കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇതിന് ഹൈക്കോടതിയുടെ സഹകരണം തേടുമെന്നും അവരുടെ കൂടി അഭിപ്രായം അറിഞ്ഞശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നിര്‍ഭയ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ ബോധവല്‍ക്കരണത്തിനായി പഞ്ചായത്ത്തലം മുതല്‍ ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കും. കുറ്റവാളികളെ കര്‍ശന നിയമ നടപടിക്കു വിധേയരാക്കാന്‍ സംവിധാനമുണ്ടാക്കും. പുനരധിവാസത്തിനായി സംസ്ഥാനത്ത് അഞ്ചിടത്ത് കേന്ദ്രം തുറക്കുമെന്നും ആദ്യത്തേത് തവനൂരില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കായി റസിഡന്‍ഷ്യല്‍സ്കൂള്‍, വനിതകള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും ആലോചനയിലുണ്ട്. ഇവര്‍ക്ക് പൂര്‍ണ സുരക്ഷിതത്വബോധം ഉണ്ടാക്കുംവിധമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെയ്യും. പ്രത്യേകകോടതികള്‍ സ്ഥാപിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തില്‍ സാമൂഹ്യക്ഷേമവകുപ്പ് ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങള്‍ക്ക് നാം നല്കുന്ന പരിഗണനയാണ് ഈ നേട്ടങ്ങള്‍ക്ക് നിദാനം. എന്നാല്‍ സമീപകാലത്തുണ്ടായ പല സംഭവങ്ങളും നമ്മെ ഇരുത്തിചിന്തിപ്പിക്കുന്നതായിരുന്നു. സ്വന്തം വീടുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന അപായസൂചനകളാണ് ഇപ്പോള്‍ വരുന്നത്. ഇത് മുളയിലേ നുള്ളാന്‍ പാകത്തില്‍ സമൂഹമനസ്സാക്ഷി ഉണരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുറ്റവാളികളെ കര്‍ശന നടപടിക്കു വിധേയരാക്കണം. അതിനൊപ്പം പീഡനത്തിനിരയാകുന്നവരെ സംരക്ഷിക്കാന്‍ സമൂഹവും മുന്നോട്ടുവരണം. സര്‍ക്കാരിന്റെ മാത്രം പദ്ധതിയല്ല ഇതെന്നും സമൂഹത്തിന്റെ പദ്ധതിയാണെന്നും ഓരോ കേരളീയന്റേയും അഭിമാനപ്രശ്നം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഗര്‍ഭപാത്രം മുതല്‍ ശ്മശാനം വരെ സ്ത്രീകള്‍ പീഡനത്തിനിരയാകുന്ന വാര്‍ത്തകളാണ് ഇന്ന് കേരളത്തില്‍ സുലഭമെന്ന് അധ്യക്ഷത വഹിച്ച സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. കേരളത്തെ ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാകരുതെന്നും ഏതു പാതിരാവിലും സോദരിമാര്ക്ക് നിര്‍ഭയമായി സഞ്ചരിക്കാന്‍ സാഹചര്യമുണ്ടാക്കത്ലതില് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രഭക്ഷ്യസഹമന്ത്രി കെ.വി.തോമസ് മുഖ്യാതിഥിയായിരുന്നു. എക്സൈസ് മന്ത്രി കെ.ബാബു, ഹൈബി ഈഡന് എം.എല്‍.എ., മേയര്‍ ടോണി ചമ്മണി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവര്‍ പ്രസംഗിച്ചു. നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിന്റെ പ്രഖ്യാപനം മല്ലിക സാരാബായി നിര്‍വഹിച്ചു. നിര്‍ഭയ നയത്തിന്റെ മലയാളം പതിപ്പ് മന്ത്രി ഡോ. എം. കെ. മുനീര്‍ ഡോ. സുനിത കൃഷ്ണന് നല്കി പ്രകാശനം ചെയ്തു. സാമൂഹ്യക്ഷേമ ഡയറക്ടര്‍ എം.എസ്.ജയ സ്വാഗതവും ജില്ല സാമൂഹ്യക്ഷേമ ഓഫീസര്‍ സുന്ദരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: