ന്യൂദല്‍ഹി: ഉപരാഷ്ട്രപതി ഹമീദ് അന്സാരിയെത്തന്നെ പുതിയ ഉപരാഷ്ട്രപതിസ്ഥാനാര്ത്ഥിയായി യുപിഎ പ്രഖ്യാപിച്ചു. അന്‍സാരിയെ പിന്തുണക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കി.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ വസതിയില്‍ ചേര്‍ന്ന യുപിഎ യോഗത്തിലാണ് 75 കാരനായ അന്‍സാരിയെ വീണ്ടും ഉപരാഷ്ട്രപതിയാക്കാന്‍ തീരുമാനിച്ചത്. യുപിഎ അധ്യക്ഷ സോണിയാഗാന്ധിയാണ് യോഗത്തിനൊടുവില്‍ അന്‍സാരിയുടെ പേര് പ്രഖ്യാപിച്ചത്. അന്‍സാരിയെ പിന്തുണക്കില്ലെന്ന് ബിജെപിയും പ്രഖ്യാപിച്ചതോടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ശക്തമായ മത്സരത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. മന്മോഹന്സിംഗാണ് അന്‍സാരിയുടെ പേര് നിര്‍ദ്ദേശിച്ചത്.
ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി, മുന്‍ എംപി കൃഷ്ണ ബോസ് എന്നിവരെ നിര്‍ദ്ദേശിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയും റെയില്വെമന്ത്രിയുമായ മുകുള്‍ റോയിയും യുപിഎ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ അന്‍സാരിയുടെ പേര് സോണിയ പ്രഖ്യാപിച്ചയുടന്‍ ഇദ്ദേഹം കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തു. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് അദ്ദേഹം പിന്നീട് വാര്‍ത്താലേഖകരോട് പറയുകയും ചെയ്തു.
രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ അംഗീകരിക്കില്ലെന്നാണ് തൃണമൂലിന്റെ നിലപാട്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് തമിഴ്നാട്ടില്‍നിന്നുള്ള ഘടകകക്ഷിയായ വിസികെ നിര്‍ദ്ദേശിച്ചു. സോണിയയോ മന്‍മോഹന്‍സിംഗോ ഇതിനോട് പ്രതികരിച്ചില്ല. അന്‍സാരിക്ക് പിന്തുണ നല്‍കണമെന്ന് നേരത്തെ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, സുഷമാസ്വരാജ്, തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി എന്നിവരോട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, അദ്വാനിയും സുഷമയും ഇത് നിരസിച്ചതായി ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരോടും പ്രധാനമന്ത്രി സംസാരിച്ചതായി ആഭ്യന്തരമന്ത്രി പി. ചിദംബരം വ്യക്തമാക്കി. ഇവര്‍ അന്‍സാരിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് ഒരു കോണ്ഗ്രസിതരന് വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. സ്ഥാനാര്‍ത്ഥിക്ക് മികച്ച പശ്ചാത്തലവും വേണം. ഇക്കാര്യങ്ങള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ അറിയിച്ചിട്ടുമുണ്ട്. ഇതേസമയം, ഒന്നാം യുപിഎ സര്‍ക്കാരിനെ പുറമെ നിന്ന് പിന്തുണച്ചിരുന്ന സിപിഎം 2007 ല്‍ ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നത് ഹമീദ് അന്‍സാരിയെ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: