കൊച്ചി: ജില്ലയിലെ വിവിധ ബാങ്കുകളില്‍ വിദ്യാഭ്യാസ വായ്പയ്ക്കായി എത്തുന്ന അപേക്ഷകളില്‍ 15 ദിവസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് നിര്‍ദേശിച്ചു. വായ്പയ്ക്കായി എത്തുന്നവരോട് പുതുതലമുറ ബാങ്കുകളില്‍ നിന്ന് മോശം പ്രതികരണമാണ് ലഭിക്കുന്നതെന്ന പരാതി വ്യാപകമാണെന്ന് അദ്ദേഹം പറഞ്ഞു. 28-ന് ചേരുന്ന എംപിമാര്‍, എംഎല്‍എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റുമാര്‍, മേയര്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
വായ്പാ അപേക്ഷകര്‍ ഹാജരാക്കേണ്ട രേഖകളെക്കുറിച്ച് അവര്‍ക്ക് നേരത്തെ വിവരം നല്‍കണം. ഇതിനായി ഓരോ ബാങ്കിലും ചെക്ക് ലിസ്റ്റ് തയ്യാറാക്കി അപേക്ഷ വാങ്ങുമ്പോള്‍ അവര്‍ക്കു നല്‍കണം. അപേക്ഷകരോട് മാന്യമായി പെരുമാറുന്നുവെന്ന് ഓരോ ബാങ്ക് മാനേജരും ഉറപ്പാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. വായ്പ സംബന്ധിച്ച പുതുക്കിയ പൊതുമാനദണ്ഡങ്ങള്‍ എല്ലാ ബാങ്ക് ശാഖകളിലും പ്രദര്‍ശിപ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
മെറിറ്റ്, പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്കായിരിക്കും വായ്പ. കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടാകണം. വിദൂര വിദ്യാഭ്യാസം, കാമ്പസിതര വിദ്യാഭ്യാസം എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. ബാങ്ക് ശാഖയുടെ അനുവദിച്ചിട്ടുള്ള സേവനമേഖലകള്‍ക്ക് അനുസൃതമായിട്ടാകും വായ്പയെന്നാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
ട്യൂഷന്‍ഫീസ്, ഭക്ഷണചെലവ് അടക്കമുള്ള ഹോസ്റ്റല്‍ ഫീസ്, പഠനോപകരണങ്ങള്‍, പുസ്തകങ്ങള്‍, എന്നിവയ്ക്കുള്ള ചെലവ് വായ്പക്ക് പരിഗണിക്കും. ഓരോ കോഴ്സിനും പരമാവധി ലഭ്യമാകുന്ന തുക, പലിശ തുടങ്ങിയവ അതതു ബാങ്കിന്റെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. നാലു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് പ്രത്യേക ഈടാവശ്യമില്ല. എന്നാല്‍ 7.5 വരെയുള്ള വായ്പകള്‍ക്ക് ആള്‍ജാമ്യമോ തക്കതായ ഈടോ നല്‍കണം. 7.5 ലക്ഷത്തിനുമുകളിലുള്ള വായ്പയ്ക്ക് ഈടും ആള്‍ജാമ്യവും വേണം.
രാജ്യത്തിനകത്തുള്ള പഠനത്തിന് പരമാവധി 10 ലക്ഷവും വിദേശ പഠനത്തിന് 20 ലക്ഷം വരെയുമാണ് വായ്പ. 4.5 ലക്ഷം രൂപ വരെ കുടുംബവരുമാനമുള്ളവര്‍ക്ക് പ്ലസ്ടൂ കഴിഞ്ഞുള്ള പ്രൊഫഷണല്‍, സാങ്കേതിക വിദ്യാഭ്യാസത്തിന് 2009 ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്ത തുകയ്ക്ക് തിരിച്ചടവ് ആരംഭിക്കുന്നതുവരെയുള്ള പലിശ വ്യവസ്ഥകള്‍ക്ക് വിധേയമായി കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയായി നല്‍കിവരുന്നുണ്ട്. പഠനകാലയളവ് അവസാനിച്ച് ഒരു വര്‍ഷത്തിനുശേഷം അല്ലെങ്കില്‍ ജോലി കിട്ടി ആറുമാസത്തിനുശേഷം ഏതാണോ ആദ്യം വരുന്നത് അന്നുമുതല്‍ വായ്പ തിരിച്ചടവ് തുടങ്ങണം.
7.5 ലക്ഷം രൂപവരെ 10 വര്‍ഷവും അതിനുമുകളിലുള്ളവയ്ക്ക് 15 വര്‍ഷം വരെയുമാണ് തിരിച്ചടവ് കാലാവധി. മാനേജുമെന്റ് ക്വാട്ടയില്‍ പ്രവേശിച്ചവര്‍ക്ക് ഈ നിര്‍ദേശങ്ങള്‍ ബാധകമല്ല. അത്തരം വായ്പകള്‍ അതതു ബാങ്കിന്റെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. വായ്പ സംബന്ധിച്ച പരാതികള്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ക്കാണ് നല്‍കേണ്ടതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എല്‍ഡിഎം ജയപ്രകാശ്, വിവിധ ബാങ്ക് പ്രതിനിധികള്തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: