കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതി തടിയന്റവിട നസീറിന് ജയിലില്‍ മൊബെയില്‍ സിംകാര്‍ഡുകള്‍ എത്തിച്ച യുവതി അറസ്റ്റില്‍. പന്തളം മുട്ടം പാലത്തുംതലയ്ക്കല്‍ വീട്ടില്‍ ദീപാ ചെറിയാനെയാണ് പാലാരിവട്ടം എസ്ഐ വി.ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ വിചാരണത്തടവുകാരനായി ജയിലിലുണ്ടായിരുന്ന തടിയന്റവിട നസീറിന്റെ സംഘത്തില്‍പ്പെട്ട നൗഷാദുമായുള്ള ദീപാ ചെറിയാന്റെ ബന്ധമാണ് സിംകാര്‍ഡ് എത്തിച്ചുകൊടുക്കുന്നതിലേക്ക് നയിച്ചത്.
നൗഷാദിനെ കാണാന്‍ എറണാകുളം സബ്ജയിലില്‍ ഇടയ്ക്കിടെ ദീപ സന്ദര്‍ശിക്കുമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് തടിയന്റവിട നസീറിനുവേണ്ടി സിംകാര്‍ഡുകള്‍ ഇവര്‍ സംഘടിപ്പിച്ചത്. പാലാരിവട്ടത്തെ വൊഡാഫോണ്‍ സ്ഥാപനത്തില്‍നിന്നും ഐഡി പ്രൂഫ് നല്‍കാതെ ജീവനക്കാരനെ മയക്കി രണ്ട് സിംകാര്‍ഡുകള്‍ സംഘടിപ്പിക്കുകയായിരുന്നു. ജയിലില്‍നിന്നും പാക്കിസ്ഥാന് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലേക്ക് ഫോണ്‍ കോളുകള്‍ പോയതിനെത്തുടര്‍ന്ന് രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് സിംകാര്‍ഡുകള്‍ പാലാരിവട്ടത്തെ കടയില്‍നിന്നും വാങ്ങിയതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നേരത്തെ കടയിലെ ജീവനക്കാരന് അരുണ്‍ പോളിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ദീപാ ചെറിയാന് സിംകാര്‍ഡുകള്‍ വാങ്ങിയതായി അറിവ് ലഭിച്ചത്. ചൊവ്വാഴ്ച രാത്രി എറണാകുളം എസ്ആര്‍എം റോഡില്‍നിന്നാണ് ഇവരെ പാലാരിവട്ടം എസ്ഐ അറസ്റ്റ് ചെയ്തത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: