അങ്കമാലി: എളവൂര്‍ റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് റെയില്‍വേയുടെ ഭാഗം ഒഴിച്ചുള്ള ആര്ബിജിഡിസികെ ചെയ്യുന്ന അപ്രോച്ച് റോഡ് ഭാഗത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ പറഞ്ഞു. എളവൂര്‍ മേല്പാലനിര്മ്മാണപ്രവര്ത്തനങ്ങളെക്കുറിച്ച് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. റെയില്‍വേയുടെ ഭാഗം റെയില്‍വേ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂത്തിയായി എന്നാണ് അറിയാന്‍ കഴിഞ്ഞെതെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി – കറുകുറ്റി റെയിവേ സ്റ്റേഷനുകള്‍ക്കിടയില്‍ ദേശീയപാതയില്‍നിന്ന് പാറക്കടവ്, മാള പ്രദേശങ്ങളിലേക്ക് പോകുന്ന റോഡിലെ പുളിയനം (എളവൂര്‍) റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണത്തിനായി അടങ്കല്‍ തുകയായ 8.21 കോടി രൂപ കഴിഞ്ഞ സംസ്ഥാന ഇടതുസര്‍ക്കാരും 1.88 കോടി രൂപ റെയില്‍വേയുമാണ് അനുവദിച്ചിരുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ തുകകൊണ്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആ കാലഘട്ടത്തില്‍തന്നെ റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പമെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു. എന്നാല്‍ മേല്‍പ്പാലത്തിനുവേണ്ടി അന്ന് റെയില്‍വേ അനുവദിച്ച തുകയുടെ പണികള്‍ നടത്തുന്നതിന് ശ്രമിക്കാതെ പണിയുടെ റിവൈസ്ഡ് എസ്റ്റിമേന്റ് തുക അനുവദിക്കയാണ് ചെയ്തതെന്നും ഇതുമൂലമാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിയതെന്നും പുളിയനം (എളവൂര്‍) മേല്‍പ്പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ റെയില്‍വേ അധികാരികള്‍ അതീവ ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച സംസ്ഥാനത്തെ 17 ഓവര്‍ബ്രിഡ്ജുകളില്‍ അന്നത്തെ പൊതുമരാമത്തുവകുപ്പുമന്ത്രിയോട് അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന അഡ്വ. ജോസ് തെറ്റയില്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുളിയനം (എളവൂര്‍) റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണത്തിനായി തുക അനുവദിച്ചത്. ഈ വഴിയിലൂടെയുള്ള വര്‍ദ്ധിച്ചുവരുന്ന വാഹനതിരക്കും തീവണ്ടികളുടെ എണ്ണവും വര്‍ദ്ധിച്ചതിനാണ് ഈ ഗേയ്റ്റ് പലപ്പോഴു അടഞ്ഞുകിടക്കുകയാണ്. ഈ പ്രദേശത്തുകാര്‍ക്ക് ഇതിലൂടെയുള്ള യാത്ര വളരെ ദുഷ്കരമായി തീര്‍ന്നിരിക്കുകയാണ്. പലപ്പോഴും രോഗികളായ യാത്രക്കാരും ഇവിടെ ഗേയ്റ്റ് അടയില്‍ പെടുന്നതുമൂലം രോഗികളുടെ നില വഷളാകുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. പാറക്കടവ്, മാള, അന്നമനട തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ജനങ്ങളുടെ യാത്രാ ജീവിതം കണക്കിലെടുത്ത് റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണകാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് ദ്രുതഗതിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തോടൊപ്പം റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ ജനകീയ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ജോസ് തെറ്റയില്‍ എംഎല്‍എ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: