കൊല്‍ക്കത്ത: ബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് ടാറ്റാക്ക് നല്കിയ ഭൂമി ഏറ്റെടുത്തുകൊണ്ട് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കൊല്‍ക്കത്ത ഹൈക്കോടതി അസാധുവാക്കി.കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് ബംഗാള്‍ സര്‍ക്കാരിന് രണ്ട് മാസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.
നിയമം ഭരണഘടനാ വിരുദ്ധവും അസാധുവുമാണെന്ന് ജസ്റ്റിസുമാരായ പിനാകി ചന്ദ്രഘോഷും മൃണാല്‍ കാന്തിയുമങ്ങിയ ബെഞ്ച് ഉത്തരവിട്ടു.2011 ല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴാണ് ഭൂമി ഏറ്റെടുക്കുന്നതിന് നിയമം കൊണ്ടു വന്നത്.അതിന്റെ അടിസ്ഥാനത്തില്‍ ടാറ്റാക്ക് നാനോ കാര്‍ ഫാക്ടറി ആരംഭിക്കുന്നത് നല്കിയ 997 ഏക്കര്‍ ഭൂമിയില്‍ 400 ഏക്കര്‍ ബംഗാള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
ഇതിനെതിരെ ടാറ്റാ മോട്ടോഴ്സ് കോടതിയെ സമീപിച്ചെങ്കിലും 2011 ല്‍ സര്‍ക്കാര്‍ നടപടി ശരിവെച്ചുകൊണ്ട് കോടതി ഉത്തരവിട്ടു.കീഴ്ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ടാറ്റ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കൊല്‍ക്കത്ത ഹൈക്കോടതി അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
ഇടതു സര്‍ക്കാരിന്റെ കാലത്താണ് ടാറ്റാ മോട്ടോഴ്സിന് 997 ഏക്കര്‍ ഭൂമി നല്‍കുന്നത്.സംഭവം വിവാദമാകുകയും പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടപ്പെടുകയും തൃണമൂല്‍ അധികാരത്തിലേറുകയും ചെയ്തു.മമതാ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് പാസാക്കുകയും സിംഗൂര്‍ ഭൂമി തിരിച്ചുപിടിക്കല്‍ നിയമം പാസാക്കുകയും ചെയ്തു.ബലമായി ഏറ്റെടുത്ത 400 ഏക്കര്‍ കര്‍ഷകര്‍ക്ക് നല്‍കാനായിരുന്നു തീരുമാനം.എന്നാല്‍ ഈ തീരുമാനത്തിനെതിരെ ടാറ്റ മോട്ടോഴ്സ് കോടതിയില്‍ പോകുകയും നിയമം ഭരണഘടനാപരമായി അസാധുവാണെന്നും വാദിച്ചു.
ഭരണഘടനാപരമായി നിയമം അസാധുവാണെന്നും കര്‍ഷകര്‍ക്ക് ഭൂമി തിരിച്ച് നല്‍കുന്നത് റദ്ദാക്കണമെന്നും ടാറ്റാ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.കോടതി വിധി മമതാ സര്‍ക്കാരിന്റെ ആദ്യത്തെ നിയമനിര്മ്മാണത്തിനേറ്റ കനത്ത തിരിച്ചടി ആയിരിക്കുകയാണ്.
അതേസമയം കര്‍ഷകര്‍ക്ക് അവരുടെ ഭൂമി തിരിച്ച് നല്‍കുമെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കി.കോടതി വിധിയെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.കര്‍ഷകര്‍ക്ക് അവരുടെ ഭൂമി തിരിച്ച് നല്കുന്നതില് സര്‍ക്കാര്‍ പ്രതിഞ്ജാബന്ധമാണെന്നും അവര്‍ക്ക് അവരുടെ ഭൂമി തിരിച്ച് നല്‍കുമെന്നും മമത ഉറപ്പു നല്കി. ഇക്കാര്യത്തില്‍ തങ്ങള്‍ മുന്നോട്ട് പോകുമെന്നും അന്തിമഘട്ടത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും മമത പറഞ്ഞു.എന്നാല്‍ കോടതിവിധിയില്‍ കൂടുതല്‍ പ്രതികരിക്കാന്‍ മമത തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: