കേരളത്തില്‍ വരുംനാളുകളില്‍ കലാലയാന്തരീക്ഷം എന്താകുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് തിങ്കളാഴ്ച ചെങ്ങന്നൂരില്നിന്നുണ്ടായിരിക്കുന്നത്. യുഡിഎഫിന്റെ തണലില്‍ മതതീവ്രവാദ സംഘടനകളും അവരുടെ വൈതാളികരും എന്തും ചെയ്യാന്‍ മടിക്കില്ലെന്നവര് തെളിയിച്ചിരിക്കുകയാണ്. എബിവിപി ചെങ്ങന്നൂര്‍ നഗര്‍ യൂണിറ്റ് പ്രസിഡന്റായ വിശാല്‍കുമാറിനെ ക്യാമ്പസ്ഫ്രണ്ട് എന്ന ഭീകരസംഘത്തില്‍പ്പെട്ടവര്‍ കുത്തിക്കൊന്നുകൊണ്ടാണ് കലാലയവര്ഷത്തിന് തുടക്കമിട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11ഓടെ ക്രിസ്ത്യന്‍ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കവെ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെയാണ് സായുധരായ എന്‍ഡിഎഫ്-ക്യാംപസ് ഫ്രണ്ട് ഗുണ്ടാസംഘം ചാടിവീണത്. യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വിശാല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്കേറ്റിരുന്നു. അരയുടെ പിന്‍ഭാഗത്ത് ഇടതുവശത്തായാണ് വിശാലിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. പുലര്‍ച്ചെ രണ്ടോടെ മരണം സംഭവിക്കുകയായിരുന്നു. ആഴത്തിലേറ്റ കുത്തില്‍ ആന്തരാവയവങ്ങള്‍ക്കുണ്ടായ മുറിവാണ് മരണകാരണമായതെന്ന് വ്യക്തമായിട്ടുണ്ട്. കോളേജില്‍ നവാഗതരെ വരവേല്‍ക്കാന്‍ എല്ലാ വര്‍ഷവും സരസ്വതി പൂജ നടത്തിയാണ് എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്. തിങ്കളാഴ്ച ഇതിനായി സരസ്വതി ദേവിയുടെയും വിവേകാനന്ദന്റെയും ചിത്രം വച്ച് പുഷ്പങ്ങളുമായി എബിവിപി പ്രവര്‍ത്തകര്‍ നിന്നപ്പോള്‍ ‘കാവിക്കൊടി പിടിക്കുന്ന പട്ടികളെ വളര്‍ത്തില്ല’ എന്ന് ആക്രോശിച്ച് വടിവാളെടുത്ത് വീശുകയായിരുന്നു. സരസ്വതി ദേവിയുടെയും വിവേകാനന്ദന്റെയും ചിത്രങ്ങള്‍ നശിപ്പിച്ചു.
കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി നാസിംന്റെ നേതൃത്വത്തില്‍ 9 ബൈക്കുകളിലായി വടിവാള്‍, കത്തി, ആസിഡ് ബള്‍ബ് തുടങ്ങിയ ആയുധങ്ങളുമായെത്തിയ 20 അംഗ സംഘമായിരുന്നു ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. വിശാല്‍ കോന്നി മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളേജിലെ ഒന്നാംവര്‍ഷ ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിയാണ്. 20 വയസ്സുപോലും തികയാത്ത ഈ ചെറുപ്പക്കാരനെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് നിഷ്ഠുരമായി വെട്ടിയവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അക്രമികളെ മുഴുവന്‍ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഗൗരവമുളവാക്കുന്നതാണ്. അക്രമികളോടുള്ള അമര്‍ഷത്തിന്റെ പ്രതിഫലനമാണ് ചൊവ്വാഴ്ചത്തെ ആലപ്പുഴ ജില്ലാ ബന്ദ്. ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്തുകയാണ്. വിദ്യാര്‍ത്ഥിസമൂഹം ഒന്നടങ്കം വെറുക്കുന്നതും രാജ്യത്തിനുതന്നെ വന്‍ ആപത്ത് വരുത്തുന്നതുമായ സംഘടനയാണ് എന്‍ഡിഎഫ്- കാമ്പസ് ഫ്രണ്ട് എന്നീ അക്രമിസംഘമെന്ന് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. മൂവാറ്റുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയെറിഞ്ഞ അതേ ലാഘവത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചെങ്ങന്നൂരില്‍ കൊടുവാള്വീശിയിട്ടുള്ളത്. ഭീകരന്മാര്ക്ക് ഭരണതലത്തിലുള്ള സ്വാധീനവും പോലീസില്‍ ലഭിക്കുന്ന സൗജന്യങ്ങളും സൗകര്യമായെടുത്തിരിക്കുകയാണ്. ആരെയും കുത്താനും കൊല്ലാനും ആര്‍ക്കുനേരെയും കുതിരകയറാനും തങ്ങള്‍ക്ക് ലൈസന്‍സുണ്ടെന്ന ധാരണയാണ് മതതീവ്രവാദ സംഘടനകള്‍ക്കുള്ളത്. എന്‍ഡിഎഫ്-കാമ്പസ് ഫ്രണ്ട് എന്നിവയുടെ അരങ്ങേറ്റം തന്നെ അക്രമം അഴിച്ചുവിട്ടുകൊണ്ടാണ്. നിരവധി കോളേജുകളില്‍ ഇതിനകം അവര്‍ സായുധാക്രമണം നടത്തി. പുറത്തുനിന്നുള്ള ഗുണ്ടാസംഘങ്ങളാണ് ഇത്തരം അക്രമങ്ങള്‍ക്ക് പ്രേരണയും പിന്തുണയും നല്‍കുന്നത്. മതത്തിന്റെ മറവിലുള്ള ഈ തീക്കളി തടയാന്‍ മുസ്ലീംനേതൃത്വം തയ്യാറായില്ലെങ്കില്‍ ഗുരുതരമായപ്രത്യാഘാതങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്നവര്‍ ഓര്‍ക്കണം. പോലീസും സര്‍ക്കാരും പ്രശ്നത്തെ ലാഘവമായി കണ്ടാല്‍ ആരുവിചാരിച്ചാലും അടക്കാനാവാത്ത പ്രതിഷേധവും പ്രതികാരവും ഉണ്ടാകുമെന്നവര്‍ മനസിലാക്കണം. വിശാല്‍ എബിവിപിക്ക് മാത്രമല്ല ഒരു നാടിന്റെ തന്നെ പ്രിയങ്കരനായ ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു. വിശാലിന്റെ കുരുതിക്ക് ഉത്തരവാദികളാരായാലും അവര്‍ കനത്തവിലതന്നെ നല്‍കേണ്ടിവരുമെന്ന് മനസ്സിലാക്കണം.
മുസ്ലീം തീവ്രവാദ സംഘടനയായ ക്യാമ്പസ് ഫ്രണ്ടിനെ ക്യാമ്പസുകളില്‍ നിന്നും നിരോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ക്യാമ്പസ് ഫ്രണ്ട് കേരളത്തിലെ ക്യാമ്പസുകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കാലംമുതല്‍ തന്നെ ഇതിന്റെ ആപത്ത് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരോ അധികൃതരോ അന്നത് ചെവിക്കൊണ്ടില്ല. അതിന്റെ ഫലമാണ് എബിവിപി പ്രവര്‍ത്തകനായ വിശാലിന്റെ കൊലപാതകത്തിലെത്തി നില്‍ക്കുന്നത്. ലൗജിഹാദ് പോലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ കലാലയങ്ങളെയും വിദ്യാലയങ്ങളെയും നശിപ്പിക്കുന്ന മതതീവ്രവാദ സംഘടനയാണ് ക്യാമ്പസ് ഫ്രണ്ട്. യുഡിഎഫ് സര്‍ക്കാരിലെ പ്രബല ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ തണലിലാണ് പോപ്പുലര്‍ ഫ്രണ്ട്, യുവജന വിഭാഗമായ ക്യാമ്പസ് ഫ്രണ്ട്, രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ എന്നിവ പ്രവര്‍ത്തിക്കുന്നത്. കലാലയങ്ങളെ വര്‍ഗീയ ചേരിതിരിവില്‍ പെടുത്തി കൊലക്കളമാക്കാനാണ് ഈ സംഘടനകള്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ കലാലയങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് അവര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത്. ഇവരെ ഇങ്ങനെ അഴിഞ്ഞാടാന്‍ ഉത്തരവാദിത്തമുള്ള ഒരുഭരണകൂടവും തയ്യാറാവുകയില്ല. ജനങ്ങളോടും നാട്ടിനോടും പ്രതിബദ്ധതയുള്ളവരാണ് ഭരണത്തിലുള്ളതെങ്കില്‍ കാമ്പസ് ഫ്രണ്ടെന്ന കാട്ടാളന്മാരെ തളയ്ക്കുകതന്നെ വേണം. മതത്തിന്റെ മറവില്‍ എല്ലാ കാളസര്‍പ്പങ്ങളെയും ഒരു കുടക്കീഴിലാക്കാന്‍ നോക്കുന്ന മുസ്ലീംലീഗ് നിയന്ത്രിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അത് സാധിക്കുകമോ? സാധിച്ചാല്‍ നല്ലത്. ഇല്ലെങ്കില്‍ അപകടമാണെന്ന് അറിയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: