കെയ്റോ: ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ച് ജയിലില്‍ കഴിയുന്ന ഈജിപ്ത്യന്‍ മുന്‍ പ്രസിഡന്റ് ഹൊസ്നി മുബാറക്കിന്റെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്. എണ്‍പത്തിനാലുകാരനായ മുബാറക്ക് പലതവണ ജയിലില്‍ കുഴഞ്ഞ് വീണതായി തെഹ്റ ജയില്‍ അധികൃതര്‍ അറിയിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് മുബാറക്കിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുത്ത വിഷാദരോഗവും മുബാറക്കിനെ അലട്ടുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു. തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന മുബാറക്കിനെ പരിചരിക്കാനായി മൂത്ത പുത്രന് ഗമാലിനെ ആശുപത്രിയ്ക്ക് സമീപമുള്ള വാര്‍ഡിലേക്ക് മാറ്റി. ശരീരഭാരം കുറയുകയും നടക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്ന മുബാറക്കിനെ നിര്‍ബന്ധിച്ചാണ് ഡോകൃമാര് മരുന്ന് കഴിപ്പിക്കുന്നത്.
ജീവപര്യന്തം തടവുശിക്ഷ വിധിച്ചുള്ള ഉത്തരവിന് ശേഷം അതീവക്ഷീണിതനായി കാണപ്പെട്ട മുബാറക്കിനെ ഹെലികോപ്ടറിലാണ് കോടതിയില്‍ നിന്ന് ജയിലില്‍ എത്തിച്ചത്. എന്നാല്‍ ഹെലികോപ്ടറില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച മുബാറക്ക് തന്നെ മുമ്പ് കഴിഞ്ഞിരുന്ന സൈനികാശുപത്രിയില്‍ എത്തിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ട് മണിക്കൂറോളമെടുത്ത് വളരെ ശ്രമപ്പെട്ടാണ് ഇദ്ദേഹത്തെ ജയിലില്‍ എത്തിച്ചത്. 2011 ഏപ്രിലില്‍ അറസ്റ്റിലായ മുബാറക്ക് വിചാരണക്കാലയളവില്‍ സൈനിക ആശുപത്രിയിലെ വിഐപി സ്യൂട്ടിലായിരുന്നു കഴിഞ്ഞത്. തിങ്കളാഴ്ച മുബാറക്കിനെ കാണാന്‍ ഭാര്യ ജയിലില്‍ എത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ നില വഷളായതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
മുബാറക്കിന്റെ രണ്ട് പുത്രന്മാര്ക്കെതിരെയും അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ജനാധിപത്യപ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തതിനാണ് മുന്‍ പ്രസിഡന്റ് ഹൊസ്നി മുബാറക്കിനെ വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: