തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശതകോടികളുടെ ക്ഷേത്രസ്വത്ത് സൂക്ഷിക്കുന്ന ശ്രീ ഭണ്ഡാര നിലവറ (എ) യിലെ കണക്കെടുപ്പ് തുടങ്ങി. തിരുവനന്തപുരം ജില്ലാകോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ സീല്‍ചെയ്ത നിലവറ തുറന്നു കൊടുത്തു. പിന്നീട് നിലവറയുടെ ചുമതല സമിതി ഏറ്റെടുത്തു.പുരാവസ്തുവിദഗ്ധന്‍ എം. വേലായുധന് നായരുടെ നേതൃത്വത്തിലുള്ള മൂല്യനിര്ണയസമിതിയും ജസ്റ്റിസ് എം.എന്‍. കൃഷ്ണന് അധ്യക്ഷനായ മേല്‍നോട്ട സമിതിയും യോഗംചേര്‍ന്ന് എല്ലാ സാങ്കേതിക സംവിധാനങ്ങളും വിലയിരുത്തിയ ശേഷമാണ് നിലവറ തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.
ഈട്ടിയില്‍ തീര്‍ത്ത രണ്ടുകവാടങ്ങളും പിന്നെ അതിനുള്ളിലെ ഉരുക്ക് വാതിലും തുറന്ന് അകത്തുകയറി. ചാക്കുകളിലും ഇരുമ്പുപെട്ടകങ്ങളിലുമാണ് മഹാനിധിശേഖരം. രത്നങ്ങളും വജ്രങ്ങളും ഉള്‍പ്പടെയുള്ള അമൂല്യ വസ്തുക്കളുടെ കാലപ്പഴക്കം, ശുദ്ധി, ഭാരം തുടങ്ങിയ നിര്‍ണയിക്കാനുള്ള സംവിധാനങ്ങള്‍ ക്ഷേത്രത്തില്‍ സജ്ജമാക്കി. ജര്‍മനി , ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ ഉപകരണങ്ങള്‍ ഇതിനായി ഉപയോഗിക്കും.
ക്ഷേത്രത്തിലെ നിലവറകള്‍ക്കകത്ത് കണ്ടെത്തിയ ഒരു ലക്ഷം കോടിയുടെ ആസ്തിയില്‍ തൊണ്ണൂറായിരം കോടിയും എ നിലവറയിലായിരുന്നു. ഇവിടത്തെ അമൂല്യസ്വത്തിന്റെ പരിശോധനയ്ക്കായി പ്രത്യേക മാര്‍ഗരേഖയും തയാറാക്കിയിട്ടുണ്ട്. നിലവറയിലെ ശേഖരം പരിശോധന കഴിഞ്ഞ് ഇരുമ്പു പെട്ടികളിലാക്കിയാണ് തിരികെ വെയ്ക്കുക.
രത്നങ്ങളുടെ പരിശോധനയ്ക്കുള്ള ആധുനിക ഉപകരണങ്ങള്‍ ശനിയും ഞായറും കൊണ്ട് ക്ഷേത്രത്തിലെ പരിശോധനാ കേന്ദ്രത്തില്‍ സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ജിയോളജി വിഭാഗത്തിന്റെ ലാബാണ് തുടക്കത്തില്‍ പരിശോധനാ കേന്ദ്രത്തിലെത്തിച്ചത്. കണക്കെടുപ്പ് വേഗത്തിലാക്കാനുള്ള തീരുമാന പ്രകാരമാണ് പുതിയ ഉപകരണങ്ങള്‍ വാങ്ങിയത്. എ നിലവറയിലെ അമൂല്യസ്വത്തിന്റെ കണക്കെടുപ്പിന് മൂന്ന് മാസത്തിലേറെ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദൈനംദിന പൂജയ്ക്കുള്ള ഉപകരണങ്ങളും സ്വര്ണക്കുടങ്ങളുമാണ് സൂക്ഷിച്ചിരിക്കുന്ന നിത്യാദി നിലവറയായ ഡി യിലെ വസ്തുക്കളുടെ കണക്കെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. ഉല്‍സവ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്ന സി നിലവറയുടെ മൂല്യനിര്‍ണയവും പൂര്‍ത്തിയായി. ദൈനംദിന പൂജയ്ക്കുള്ള വസ്തുക്കള്‍ അടങ്ങുന്ന നിത്യാദി നിലവറയായ ഇ, എഫ് നിലവറകളുടെ പരിശോധനയും പുരോഗമിക്കുകയാണ്. ക്ഷേത്രത്തിലെ നിത്യോപയോഗ പൂജാസാധനങ്ങളും വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്ന കിരീടങ്ങള്‍, സ്വര്‍ണത്തിലെയും വെള്ളിയിലെയും ചതുര്‍ബാഹു അങ്കികള്‍, സ്വര്‍ണ പനിനീര്ക്കുപ്പികള്, ചന്ദനത്തിരി സ്റ്റാന്‍ഡ്, മണികള്‍, സ്വര്‍ണം പൊതിഞ്ഞ ശംഖുകള്‍ തുടങ്ങിയവയാണ് ഈ രണ്ട് നിലവറകളിലുള്ളത്. ഇതില്‍ രത്നങ്ങള്‍ പതിച്ച കിരീടങ്ങളും അങ്കികളും അടക്കുമള്ളവയുടെ പരിശോധനയാണ് ബാക്കിയുള്ളത്. ഇ നിലവറയുടെ താക്കോല്‍ പെരിയനമ്പിയും എഫ് നിലവറയുടെ താക്കോല്‍ തെക്കേടത്ത് നമ്പിയുമാണ് സൂക്ഷിക്കുന്നത്. പൂജകള്‍ക്കു ശേഷം നമ്പിമാരുടെ സാന്നിധ്യത്തിലാണ് ഇവ തുറന്നത്. പൂജാ സാധനങ്ങളും വിഗ്രഹച്ചാര്ത്തുകളും നമ്പിമാരല്ലാതെ മറ്റാരും തൊടരുതെന്നാണ് ആചാരം.ഇനി പരിശോധിക്കാനുള്ള ബി നിലവറ പതിറ്റാണ്ടുകളായി തുറന്നിട്ടില്ല.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ഡി നിലവറ വര്‍ഷത്തില്‍ അഞ്ചുപ്രാവശ്യം തുറക്കുന്നതാണ്. പൈങ്കുനി, അല്‍പ്പശി ഉത്സവങ്ങള്‍ക്കും രണ്ടുകളഭങ്ങള്ക്കും കലശാഭിഷേകത്തിനുമാണ് ഈ അറയില്‍ നിന്നും പൂജാ സാധനങ്ങള്‍ എടുക്കുന്നത്. അടുത്ത രണ്ടുദിവസങ്ങളില്‍ ഇ, എഫ് നിലവറകളില്‍ ബാക്കിയുള്ള ആഭരണങ്ങളുടെ പരിശോധന നടത്തി.
കെല്‍ട്രോണ്‍ ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലാണ് മൂല്യനിര്‍ണയം. എല്ലാം വീഡിയോയിയില്‍ പകര്‍ത്തും. ത്രിമാനചിത്രങ്ങളുമെടുക്കും. വിവരങ്ങള്‍ നേരിട്ട് ഐഎസ്ആര്‍ഒ തയാറാക്കിയ കംപ്യൂട്ടര്‍ സെര്‍വറില്‍ രേഖപ്പെടുത്തും. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷമെങ്കിലും വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: