ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ നിരാഹാരം നടത്താന്‍ അണ്ണാ ഹസാരെ സംഘത്തിന് അനുമതി നിഷേധിച്ചു. ദല്‍ഹി പോലീസിന്റേതാണു തീരുമാനം. നിരവധി സംഘടനകള്‍ ഇവിടെ പരിപാടികള്‍ക്ക് അനുമതി തേടിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹസാരെ സംഘത്തിന് അനുമതി നിഷേധിച്ചത്. ഇതു സംബന്ധിച്ചു ദല്‍ഹി പോലീസ് സംഘാടകര്‍ക്കു കത്തു നല്കി.
ഈ മാസം 25 മുതലാണ് അഴിമതിക്കെതിരേ സമരം നടത്താന്‍ ജന്തര്‍ മന്ദറില്‍ വേദി അനുവദിക്കണമെന്ന് ഹസാരെ സംഘം ആവശ്യപ്പെട്ടിരുന്നത്. 25 മുതല്‍ ആഗസ്റ്റ് എട്ടു വരെ പതിനഞ്ചു ദിവസത്തേക്ക് സമരം നടത്താനായിരുന്നു പരിപാടി. എന്നാല്‍ സമരത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സംഘം തയാറായില്ല. തുടര്‍ന്ന് ഒരു ദിവസത്തില്‍ കൂടുതല്‍ ജന്തര്‍ മന്ദറില്‍ സമരം നടത്താന്‍ അനുവദിക്കാന്‍ ആകില്ലെന്ന് ദല്‍ഹി പോലീസ് ഹസാരെ സംഘത്തെ അറിയിക്കുകയായിരുന്നു.
എല്ലാ സംഘടനകള്‍ക്കും ഒരുമിച്ചു സമരം നടത്താനുള്ള ശേഷി ജന്തര്‍ മന്തറിനില്ലെന്ന് പോലീസ് പറയുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്ന സമയമായതിനാല്‍ സുരക്ഷാ പ്രശ്നവുമുണ്ട്. അതിനാല്‍ ഹസാരെ സംഘത്തിനു മാത്രമായി അനിശ്ചിത കാലത്തേക്കു മൈതാനം നല്‍കാനാകില്ലെന്നും കത്തില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിക്കും 14 കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെ ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ടാണു പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: