ റെഗുലേറ്ററിന്റെ ഭാഗത്ത് തീ പടരുകയായിരുന്നു. ഈ സമയം വീടിന്റെ സ്വീകരണമുറിയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ലാലനും ഭാര്യ ഷീലയും മുറിക്കുള്ളില്‍ പുക പടരുന്നത് കണ്ട് അടുക്കളയില്‍ ചെന്നുനോക്കുമ്പോള്‍ സിലിണ്ടര്‍ നിന്ന് കത്തുന്നതാണ് കാണുന്നത്.
എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ലാലനും കുടുംബവും സിലിണ്ടര്‍ മറിച്ച് നിലത്തിട്ടശേഷം പുറത്തേക്ക് ഓടുകയായിരുന്നു. വീട്ടുകാരുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും കടുത്ത ചൂട് കാരണം സിലിണ്ടര്‍ വെച്ച അടുക്കള ഭാഗത്തേക്ക് കടക്കാനായില്ല. സിലിണ്ടര്‍ വച്ച ഭാഗത്തെ സ്ലാബുകള്‍ തകര്‍ന്ന നിലയിലാണ്. അടുക്കളയിലെ ഭിത്തിക്ക് വലിയ വിള്ളല്‍ വീണിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് മട്ടാഞ്ചേരിയില്‍നിന്നെത്തിയ ഫയര്‍ യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
റെഗുലേറ്റര്‍ ഊരിമാറ്റി ഗ്യാസ് മുഴുവന്‍ തുറന്ന് വിട്ടതിനുശേഷം സിലിണ്ടര്‍ ഫയര്‍സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗ്യാസ് സിലിണ്ടറിന് തീപിടിച്ചതിനുശേഷം ഭാരത് ഗ്യാസിന്റെ ഓഫീസിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. സിലിണ്ടറിന്റെ ഒരുഭാഗം വീര്‍ത്ത് പൊട്ടാറായ നിലയിലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഫയര്‍ഫോഴ്സിലെ സ്റ്റേഷന് ഓഫീസര്‍ വി.എസ്.രഞ്ജിത് കുമാര്‍, ലീഡിംഗ് ഫയര്മാന് പി.മോഹനബാബു, ഫയര്മാന് പി.എ.അബ്ബാസ്, ആര്.രാജേഷ്, പി.എ.ജോണ്സണ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: