അലഹബാദ്: റെയില്‍ വേ സ്റ്റേഷനുകളില്‍ ചില്ലറയില്ലാത്തതിന്റെ പേരിലുള്ള ബുദ്ധിമുട്ട് ഇനി അനുഭവിക്കേണ്ടിവരില്ല. എല്ലാ റെയില്‍ വേ സ്റ്റേഷനുകളിലും കോയിന് വെന്‍ഡിംഗ് മെഷീന് സ്ഥാപിക്കുന്നതിന് റെയില്‍ വേ അധികൃതര്‍ തീരുമാനം എടുത്തുകഴിഞ്ഞു. ഉടന്‍ തന്നെ ഈ സംവിധാനം പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ റെയില്‍ വേ സ്റ്റേഷനുകള്‍ക്ക് റെയില്‍ വേ ബോര്‍ഡ് നല്‍കിയിട്ടുണ്ട്.
കോയിന് വെന്‍ഡിംഗ് മെഷീനില്‍ നോട്ടിട്ടാല്‍ അതിന്റെ മൂല്യത്തിനനുസരിച്ചുള്ള നാണയം ലഭിക്കുന്നതാണ് ഈ സംവിധാനം. ഇതുമായി ബന്ധപ്പെട്ട് റെയില്‍ വേ ബോര്‍ഡ് ഡപ്യൂട്ടി ഡയറക്ടര്‍ ആര്.സി പാണ്ഡെ, നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ റെയില്‍വേകളിലെ മുഖ്യ കോമേഴ്സ്യല്‍ മാനേജര്‍മാര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.
റെയില്‍ വേ ബുക്കിംഗ് ഓഫീസുകളില്‍ കോയിന് വെന്‍ഡിംഗ് മെഷീന് സ്ഥാപിക്കുന്നതിനുള്ള അനുമതി എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും നല്‍കിയതായി കത്തില്‍ പറയുന്നു. ഇതില്‍ ആദ്യ പരിഗണന നല്‍കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കായിരിക്കും.
ഈ സംവിധാനം ഒരുക്കുന്നതിന് ഒരു രൂപ ലൈസന്‍സ് ഫീസും റെയില്‍ വേ ഈടാക്കുന്നതായിരിക്കും. വൈദ്യുതി സൗജന്യമായിരിക്കും. എ-1 വിഭാഗത്തില്‍ പെടുന്ന റെയില്‍ വേ സ്റ്റേഷനുകളില്‍ ഓരോ ബുക്കിംഗ് ഓഫീസിന് സമീപവും സ്ഥാപിക്കാവുന്ന കോയിന് വെന്‍ഡിംഗ് മെഷീനുകളുടെ പരമാവധി എണ്ണം നാലാണ്. മറ്റ് വിഭാഗത്തില്‍ പെടുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ പരമാവധി രണ്ട് മെഷീനുകള്‍ സ്ഥാപിക്കാം. ബാങ്കുകള്‍ സ്വന്തം ചെലവിലായിരിക്കണം ഈ മെഷിനുകള്‍ പരിപാലിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: