പെഷവാര്‍: പാക്കിസ്ഥാനില്‍ വിവാഹത്തിന് പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്ത നാല് സ്ത്രീകളെ വധിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പോലീസും സര്‍ക്കാരും സംയുക്തമായി അന്വേഷണം നടത്താനാണ് കോടതി നിര്‍ദ്ദേശം. പാക്കിസ്ഥാനിലെ വടക്കന്‍ ഗ്രാമത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങില്‍ സ്ത്രീകള്‍ പുരുഷന്മാര്ക്കൊപ്പം നൃത്തം ചെയ്തുവെന്നാരോപിച്ചാണ് കഴിഞ്ഞയാഴ്ച്ച ഇവരെ അവിടുത്തെ ഗോത്രമേഖല വധശിക്ഷക്ക് വിധിച്ചത്. ഗോത്രാചാരങ്ങള്‍ ലംഘിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.
കഴിഞ്ഞവര്‍ഷം 1,000 ത്തോളം സ്ത്രീകളാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടതെന്ന് പാക് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം സംഭവങ്ങളിലുള്ള കൃത്യമായ കണക്ക് ഇതിലും വലുതായിരിക്കുമെന്നും ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
എന്നാല്‍ സംഭവം നടന്ന ഗ്രാമത്തില്‍ ഇത്തരത്തിലുള്ള കൊല നടന്നിട്ടുള്ളതായി അറിയില്ലെന്ന നിലപാടാണ് ആഭ്യന്തര മന്ത്രി റഹ്മാന് മാലികിനും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്ളത്. സ്ത്രീകള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിന് യാതൊരു തെളിവും പ്രാദേശിക വൃത്തങ്ങള്‍ക്ക് നല്കാന് സാധിച്ചിട്ടില്ല. തങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരത്തിലൊരു സംഭവവും നടന്നിട്ടില്ല. നീതിയാണ് ഏറ്റവും വലുത്. സ്ത്രീകള്‍ ജീവിച്ചിരിപ്പുണ്ട്, അവരെ എല്ലാവര്‍ക്ക് മുമ്പിലും ഹാജരാക്കുമെന്നും ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് പറഞ്ഞു.
ഒരു പക്ഷെ സ്ത്രീകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തന്നെയാണ് നിങ്ങളുടെ വിശ്വാസമെങ്കില്‍ അവരെ കണ്ടെത്തണമെന്നും കോടതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുസ്ലീം രാജ്യമായ പാക്കിസ്ഥാനില്‍ ഇത്തരത്തിലൊരു ക്രൂരമായ സംഭവമുണ്ടായത് രാജ്യത്തെ തന്നെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.
ഇതിനുമുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടും അതിനെതിരെ നടപടി സ്വീകരിക്കാത്തത് പാക് ഭരണഘടനയുടെ കഴിവില്ലായ്മയാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: