ന്യൂദല്‍ഹി: ഇന്ത്യയിലെ സിഖ് ഗുരുദ്വാരകളില്‍ നടത്തിയ സേവനത്തിന്റെ ഭാഗമായി ഷൂ പോളിഷ് ചെയ്ത പാക് ഉദ്യോഗസ്ഥന് പൂര്‍ണപിന്തുണ നല്‍കുമെന്ന് സിഖ് സമുദായം. പാക്കിസ്ഥാനിലെ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ഖുര്‍ഷിദ് ഖാനാണ് ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ ഗുരുദ്വാര ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ ഷൂ പോളിഷ് ചെയ്ത് സേവനം നടത്തിയത്. ഖാന്റെ പ്രവൃത്തി പാക്കിസ്ഥാനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പാക് സുപ്രീംകോടതി ബാര്‍ അസോസിയേഷന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ഗുരുദ്വാരയിലോ മറ്റേതൊരു ആരാധനാലയത്തിലോ സേവനം നടത്തുക എന്നത് ഒരാളുടെ വ്യക്തിപരമായ താത്പര്യമാണെന്നും അങ്ങനെ ചെയ്തതിനാല്‍ ഒരു രാജ്യത്തിന്റെയും സമുദായത്തിന്റെയും യശസ്സിന് കോട്ടം തട്ടില്ലെന്നും ദല്‍ഹി സിഖ് ഗുരുദ്വാര മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പരംജിത്ത് സിംഗ് സര്‍ണ ചൂണ്ടിക്കാട്ടി. ജാതി, മത, സമുദായഭേദമില്ലാതെ ഏവരുടെയും മുന്നില്‍ ഗുദുദ്വാരയുടെ വാതിലുകള്‍ തുറന്ന് കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാനെതിരെ പാക് സുപ്രീംകോടതി ബാര്‍ അസോസിയഷന് നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് ഉടന്‍ പിന്‍വലിക്കണമെന്നും ദല്‍ഹി സിഖ് ഗുരുദ്വാര മാനേജിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി, റാഡിക്കല്‍ സിഖ് ഓര്ഗനൈസേഷന് തുടങ്ങിയ സിഖ്സംഘടനകളും ഖുര്‍ഷിദ് ഖാന്റെ പ്രവൃത്തിയെ ന്യായീകരിച്ച് അദ്ദേഹത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്. ഒരു രാജ്യത്തിന്റെയും നിയമം താന്‍ ലംഘിച്ചിട്ടില്ലെന്നും പാക്പൗരനായ ഭീകരന് കസബ് ഇന്ത്യയിലെ നിപരപരാധികളെ കൊന്നൊടുക്കിയതാണോ ആരാധനാലയങ്ങളില്‍ താന്‍ നടത്തിയ സേവനമാണോ രാജ്യത്തിന് അപകീര്ത്തികരമായതെന്നായിരുന്നു ബാര്‍ അസോസിയേഷന്റെ നോട്ടീസ് കിട്ടിയപ്പോള്‍ ഖാന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: