ന്യൂദല്‍ഹി: മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. ജൂണ്‍ മാസത്തില്‍ 7.25 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്. മെയില്‍ പണപ്പെരുപ്പ നിരക്ക് 7.55 ശതമാനമായിരുന്നു. ഏപ്രിലിലെ മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 7.5 ശതമാനമായി പുനര്‍നിര്‍ണയിക്കുകയും ചെയ്തു. നേരത്തെ ഇത് 7.23 ശതമാനമെന്നാണ് കണക്കാക്കിയിരുന്നത്.
ഇന്ധന വിലപ്പെരുപ്പം മെയ് മാസത്തിലെ 11.53 ശതമാനത്തില്‍ നിന്ന് 10.27 ശതമാനമായി കുറഞ്ഞു. ഉത്പന്ന നിര്‍മാണ മേഖലയിലെ പണപ്പെരുപ്പം അഞ്ച് ശതമാനമായും കുറഞ്ഞു. മെയിലിത് 5.02 ശതമാനമായിരുന്നു. അതേസമയം മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള ഭക്ഷ്യ വിലപ്പെരുപ്പം മെയ് മാസത്തിലെ 10.74 ശതമാനത്തില്‍ നിന്ന് 10.81 ശതമാനമായി ഉയര്‍ന്നു.
പണപ്പെരുപ്പം താഴ്ന്നതിനെ തുടര്‍ന്ന് പലിശ നിരക്കില്‍ കുറവ് വരുത്തുന്നതിനായി റിസര്‍വ് ബാങ്കിനുമേല്‍ സമ്മര്‍ദ്ദം ശക്തമായിരിക്കുകയാണ്. ജൂണ്‍ 18 ന് നടന്ന അര്‍ദ്ധ വാര്‍ഷിക പണ വായ്പാ നയ അവലോകനത്തില്‍ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയതിന് പ്രധാന കാരണം ഉയരുന്ന പണപ്പെരുപ്പ നിരക്കായിരുന്നു. നിരക്കുകളില്‍ കാല് ശതമാനം കുറവ് വരുത്തുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നു.
ജൂലൈ 31 ന് ആണ് ആര്‍ബിഐയുടെ അടുത്ത പണ വായ്പാ നയ അവലോകനം നടക്കുക. എന്നാല്‍ വായ്പാനിരക്കുകളില്‍ കുറവ് വരുത്താന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
രണ്ട് മാസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം മെയ്മാസത്തില്‍ വ്യാവസായിക ഉത്പാദനം 2.4 ശതമാനം ഉയര്‍ന്നത് ശുഭസൂചന നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: