തിരുവനന്തപുരം: കെ.സുധാകരന് എം.പിക്കെതിരായ ആരോപണങ്ങള്‍ വഴി തിരിച്ചു വിടുന്നതിന് ഒരു കൂട്ടം മാദ്ധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഇതിന്റെ ഭാഗമായി സി.പി.എമ്മിനുള്ളില്‍ എന്തോ പ്രശ്നങ്ങള്‍ നടക്കുന്നുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും പിണറായി ആരോപിച്ചു.
മാദ്ധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടെന്ന് നേരത്തെ താന്‍ ആക്ഷേപം ഉന്നയിച്ചതാണ്. എന്നാലിപ്പോള്‍ അതിനെക്കാള്‍ വലിയ പ്രയോഗം എന്തെങ്കിലും ഉപയോഗിക്കേണ്ടതാണെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.
കെ.സുധാകരനെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ചത്. അതായിരുന്നു പ്രധാന വാര്‍ത്തയായി നല്‍കേണ്ടിയിരുന്നത്. പത്രസമ്മേളനത്തിനിടെ ഒരു മാധ്യമ പ്രവര്ത്തകന് ടി.പി.ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലേ എന്ന് ചോദിച്ചു. ഇല്ല എന്ന് നേരത്തെ പറഞ്ഞ കാര്യം ആവര്‍ത്തിക്കുകയാണ് താന്‍ ചെയ്തത്. അതവിടെ അവസാനിച്ചു.
എന്നാല്‍ യു.ഡി.എഫിനും ചില മാധ്യമങ്ങള്‍ക്കും സുധാകരനെതിരായ ആരോപണം മുഖ്യവാര്‍ത്തയായി നല്‍കുന്നത് വിഷമമാണ്. അതുകൊണ്ട് അവര്‍ സി.പി.എമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് മുഖ്യവാര്‍ത്തയായി നല്കി. സുധാകരനെതിരായ വെളിപ്പെടുത്തലുകളെ വഴി തിരിച്ചുവിടാന്‍ കണ്ടെത്തിയ സൂത്രവിദ്യയുടെ ഭാഗമാണിതെന്നും പിണറായി പറഞ്ഞു.
സി.പി.എമ്മില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അത് മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന പതിവില്ല. പാര്‍ട്ടിക്കുള്ളിലാണ് ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി സെക്രട്ടറി പറയുന്നതാണോ ജനം വിശ്വസിക്കുന്നതെന്ന് മനസിലാകുന്നുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തനിക്ക് ഇപ്പോള്‍ ഇത്രയേ പറയാനുള്ളൂവെന്ന് പറഞ്ഞ് പിണറായി നടന്നു നീങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: