കൊച്ചി: തലശേരിയിലെ ഫസല്‍ വധക്കേസില്‍ കീഴടങ്ങിയ പ്രതികളും സി.പി.എം പ്രാദേശിക നേതാക്കളുമായ കാരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവരുടെ സി.ബി.ഐ കസ്റ്റഡി ഒരു ദിവസം കൂടി നീട്ടിക്കൊണ്ട് എറണാകുളം സി.ജെ.എം കോടതി ഉത്തരവായി.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇരുവരെയും കോടതിയില്‍ രാവിലെ ഹാജരാക്കിയിരുന്നു. സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഇരുവരുടെയും കസ്റ്റഡി കാലാവധി ഒരു ദിവസത്തേക്കു കൂടി നീട്ടിയത്. കസ്റ്റഡി കാലാവധി നീട്ടുന്നത് പ്രതികളടെ ആരോഗ്യസ്ഥതിയെ ദോഷകരമായി ബാധിക്കുമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചു.
നേരത്തെ ഏഴ് ദിവസത്തേക്കാണ് ഇരുവരെയും കസ്റ്റഡിയില്‍ വിട്ടിരുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും കസ്റ്റഡിയില്‍ വിടാനുള്ള ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഇത് നീക്കുകയും ചെയ്തിരുന്നു. ഈ നടപടികള്‍ കാരണം ഏഴ് ദിവസത്തേക്ക് പൂര്‍ണമായി പ്രതികളെ കസ്റ്റഡിയില്‍ ലഭ്യമായില്ലെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് കോടതിയുടെ നടപടി.
കേസിലെ ഒന്നാം പ്രതി കൊടി സുനിയെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊടി സുനിയെ വീണ്ടും തിങ്കളാഴ്ച ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: