തിരുവനന്തപുരം: യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്മാസ്റ്ററുടെ വധക്കേസ് സിബിഐക്ക് വിടും. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തു. സിബിഐ അന്വേഷണം സംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും. കേസ് അട്ടിമറിച്ചതിന് ഉന്നത് പോലീസുകാരുള്‍പ്പെടെ പ്രതിക്കൂട്ടിലാകുമെന്നതിനാല്‍ സിബിഐ അന്വേഷണത്തിന് വിടുന്നതിന് പോലീസിന്റെ ഭാഗത്തുനിന്നും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ജയകൃഷ്ണന്‍മാസ്റ്റര്‍ വധം സിബിഐ അന്വേഷിക്കേണ്ടതുണ്ടെന്ന കാഴ്ചപ്പാടിലാണ് അന്വേഷണത്തിന് യുഡുഎഫ് സര്‍ക്കാര്‍ തയ്യാറായത്.
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പിടിയിലായ മുഖ്യപ്രതിയും പാട്യം സ്വദേശിയുമായ ടി.കെ. രജീഷ് പ്രത്യേക അന്വേഷണ സംഘത്തിന് നല്കിയ മൊഴിയെ തുടര്‍ന്നാണ് ജയകൃഷ്ണന് വധക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമായത്. ബിജെപിയും കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ വധം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.ജയകൃഷ്ണന്റെ മാതാവ് കൗസല്യ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവരെ നേരില്‍ കണ്ട് കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപെട്ടിരുന്നു.
കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ വധിച്ച കേസില്‍ പിടിയിലായവരില്‍ ഒരാള്‍മാത്രമാണ് യഥാര്ത്ഥപ്രതിയെന്നാണ് ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ ടി.കെ. രജീഷ് പോലീസിന് മൊഴിനല്കിയിരിക്കുന്നത്. താനും അച്ചാരുപറമ്പത്ത് പ്രദീപനും അടങ്ങിയ സംഘമാണ് ക്ലാസ് മുറിയില്‍ ജയകൃഷ്ണന്മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളുടെ പട്ടിക പാര്‍ട്ടി ഓഫീസില്‍ നിന്നും തയ്യാറാക്കി നല്‍കുകയായിരുന്നു.
1999 ഡിസംബര്‍ ഒന്നിനാണ് ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ്മുറിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപന്, സുന്ദരന്‍, ഷാജി, ദിനേശ്ബാബു, രാജന്, കെ.കെ. അനില്‍കുമാര്‍, പറയങ്കണ്ടി സജീവന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ സുന്ദരന്‍, രാജന് എന്നിവരെ തെളിവിന്റെ അഭാവത്തില്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. സജീവന് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവരെ സെഷന്‍സ്കോടതി വധശിക്ഷയ്ക്ക് വിധിച്ചു.
എന്നാല്‍ അപ്പീല്‍ കോടതി ഇവരുടെ ശിക്ഷ ജീവപര്യന്തമാക്കി. കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ പ്രദീപന് ഒഴിച്ചുള്ളവര്‍ കുറ്റവിമുക്തരായി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രദീപനെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പെ പി. ജയരാജന്, പി.ശശി എന്നിവരടങ്ങിയ ജയില്‍ ഉപദേശകസമിതി നല്കിയ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിട്ടയക്കുകയായിരുന്നു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: