കൊച്ചി: കാക്കനാട് കളക്ട്രേറ്റിനകത്ത് സര്‍വീസ് സംഘടനകളുടേയും മറ്റും കൊടിതോരണങ്ങളുള്പെടെയുള്ളവ കെട്ടുന്നതിന് നിയന്ത്രണമേര്‍പെടുത്താന്‍ സര്‍വീസ് സംഘടനകളുടെ പ്രതിനിധികളുമായി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കളക്ട്രേറ്റ് വളപ്പിനകത്ത് കളക്ടര്‍ അനുമതി നല്കുന്ന സ്ഥലത്ത് മാത്രമേ ഇനി മുതല്‍ കൊടിതോരണങ്ങള്‍ വെയ്ക്കാവൂ. ഇതു പ്രകാരം അംഗീകൃത സര്‍വീസ് സംഘടനകള്‍ക്ക് കളക്ട്രേറ്റിന്റെ ഇരു പ്രവേശന കവാടഭാഗത്തും സ്ഥിരമായി ബോര്‍ഡ് വെക്കുന്നതിന് സ്ഥലം നല്കി ബോര്‍ഡ് സ്ഥാപിച്ചുനല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. ഇവിടെ മാത്രമേ പോസ്റ്ററുകളും മറ്റും വെയ്ക്കാവൂ. ബോര്‍ഡ് സ്ഥാപിക്കേണ്ട സ്ഥലം എവിടെ വേണമെന്നത് സര്‍വീസ് സംഘനാ പ്രതിനിധികളും കളക്ടര്‍ ചുമതലപ്പെടുത്തുന്ന ഉദ്യേഗസ്ഥനും ചേര്‍ന്ന് തീരുമാനിക്കും. കളക്ടറേറ്റിന്റെ ഭിത്തികളില്‍ ഇനി മുതല്‍ പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ പാടില്ല.
രണ്ടു മുതല്‍ മുകളിലേക്കുള്ള എല്ലാ നിലകളിലേയും പോസ്റ്ററുകളും മറ്റും നീക്കുന്നതിന് പൊതുമരാമത്തിനെ ചുമതലപ്പെടുത്തും. നിലിവില്‍ കളക്ടറേറ്റിനകത്ത് സ്ഥാപിച്ചിട്ടുള്ള ആവശ്യമില്ലാത്ത പോസ്റ്ററുകളും ഫ്ലക്സുകളും ബാനറുകളും ഈ മാസം 25-നകം നീക്കം ചെയ്യണമെന്നും കളക്ടര്‍ സര്‍വീസ് സംഘടനാ പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഘടനകളുടെ സമ്മേളനങ്ങളും മറ്റും നടക്കുമ്പോള്‍ ഹുസൂര്‍ ശിരസ്ഥദാറിന്റെ അനുമതിയോടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ താത്കാലിക ഫ്ലക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും വെയ്ക്കുന്നതിന് അനുവദിക്കും. ഇങ്ങനെ അനുവദിക്കുന്ന കൊടിതോരണങ്ങള്‍ക്ക് മൂന്ന് ദിവസത്തിനു മാത്രമേ അനുമതി നല്‍കൂ. ഓഫീസിനകത്ത് ഇത്തരത്തില്‍ പോസ്റ്റുകളും മറ്റും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കും. നിലിവിലുള്ള കൊടിമരങ്ങളും പോസ്റ്ററുകളും ഉടന്‍ മാറ്റുമെന്ന് സര്‍വീസ് സംഘടനാ പ്രതിനിധികള്‍ കളക്ടറെ അറിയിച്ചു. കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി.രാമചന്ദ്രന്, വിവിധ സര്‍വീസ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: