കോട്ടയം/അടിമാലി: വിശാലഹിന്ദു ഐക്യം മുന്‍നിര്‍ത്തി എന്‍എസ്എസും എസ്എന്‍ഡിപിയും ഐക്യത്തിലേക്ക്. വിശാലഹിന്ദു ഐക്യം വേണമെന്ന് മൂന്നാറില്‍ ചേര്‍ന്ന എസ്എന്‍ഡിപി നേതൃയോഗം പ്രഖ്യാപിച്ചപ്പോള്‍ ഭൂരിപക്ഷ വിഭാഗങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് എസ്എന്‍ഡിപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്ത് രാഷ്ട്രീയ ശക്തിയായി മാറുവാനുള്ള നീക്കത്തിനും എസ്എന്‍ഡിപി നേതൃയോഗം അംഗീകാരം നല്കി. വിശാലഹിന്ദു ഐക്യത്തിനൊപ്പം സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയും വേണമെന്ന് നേതൃയോഗത്തില്‍ ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടു. 138 യൂണിയനുകളില്‍ നിന്നെത്തിയ പ്രതിനിധികളില്‍ 130 യൂണിയനിലെ അംഗങ്ങളും ഈ അഭിപ്രായത്തോട് യോജിച്ചു. 13ന് രാവിലെ ആരംഭിച്ച യോഗത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയരേഖ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഹിന്ദുഐക്യത്തിന്റെ ആവശ്യം അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പെരുമ്പാവൂര്‍, ചങ്ങനാശ്ശേരി, മാവേലിക്കര, പത്തനംതിട്ട, ചാലക്കുടി, കൊട്ടാരക്കര എന്നീ യൂണിയനുകളുടെ നേതാക്കളാണ് നയരേഖസംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് ഇന്നലെ സംസാരിച്ചത്.
13 ന് നടന്ന ചര്‍ച്ചയില്‍ ഇരുപത്തിയഞ്ചില്‍പ്പരം യൂണിയനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ എസ്എന്‍ഡിപി നേതൃത്വത്തിന്റെ കീഴില്‍ സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന ആവശ്യം ഉന്നയിക്കുകയുണ്ടായി. ഇന്നലെ നടന്ന ചര്‍ച്ചയില്‍ 130 യൂണിയനുകളിലെ പ്രതിനിധികളും രാഷ്ട്രീയ സമ്മര്ദ്ദശക്തിയാകുന്നതിലും നല്ലത് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണനമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
എസ്എന്‍ഡിപി നേതൃയോഗം ഇന്ന് സമാപിക്കും. വിശാലഹിന്ദു ഐക്യത്തിന് ഇന്നലെ പെരുന്നയില്‍ നടന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലുണ്ടായ തീരുമാനം ഇന്നത്തെ ചര്‍ച്ചകളില്‍ സജീവമായി ഉയരുമെന്നാണ് സൂചന. ഇന്നലെ രാത്രി നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധമായ ധാരണ ഉണ്ടായിട്ടുണ്ട്.
എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യം സംബന്ധിച്ച് ഇന്നലെ പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. യോഗം അംഗീകരിച്ച നയരൂപ രേഖയില്‍ ഭൂരിപക്ഷവിഭാഗങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് എസ്എന്‍ഡിപി യുമായി എന്‍എസ്എസ് സഹകരിച്ചു പ്രവര്‍ത്തിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. എസ്എന്‍ഡിപിയുമായി ഐക്യമാണ് എന്‍ എസ് എസ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ യോഗതീരുമാനങ്ങളെക്കുറിച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇരുസമുദായ സംഘടനകളുമായി ഐക്യത്തിന് തടസ്സമാകുന്ന വിഷയങ്ങള്‍ പരസ്പര ചര്‍ച്ചകളിലൂടെ പരിഹരിക്കും. എന്‍ എസ് എസ് – എസ് എന്‍ ഡി പി സംഘടനകളുടെ പ്രവര്‍ത്തന താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ട് പരസ്പര സഹകരണത്തോടെ ഐക്യം നിലനിര്‍ത്താനും എന്‍ എസ് എസ് തീരുമാനിച്ചിട്ടുണ്ട്.
ഭൂരിപക്ഷ വിഭാഗങ്ങളുടെ ഐക്യമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും ഐക്യം മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിലുള്ളതാകാന് പാടില്ലെന്നും എന്‍ എസ് എസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ജാതിക്കോ മതത്തിനോ തൊഴിലിനോ അല്ല, പാവങ്ങള്‍ക്കാണ് നീതി കൊടുക്കേണ്ടത്. നീതി നിഷേധിക്കപ്പെട്ട പാവങ്ങള്‍ക്കുവേണ്ടിയാണ് ഹൈന്ദവശാക്തീകരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആര്.ശങ്കറിന്റെ കാലത്ത് ഈഴവര്ക്കുണ്ടായിരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അനുപാതത്തേക്കാള്‍ വളരെ പിന്നിലാണ് ഇന്ന്. അന്ന് കുറവുണ്ടായിരുന്നവര് എത്രയോ ഇരട്ടി നേടി. ഈഴവര്‍ക്ക് ആ മുന്നേറ്റം നിഷേധിക്കപ്പെട്ടത് ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ ഫലമായാണ്. ഈഴവരും ഇതര ഹിന്ദുക്കളും അവരുടെ സമ്മേളനങ്ങളില്‍ മറ്റു മതനേതാക്കളെ വിളിച്ച് ബഹുമാനിച്ച് മതേതരത്വം പ്രകടിപ്പിക്കുമ്പോള്‍ ഒരു പെരുന്നാളിന്റെ ക്ഷണക്കത്തുപോലും തിരികെ ലഭിക്കാറില്ല. ഈഴവര്‍ക്കുവേണ്ടി ഗുരുസന്ദേശങ്ങള്‍ വ്യാഖ്യാനിച്ചു നല്‍കുന്നുവെന്ന വ്യാജേന തെറ്റായ പ്രചാരണമാണ് മറ്റുള്ളവര്‍ നടത്തുന്നത്. ‘ഒരുജാതി, ഒരുമതം, ഒരുദൈവം’ എന്ന സൂക്തത്തെ വ്യാഖ്യാനിച്ച് ഈഴവര്‍ ജാതി പറയരുതെന്ന് പറയുന്നത് ഇങ്ങനെയാണ്. ദുരിതങ്ങളില്‍ നിന്ന് ദുര്‍ബല ജനവിഭാഗങ്ങളെ കരകയറ്റുമെന്ന് പ്രതീക്ഷിച്ചിരുന്ന കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ഇന്ന് കത്തിയും ബക്കറ്റും ഉപകരണങ്ങളാക്കിയും സ്വയം ഭിന്നതയില്‍ ആഴ്ന്നുനീങ്ങുകയാണ്. വോട്ടിനുവേണ്ടി ഏത് തീവ്രചിന്താഗതിക്കാരെയും കൂട്ടുപിടിക്കാന്‍ ഇവര്‍ക്ക് മടിയില്ലെന്നതാണ് പിഡിപി സഖ്യത്തിന് ശ്രമിച്ചതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: