കീറോ: ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ച് ജയിലില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് ഹോസ്നിമുബാരക്ക് തന്നെ വധിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നതായി ആരോപിച്ചു.
“അവര്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ട്. എന്നെ രക്ഷിക്കണം, ഇതില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗം കണ്ടെത്തണമെന്ന് മുബാരക്ക് പറഞ്ഞതായി അദ്ദേഹത്തിനുവേണ്ടി വാദിക്കുന്ന മുതിര്‍ന്ന അഭിഭാഷകന് ഫരീദ് അല്‍ദീബ് അറിയിച്ചു. മുബാരക്കിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ ജയില്‍ മോചിതനാക്കണമെന്നും തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സക്കായി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ അധികൃതരോട് ആവശ്യപ്പെട്ടു.
സ്വന്തം നാട്ടില്‍ തടവുകാരനായി കഴിയുന്ന മുബാരക്കിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റണമെന്ന് അദ്ദേഹത്തിന്റെ അനുയായി മുഹമ്മദ് ബെഹ്റാന്‍ അഭിപ്രായപ്പെട്ടു. 84 കാരനായ മുന്‍ പ്രസിഡന്റിനെ ചികിത്സിക്കാന്‍ തക്ക സൗകര്യങ്ങളൊന്നും ജയിലിലെ ആശുപത്രിയിലില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ പ്രക്ഷോഭക്കാരെ വധിക്കാന്‍ ഉത്തരവിട്ടതിനാണ് ജൂണ്‍ രണ്ടിന് കീറോ ക്രിമിനല്‍ കോടതി മുബാരക്കിനെ ജീവപര്യന്തം തടവിന് വിധിച്ചത്. കീറോയ്ക്ക് സമീപമുള്ള ടോറ ജയിലിലാണിപ്പോള്‍ മുബാരക്ക്. രണ്ടുതവണനിന്നുപോയ മുബാരക്കിന്റെ ഹൃദയമിടിപ്പ് വീണ്ടെടുക്കാനായി ജയിലിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഡിഫിബ്രിലേറ്റര്‍ ചികിത്സ നല്‍കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രാലയം ഈ റിപ്പോര്‍ട്ട് നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: