ന്യൂദല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ദീര്‍ഘകാലമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് വി.എസിന് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
വി.എസിന്റെ ഹര്‍ജിയില്‍ കേരള സര്‍ക്കാരിന് നോട്ടീസ് അയക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വി.എസ് നല്കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്.
ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം കേസ് അവസാനിപ്പിക്കുന്നതിന് കോഴിക്കോട് കോടതിയില്‍ അനുമതി തേടിയിരുന്നു. റൗഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സി.ബി.ഐ അന്വേഷണമായിരുന്നു വി.എസ് ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ സി.ബി.ഐ കൂടി കക്ഷിയാകേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു.
കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: