നെടുമ്പാശ്ശേരി: ജനസേവ സ്പോര്‍ട്സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നെടുമ്പാശ്ശേരി മേയ്ക്കാട് ജനസേവ ബോയ്സ് ഹോമില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കായിക പരിശീലനം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും അങ്കമാലി എംഎല്‍എ ജോസ് തെറ്റയിലും ചേര്‍ന്ന് നിര്‍വഹിച്ചു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ജനസേവ നടത്തുന്ന ഈ സൗജന്യ കായിക പരിശീലനം എന്തുകൊണ്ടും മാതൃകാപരമാണെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള പതിനഞ്ച് വയസിന് മുകളില്‍ പ്രായമുള്ള 100 ആണ്‍കുട്ടികളെയാണ് ആദ്യം പരിശീലനക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്. ശനി, ഞായര്‍ കൂടാതെ മറ്റ് അവധി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ആയിരിക്കും പരിശീലനത്തിനുള്ള സമയം. ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍ എന്നിവയിലും മറ്റ് സ്പോര്‍ട്സ് ഇനങ്ങളിലുമാണ് പരിശീലനം നല്‍കുക. മുന്‍ ദേശീയ-സംസ്ഥാന ഫുട്ബോള്‍ താരങ്ങളായ സി.സി. ജേക്കബ്, എം.എം. ജേക്കബ്, സോളി സേവ്യര്‍, എം.പി. കലാധരന്‍, ക്യാപ്റ്റന്‍ എസ്.കെ. നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം. ചടങ്ങില്‍ ജനസേവ ചെയര്മാന് ജോസ് മാവേലി അധ്യക്ഷനായിരുന്നു. കായികരംഗത്ത് കഴിവും താല്പര്യമുള്ള ഒട്ടേറെ കുട്ടികള്‍ ഉണ്ടെങ്കിലും അവര്‍ക്ക് പരിശീലനത്തിന് പറ്റിയ സ്ഥലമോ സൗകര്യമോ ഇല്ലാത്തതിനാല്‍ ഈ രംഗത്ത് പലരുടെയും ഭാവി ഇരുളടയുകയാണ്. ഇതിനൊരു പരിഹാരം എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ജനസേവ സ്പോര്‍ട്സ് അക്കാദമി ചെയര്മാന് ജോസ് മാവേലി പറഞ്ഞു.
നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. വര്‍ഗീസ്, മെമ്പര്‍ മിനി എല്‍ദോ, കെ.എ. വറീത്, ബാബു കരിയാട്, നെടുമ്പാശ്ശേരി രവി, ഐഎംഎ മധ്യകേരള പ്രസിഡന്റ് ഡോ. സി.എം. ഹൈദരാലി, പി. ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. ജനസേവ ശിശുഭവന് ജനറല്‍ കണ്‍വീനര്‍ ജോബി തോമസ് സ്വാഗതവും ജനസേവ ശിശുഭവന് പ്രസിഡന്റ് ക്യാപ്റ്റന്‍ എസ്.കെ. നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: